പെട്ടെന്ന് അതുവഴി സ്കൂട്ടറിൽ വന്ന ഒരു സ്ത്രീ വണ്ടി നിർത്തി തന്റെ കൈവശമുണ്ടായിരുന്ന ഒരു പാത്രം കൊണ്ട് നായ്ക്കളെ അടിച്ചോടിക്കുന്നു. അപ്പോഴേക്കും സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവരും പുറത്തേക്ക് സഹായത്തിനായി ഓടിയെത്തുന്നു.
വൈകുന്നേരം വീടിനു പുറത്തു നടക്കാൻ ഇറങ്ങിയ യുവതിയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു. രാജസ്ഥാനിലെ ആൽവാറിൽ സായാഹ്ന നടത്തത്തിന് ഇറങ്ങിയ 18 -കാരിക്കാണ് തെരുവുനായകളുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ജെകെ നഗർ സ്വദേശിനിയായ നവ്യ എന്ന യുവതിക്കാണ് പരിക്കേറ്റത്. ആക്രമണത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ റോഡരികിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നു നീങ്ങുന്ന നവ്യയെ ലക്ഷ്യം വെച്ച് ഒരു കൂട്ടം നായ്ക്കൾ പിന്നിൽ നിന്നും പാഞ്ഞടുക്കുകയായിരുന്നു. കുരച്ചുകൊണ്ട് പിന്നാലെ ഓടിയെത്തിയ നായകളുടെ ശബ്ദം കേട്ട് നവ്യ തിരിഞ്ഞു നോക്കിയപ്പോഴേക്കും നായ്ക്കൾ കൂട്ടത്തോടെ അവളെ ആക്രമിക്കാൻ തുടങ്ങുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി ഉറക്കെ നിലവിളിക്കുകയും നായ്ക്കളെ ഓടിച്ചു വിടാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാമെങ്കിലും അത് ഫലം കാണുന്നില്ല.
പെട്ടെന്ന് അതുവഴി സ്കൂട്ടറിൽ വന്ന ഒരു സ്ത്രീ വണ്ടി നിർത്തി തന്റെ കൈവശമുണ്ടായിരുന്ന ഒരു പാത്രം കൊണ്ട് നായ്ക്കളെ അടിച്ചോടിക്കുന്നു. അപ്പോഴേക്കും സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവരും പുറത്തേക്ക് സഹായത്തിനായി ഓടിയെത്തുന്നു. തുടർന്ന് എല്ലാവരും ചേർന്ന് നായ്ക്കളെ അടിച്ചോടിക്കുകയും ഭയന്നുപോയ പെൺകുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം. എൻ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് പെൺകുട്ടിക്ക് എട്ടു തവണയിലധികം നായ്ക്കളുടെ കടി ഏറ്റിട്ടുണ്ട്.
തനിക്ക് ആ നിമിഷത്തെക്കുറിച്ച് ഓർക്കാൻ കഴിയുന്നില്ലെന്നും നായ്ക്കൾ നാലുവശത്തുനിന്നും തന്നെ പൊതിഞ്ഞു കളഞ്ഞു എന്നുമാണ് നവ്യ പിന്നീട് സംഭവത്തോട് പ്രതികരിച്ചത്. അവയിൽ നിന്നും രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഒരുതരത്തിലും ഓടി രക്ഷപ്പെടാൻ കഴിയാത്ത വിധം അവ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം തെരുവുനായ്ക്കളുടെ ശല്യം സംബന്ധിച്ച് മുനിസിപ്പൽ കോർപ്പറേഷനിൽ പലതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പ്രാദേശിക കൗൺസിലർ ഹെത്രം യാദവ് വെളിപ്പെടുത്തി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ, ഭാവിയിൽ കൂടുതൽ ഗുരുതരമായ സംഭവങ്ങൾ ഉണ്ടായേക്കാം. അധികാരികൾ ഉടൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
