നാല് വർഷം മുമ്പ് ഈ ദിവസം ഞാൻ വിവാഹമോചനം നേടി. എല്ലാ വർഷവും, ഈ ദിവസം ഞാൻ എന്റെ സ്വാതന്ത്ര്യത്തിന്റെ ദിനമായിട്ടാണ് ഓർക്കുന്നത്, അത് എനിക്ക് വളരെ അത്യാവശ്യമായിരുന്നു.

വിവാഹമോചനം വളരെ എളുപ്പമുള്ള കാര്യമല്ല ഇന്ത്യയിൽ. വളരെ അധികം ബുദ്ധിമുട്ടിയാൽ മാത്രമേ ഒരാൾക്ക് യോജിച്ച് പോകാൻ കഴിയാത്ത ബന്ധങ്ങളിൽ നിന്നും പുറത്ത് കടക്കാൻ സാധിക്കൂ. കാരണം, വേറൊന്നുമല്ല, മറ്റൊരാളുടെ ജീവിതമാണെങ്കിലും ചുറ്റുമുള്ളവർ അവരെ കുറിച്ച് അഭിപ്രായം പറയുകയും അതിൽ കേറി ഇടപെടുകയും ചെയ്യും. എന്നിരുന്നാൽ പോലും ഇന്ന് ചിലരെങ്കിലും ഇഷ്ടമില്ലാത്ത ജീവിതത്തിൽ നിന്നും പുറത്തിറങ്ങി വരാൻ ധൈര്യം കാണിക്കാറുണ്ട്. 

അതുപോലെ വിവാഹമോചനം നേടിയ ഒരു യുവതി തന്റെ വിവാഹമോചനത്തിന്റെ വാർഷികം ആഘോഷിക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചു. അത് വൈറലും ആയി. സ്വാതന്ത്ര്യത്തിന്റെ നാല് വർഷം എന്ന് പറഞ്ഞാണ് യുവതി ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. 

2019 -ലാണ് എതിർപ്പുകളൊക്കെ ഉണ്ടായിരുന്നിട്ടും യുവതി വിവാഹമോചനവുമായി മുന്നോട്ട് പോയത്. ശാശ്വതി ശിവ എന്നാണ് യുവതിയുടെ പേര്. കോപ്പി റൈറ്റർ കൂടിയാണ് യുവതി. ഒരിടത്തിരുന്ന് കാപ്പി കുടിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ചിത്രമാണ് യുവതി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം വിവാഹമോചനത്തിന്റെ വാർഷികത്തെ divorce-sary എന്നും അവർ പറയുന്നുണ്ട്. 

Scroll to load tweet…

ലിങ്ക്ഡ്ഇൻ പോസ്റ്റിൽ 2019 -ൽ വിവാഹജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചതിന് ശേഷമുള്ള മനോഹരമായ യാത്രയെ കുറിച്ചും ശാശ്വതി പറയുന്നുണ്ട്. നാല് വർഷം മുമ്പ് ഈ ദിവസം ഞാൻ വിവാഹമോചനം നേടി. എല്ലാ വർഷവും, ഈ ദിവസം ഞാൻ എന്റെ സ്വാതന്ത്ര്യത്തിന്റെ ദിനമായിട്ടാണ് ഓർക്കുന്നത്, അത് എനിക്ക് വളരെ അത്യാവശ്യമായിരുന്നു. ജീവിതത്തോട് നന്ദി തോന്നാത്ത ഒരു ദിവസം പോലും ജീവിതത്തിൽ കടന്നുപോയിട്ടില്ല എന്നും അവൾ സാമൂഹിക മാധ്യമത്തിൽ‌ കുറിച്ചു. 

വിവാഹമോചനം നേടുന്നതിന്റെ പേരിൽ ദുരനുഭവങ്ങൾ ഉണ്ടാകുന്ന സ്ത്രീകളെ സഹായിക്കാനും പിന്തുണക്കാനും ഉള്ള ശ്രമങ്ങളും ശാശ്വതി ചെയ്യുന്നുണ്ട്. വിവാഹമോചനത്തിന്റെ പേരിൽ‌ സ്ത്രീകളെ സമൂഹം മാറ്റി നിർത്തുകയും കുത്തുവാക്കുകൾ പറയുകയും അപഹസിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായി പ്രവർത്തിക്കുന്ന ആളാണ് ശാശ്വതി. അതിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ ഒരു ​ഗ്രൂപ്പും നടത്തുന്നുണ്ട്. #DivorceIsNormal എന്നാണ് അതിന്റെ പേര്.