തന്റെ അടുത്ത് അഞ്ച് ഉറുമ്പുകൾ വേറെയും ഉണ്ടായിരുന്നു, ആമസോണിൽ നിന്നും വാങ്ങിയ 50 ഉറുമ്പുകളെ അവയ്ക്കൊപ്പം ചേർക്കുകയായിരുന്നു എന്നും അമാൻഡ പറയുന്നു.
വളരെ വിചിത്രമായ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയിലൂടെ ശ്രദ്ധ നേടുകയാണ് മിഷിഗണിൽ നിന്നുള്ള ഒരു യുവതി. തന്റെ മക്കൾക്കായി താൻ ഒരു ഉറുമ്പ് ഫാം തുടങ്ങി എന്നാണ് യുവതി പറയുന്നത്. അതിലുള്ളത് ജീവനുള്ള 50 ഉറുമ്പുകളാണ്. ഈ ഉറുമ്പുകളെ താൻ ആമസോണിൽ നിന്നാണ് വാങ്ങിയത് എന്നും യുവതി അവകാശപ്പെട്ടു.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് കണ്ടന്റ് ക്രിയേറ്ററായ അമാൻഡ വെർനാസി (@comestayawhile) ആണ്. 'ആമസോണിൽ നിന്ന് ഉറുമ്പുകളെ വാങ്ങാൻ സാധിക്കുമെന്ന കാര്യം നിങ്ങൾക്കറിയുമോ... അതേ നിങ്ങൾ ഈ വായിച്ചത് ശരിയാണ്. ഉറുമ്പുകളെ അവയുടെ പുതിയ വീട്ടിലേക്ക് കൊണ്ടുപോകാൻ നോക്കുന്ന ഈ വീഡിയോ ദയവായി ആസ്വദിച്ചാലും' എന്ന കാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
തന്റെ അടുത്ത് അഞ്ച് ഉറുമ്പുകൾ വേറെയും ഉണ്ടായിരുന്നു, ആമസോണിൽ നിന്നും വാങ്ങിയ 50 ഉറുമ്പുകളെ അവയ്ക്കൊപ്പം ചേർക്കുകയായിരുന്നു എന്നും അമാൻഡ പറയുന്നു.
ജീവനുള്ള ഉറുമ്പുകളെ ഇങ്ങനെ വാങ്ങാൻ സാധിക്കും എന്നതും അവയെ മറ്റേതൊരു പാക്കേജും പോലെ പാക്കേജുകളാക്കി വീട്ടിൽ എത്തിക്കും എന്നതും പലർക്കും അവിശ്വസനീയമായിട്ടാണ് അനുഭവപ്പെട്ടത്. അതേസമയം യുവതിയുണ്ടാക്കിയ ഉറുമ്പ് ഫാമാണ് മറ്റ് പലരേയും അമ്പരപ്പിച്ചത്. അവർ ആ ഉറുമ്പുകളെ കഷ്ടപ്പെട്ട് കൂട്ടിൽ തന്നെയിരുത്താൻ നോക്കുന്നതും അവ രക്ഷപ്പെടാൻ വേണ്ടി പരക്കം പായുന്നതും കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം തമാശയായിട്ടുള്ള കമന്റുകളാണ് നൽകിയിരിക്കുന്നതെങ്കിൽ മറ്റ് പലരും ഇത് ക്രൂരമാണ് എന്നാണ് കമന്റുകൾ നൽകിയിരിക്കുന്നത്. പാവം ഉറുമ്പുകൾ എന്നും പലരും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്.


