ഓട്ടോമാറ്റിക് കാറാണ് തനിക്ക് ഇഷ്ടമെന്നും അത് തന്നെ കിട്ടാനാണ് ആഗ്രഹിക്കുന്നതെന്നും അവർ മെയലിൽ സൂചിപ്പിക്കുന്നുണ്ട്. ഇനി അഥവാ തനിക്ക് കാർ സമ്മാനമായി നൽകാനോ കാർ വാങ്ങിക്കാനുള്ള പണം നൽകാനോ കമ്പനിക്ക് സാധിക്കില്ലെങ്കിൽ ഒരു കാർ വാടകക്കെങ്കിലും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
സാമൂഹിക മാധ്യമത്തിലെ പ്രമോഷനുകൾ ഏറെ ജനകീയമായ ഒരു പരസ്യ മാർഗ്ഗമായി മാറിക്കഴിഞ്ഞു. ഇത്തരത്തിൽ സാമൂഹിക മാധ്യമ പ്രമോഷൻ നടത്തുന്നതിനായി ഒരു യുവതി തനിക്ക് സൗജന്യമായി കാർ നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാർ ഫിനാൻസ് കമ്പനിക്ക് അയച്ച മെയിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പരസ്യം നൽകുന്നതിന് പ്രതിഫലമായി യുവതി ആവശ്യപ്പെട്ടത് സൗജന്യ കാറാണ്! യുവതി അയച്ച മെയിലിന്‍റെ സ്ക്രീൻ ഷോട്ട് കമ്പനി ജീവനക്കാർ റെഡിറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി നാട്ടുകാര്‍ അറിഞ്ഞതും വൈറലായതും.
താൻ 32 വയസ്സുള്ള അവിവാഹിതയായ ഒരു അമ്മയാണെന്നും താനിപ്പോൾ ഡ്രൈവിംഗ് പഠിച്ചുകൊണ്ടിരിക്കുകയാണന്നും എന്നാൽ, സ്വന്തമായി ഒരു കാർ വാങ്ങാനുള്ള ശേഷി തനിക്ക് ഇല്ലെന്നുമാണ് യുവതി മെയിലിൽ അവകാശപ്പെടുന്നത്. തനിക്ക് മകളെ സ്കൂളിൽ അയക്കാനും തിരികെ കൂട്ടിക്കൊണ്ടുവരാനും ഒരു കാർ അത്യാവശ്യമാണെന്നും അതിനാൽ ഡ്രൈവിംഗ് പഠനം പൂർത്തിയാകുമ്പോഴേക്കും തനിക്ക് സ്വന്തമായി ഒരു കാർ സൗജന്യമായി നൽകണമെന്നാണ് യുവതിയുടെ ആവശ്യം. ഇത്തരത്തിൽ സൗജന്യമായി തനിക്കൊരു കാർ നൽകിയാൽ തന്‍റെ സാമൂഹിക മാധ്യമ പേജുകളിലൂടെ പ്രമോഷൻ നൽകാമെന്നാണ് യുവതിയുടെ വാഗ്ദാനം.
ഇൻസ്റ്റാഗ്രാമിൽ 33k ഉം ഫേസ്ബുക്ക് ബിസിനസ് പേജിൽ 6k ഉം ഫേസ്ബുക്ക് ഒറിജിനൽ പേജിൽ 1k-ലധികവും ഫോളോവേഴ്സ് തനിക്ക് ഉണ്ടെന്നും യുവതി അവകാശപ്പെട്ടു. തീർന്നില്ല, ഓട്ടോമാറ്റിക് കാറാണ് തനിക്ക് ഇഷ്ടമെന്നും അത് തന്നെ കിട്ടാനാണ് ആഗ്രഹിക്കുന്നതെന്നും അവർ മെയലിൽ സൂചിപ്പിക്കുന്നുണ്ട്. ഇനി അഥവാ തനിക്ക് കാർ സമ്മാനമായി നൽകാനോ കാർ വാങ്ങിക്കാനുള്ള പണം നൽകാനോ കമ്പനിക്ക് സാധിക്കില്ലെങ്കിൽ ഒരു കാർ വാടകക്കെങ്കിലും നൽകണമെന്നും അവർ ആവശ്യപ്പെട്ടു.ഏതായാലും യുവതിക്ക് കമ്പനി ജീവനക്കാർ നൽകിയ മറുപടി 'സാധിക്കില്ല' എന്നായിരുന്നു. മെയിലിന്‍റെ സ്ക്രീൻഷോട്ട് വൈറൽ ആയതോടെ രസകരമായ കമന്‍റുകളാണ് സാമൂഹിക മാധ്യമ ഉപയോക്താക്കൾ പോസ്റ്റിന് താഴെ കുറിച്ചത്. പാവം യുവതിയെന്നും എത്രമാത്രം സത്യസന്ധമായാണ് അവൾ തന്‍റെ ആവശ്യങ്ങൾ പറയുന്നതെന്നും ചിലർ കുറിച്ചു. പണമില്ലെങ്കിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങിച്ചാൽ പോരെയെന്ന് അഭിപ്രായപ്പെട്ടവരും കുറവല്ല.
