കാമുകന്‍ അവധി ആഘോഷിക്കാന്‍ ഉത്തരാഖണ്ഡില്‍ പോയ സമയത്താണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതി അവനു വേണ്ടി പരീക്ഷയെഴുതാന്‍ തയ്യാറായത്.
പ്രേമത്തിന് കണ്ണില്ലെന്നാണ് പറയാറ്. പ്രണയത്തിലായിരിക്കുമ്പോള്‍ ആളുകള്‍ ഏതറ്റം വരെയും പോവും. തങ്ങളുടെ പങ്കാളികള്‍ക്കു വേണ്ടി എന്തു ചെയ്യാനും തയ്യാറാവും. ഗുജറാത്തിലെ ഈ യുവതിയും ചെയ്തത് അതു തന്നെയാണ്. കാമുകന് വേണ്ടി വ്യാജ ഹാള്‍ ടിക്കറ്റുണ്ടാക്കി യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതുകയായിരുന്നു അവര്‍. കാമുകന്‍ അവധി ആഘോഷിക്കാന്‍ ഉത്തരാഖണ്ഡില്‍ പോയ സമയത്താണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ യുവതി അവനു വേണ്ടി പരീക്ഷയെഴുതാന്‍ തയ്യാറായത്.
എന്നാല്‍, ഈ ശ്രമം വിജയിച്ചില്ല. യുവതിയെ പരീക്ഷാ അധികൃതര്‍ പിടികൂടി. അവരുടെ കൈയില്‍നിന്നും വ്യാജ ഹാള്‍ടിക്കറ്റ് പിടിച്ചെടുത്തു. ഇവരുടെ കാമുകനെയും കണ്ടെത്തിയിട്ടുണ്ട്. സര്‍വകലാശാല അധികൃതര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് അംഗീകരിച്ചാല്‍, യുവതിക്ക് തന്റെ സര്‍ക്കാര്‍ ജോലി നഷ്ടമാവും. അവരുടെ ഡിഗ്രി സര്‍ടിഫിക്കറ്റ് റദ്ദാവുകയും ചെയ്യും. കാമുകനാവട്ടെ, അടുത്ത മൂന്ന് വര്‍ഷം പരീക്ഷ എഴുതാന്‍ കഴിയാതാവും.
ഗുജറാത്തിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയത്. ഇവിടെയുള്ള വീര്‍ നര്‍മദ് സര്‍വകലാശാലയുടെ ബികോം അവസാന വര്‍ഷ പരീക്ഷയ്ക്കിടയിലാണ് കമുകന് വേണ്ടി യുവതി പരീക്ഷ എഴുതാന്‍ എത്തിയത്. കാമുകന്റെ ഹാള്‍ ടിക്കറ്റിലുള്ള ഫോട്ടോയും പേരുവിവരവും മാറ്റിയാണ് യുവതി പരീക്ഷ എഴുതിയത്. അധികൃതര്‍ക്കാര്‍ക്കും സംശയം തോന്നിയിരുന്നില്ല. കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിനിടയിലാണ് പ്രശ്‌നം ഉടലെടുത്തത്.
പരീക്ഷ എഴുതുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് സംശയം തോന്നിയത്. കഴിഞ്ഞ ദിവസം ഒരു ആണ്‍കുട്ടി ഇരുന്ന് പരീക്ഷ എഴുതിയ സ്ഥലത്ത് ഇപ്പോള്‍ പെണ്‍കുട്ടിയാണ് ഇരിക്കുന്നതെന്ന് അവന്‍ പരീക്ഷാ ഇന്‍വിജിലറേറ്ററെന അറിയിച്ചു. അവര്‍ പെണ്‍കുട്ടിയുടെ അടുത്തു വന്ന് ഹാള്‍ടിക്കറ്റ് പരിശോധിച്ചു. തുടര്‍ന്ന് സൂപ്പര്‍ വൈസര്‍ എത്തി വിശദമായ പരിശോധന നടത്തിയപ്പോഴാണ് യുവതി കുടുങ്ങിയത്. സ്വന്തം വീട്ടുകാര്‍ അറിയാതെയായിരുന്നു യുവതി ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതാന്‍ എത്തിയത്.
തുടര്‍ന്ന്, ഇക്കാര്യം സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സര്‍വകലാശാലാ സമിതി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. യുവതിയെയും കാമുകനെയും വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന്, അന്വേഷണ സമിതി റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചു. സിന്‍ഡിക്കേറ്റ് യോഗം ഈ റിപ്പോര്‍ട്ട് പരിശോധിച്ച് അന്തിമ തീരുമാനം എടുക്കും. സാധാരണ നിലയില്‍ പരീക്ഷാ ഹാളില്‍ ആള്‍മാറാട്ടം നടന്നാല്‍, പരീക്ഷ എഴുതിയ ആളുടെ സര്‍വകലാശാലാ സര്‍ടിഫിക്കറ്റുകള്‍ റദ്ദാക്കുകയാണ് ചെയ്യുക. ബിരുദ സര്‍ടിഫിക്കറ്റ് റദ്ദാവുന്നതോടെ അതുപയോഗിച്ച് ലഭിച്ച ജോലിയില്‍നിന്നും ഇവര്‍ പുറത്താവും. അതോടൊപ്പം തട്ടിപ്പിന് കാരണക്കാരനായ വിദ്യാര്‍ത്ഥിയുടെ കഴിഞ്ഞ പരീക്ഷാ ഫലങ്ങള്‍ റദ്ദാക്കുകയും ചെയ്യും. മൂന്ന് വര്‍ഷം പരീക്ഷ എഴുതുന്നതില്‍നിന്നും വിലക്കും ഏര്‍പ്പെടുത്തും.
