പൂച്ച എപ്പോഴും തന്റെ കൂടെ തന്നെയാണ് ഉണ്ടാവാറ്. എന്നാൽ, സാധാരണ നല്ല ഉറക്കമായിരിക്കും അങ്ങനെ കരയുന്ന പതിവില്ല എന്നും സാം പറയുന്നു. ഒരിക്കലും പൂച്ച തന്നെ ശല്യപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഹൃദയാഘാതം ഉണ്ടായപ്പോൾ ബില്ലി തന്നെ ഉണർത്തിയത് അത്ഭുതമായിരുന്നു.

ഹൃദയാഘാതം വന്ന് മരിക്കാറായ തന്നെ രക്ഷിച്ചത് തന്റെ വളർത്തു പൂച്ചയാണ് എന്ന് യുവതി. പൂച്ചയുടെ ഉടമ സാം ഫെൽസ്റ്റെഡ് പറയുന്നത്, ഹൃദയാഘാതം ഉണ്ടായപ്പോൾ തന്നെ ഉണർത്താൻ തന്റെ നെഞ്ചിൽ ഇടിച്ചു കൊണ്ടാണ് പൂച്ച തന്റെ ജീവൻ രക്ഷിച്ചത് എന്നാണ്. 

നോട്ടിംഗ്ഹാമിലെ സ്റ്റാപ്പിൾഫോർഡിൽ നിന്നുള്ള 42 -കാരിയാണ് സാം. ഉറക്കത്തിൽ അവർക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. പുലർച്ചെ 4.30 ന് പൂച്ച അവരുടെ നെഞ്ചിലിടിച്ച് അവരെ ഉണർത്തി. ഉറക്കമുണർന്നപ്പോൾ, തന്റെ ശരീരം ചലിപ്പിക്കാൻ കഴിയുന്നില്ലെന്നും വലതുവശത്ത് വേദനയുണ്ടെന്നും അവൾ മനസ്സിലാക്കി. അതിനാൽ ഉടനെ തന്നെ സഹായത്തിനായി അമ്മ കാരെൻ ഫെൽസ്റ്റെഡിനെ വിളിച്ചു. അതിരാവിലെ അവളെ നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അവൾക്ക് ഉറക്കത്തിൽ ​ഹൃദയാഘാതം ഉണ്ടായതാണ് എന്ന് അവിടെവച്ച് ഡോക്ടർമാർ പറഞ്ഞു. 

തന്റെ പൂച്ച തന്റെ ജീവൻ രക്ഷിച്ചതായി ഇപ്പോൾ സാം കരുതുന്നു. അവൾ പറഞ്ഞു: " ഞാൻ ഉറങ്ങാൻ കിടന്നതായിരുന്നു. എനിക്ക് അപ്പോൾ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. അസുഖമോ വേദനയോ തോന്നിയിരുന്നില്ല. പുലർ‌ച്ചെ പെട്ടെന്ന് ഞാനുണർന്നു. വിയർപ്പിൽ മുങ്ങിക്കിടക്കുകയായിരുന്നു, അനങ്ങാൻ പോലും കഴിഞ്ഞില്ല. ബില്ലി എന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു. എന്നിട്ട് എന്റെ ചെവിയിൽ മ്യാവൂ മ്യാവൂ എന്ന് ഉറക്കെ കരയുകയായിരുന്നു." 

പൂച്ച എപ്പോഴും തന്റെ കൂടെ തന്നെയാണ് ഉണ്ടാവാറ്. എന്നാൽ, സാധാരണ നല്ല ഉറക്കമായിരിക്കും അങ്ങനെ കരയുന്ന പതിവില്ല എന്നും സാം പറയുന്നു. ഒരിക്കലും പൂച്ച തന്നെ ശല്യപ്പെടുത്തിയിട്ടില്ല. അതിനാൽ തന്നെ ഹൃദയാഘാതം ഉണ്ടായപ്പോൾ ബില്ലി തന്നെ ഉണർത്തിയത് അത്ഭുതമായിരുന്നു. ഈ വിവരം പറഞ്ഞപ്പോൾ തന്റെ അമ്മയും അന്തം വിട്ടു. ഒരിക്കലും ഒരു പൂച്ച അങ്ങനെ എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് കേട്ടിട്ടേയില്ല എന്നും സാം പറയുന്നു. 

അവൻ തന്നെ ഉണർത്തിയതിൽ സന്തോഷമുണ്ട്. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നത് ഓർക്കാൻ പോലും വയ്യ, സാം തന്റെ ജീവിതം തിരികെ കിട്ടിയതിലുള്ള സമാധാനത്തോടെ പറയുന്നു.