51 വയസാണ് ഡാനിയേലിന്റെ പ്രായം. തനിക്ക് കിട്ടിയ സമ്മാനമാണ് ഇങ്ങനെ മരിച്ചുപോയ മൃ​ഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് എന്നാണ് ഡാനിയേൽ പറയുന്നത്.

പലതരത്തിലുള്ള വിചിത്രങ്ങളായ വാദവുമായി വരുന്ന അനേകം പേർ ഇന്ന് ലോകത്തിൽ പലയിടങ്ങളിലും ഉണ്ട്. അതുപോലെ ഒരു സ്ത്രീ അവകാശപ്പെടുന്നത് തനിക്ക് ചത്തുപോയ മൃ​ഗങ്ങളോട് സംസാരിക്കാനാവും എന്നാണ്. അതിശയം അത് മാത്രമല്ല, മരിച്ചുപോയ തങ്ങളുടെ മൃ​ഗങ്ങൾ എന്താണ് പറയുന്നത് എന്നറിയാൻ നിരവധി ആളുകൾ ഇവർക്കരികിലേക്ക് എത്താറുമുണ്ട് എന്നതാണ്. 

ഡാനിയേൽ മക്കിന്നൻ എന്ന സ്ത്രീയുടെ ജോലി തന്നെ അതാണ്. ചത്തുപോയ മൃ​ഗങ്ങൾക്കും അവരുടെ ഉടമകൾക്കും ഇടയിൽ കമ്മ്യൂണിക്കേറ്ററായി പ്രവർത്തിക്കുകയാണ് ഡാനിയേൽ. അതായത് ആ മൃ​ഗങ്ങൾക്ക് മരണശേഷവും എന്താണ് തങ്ങളോട് പറയാനുള്ളത് എന്ന് ഡാനിയേൽ പറഞ്ഞു കൊടുക്കും. ഉടമകൾക്ക് ചോദിക്കാനുള്ള ചോദ്യവും മൃ​ഗങ്ങളോട് ചോദിക്കും. 

51 വയസാണ് ഡാനിയേലിന്റെ പ്രായം. തനിക്ക് കിട്ടിയ സമ്മാനമാണ് ഇങ്ങനെ മരിച്ചുപോയ മൃ​ഗങ്ങളോട് സംസാരിക്കാനുള്ള കഴിവ് എന്നാണ് ഡാനിയേൽ പറയുന്നത്. താൻ ഉടമകൾക്ക് അവരുടെ മരിച്ചുപോയ മൃ​ഗങ്ങളുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നു, അവർക്ക് പരസ്പരം പറയാനുള്ളത് അങ്ങോട്ടും ഇങ്ങോട്ടും പറയുന്നു എന്നും ഡാനിയേൽ പറയുന്നു. പല മൃ​ഗങ്ങളും ഞാൻ കഴിഞ്ഞ ദിവസം നിങ്ങളെ കണ്ടിരുന്നു എന്നും മറ്റുമാണത്രെ ഉടമകളോട് പറയുന്നത്. അതുപോലെ ഉടമകൾക്ക് പ്രധാനമായും മരിച്ചുപോയ തങ്ങളുടെ പ്രിയപ്പെട്ട മൃ​ഗങ്ങളോട് ചോദിക്കാനുള്ള ചോദ്യം താൻ പുതിയ ഒരു പെറ്റിനെ വാങ്ങി, അതിൽ നിനക്ക് ദുഖമുണ്ടോ എന്നാണത്രെ. 

ഏതായാലും ഡാനിയേൽ പറയുന്നത് പ്രശസ്തരടക്കം പലരും മരിച്ചുപോയ തങ്ങളുടെ വളർത്തുമൃ​ഗങ്ങൾ എന്ത് പറയുന്നു എന്ന് അറിയുന്നതിനായി തന്നെ സമീപിക്കാറുണ്ട് എന്നാണ്. എന്നാൽ, അവളുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊന്നും അവൾ പറയുന്നത് കാര്യമാക്കുന്നില്ല. അവർ അവളുടെ വാക്കുകളെ തള്ളിക്കളയുകയാണ്.