തത്ത താഴെ എത്തിയെങ്കിലും തത്തയെ രക്ഷിക്കാൻ പോയ യുവതിയും അവരുടെ മറ്റൊരു പക്ഷിയും മുകളിൽ കുടുങ്ങിപ്പോയി. അവസാനം അവർക്ക് താഴെ ഇറങ്ങാൻ റെസ്ക്യൂ ടീമിന്റെ സഹായം വേണ്ടി വന്നു.

സ്വന്തം വളർത്തുമൃ​ഗങ്ങളെയും പക്ഷികളെയും ഒക്കെ ഒരുപാട് സ്നേഹിക്കുന്നവരായിരിക്കും നമ്മൾ. ചിലപ്പോൾ അവയ്ക്ക് എന്തെങ്കിലും പറ്റുമെന്ന അവസ്ഥ വന്നാൽ ഏതറ്റം വരെയും പോകാനും നാം തയ്യാറാവാറുണ്ട്. എന്നാൽ, തന്റെ വളർത്തു തത്തയ്‍ക്ക് വേണ്ടി ഒരു യുവതി ചെയ്തത് കുറച്ച് കടന്ന കയ്യായിപ്പോയി എന്ന് പറയേണ്ടി വരും. മാത്രമല്ല, അവൾ തന്നെ താനെടുത്ത ആ തീരുമാനത്തിൽ പിന്നെ ദു:ഖിക്കുക കൂടി ചെയ്തിട്ടുണ്ടാവും. 

സംഭവം ഇങ്ങനെ: വെയിൽസിൽ നിന്നുമുള്ള യുവതിയെയാണ് സ്വന്തം തത്ത പറ്റിച്ചത്. പാറകൾക്കിടയിലൂടെ നടക്കുകയായിരുന്നു യുവതി. അവൾക്കൊപ്പം വേറെയും അനേകം പേരുണ്ടായിരുന്നു. അവർക്കെല്ലാം വളർത്തു തത്തകളും. അങ്ങനെ വളർത്തുതത്തകളും ഉടമകളുമൊക്കെയായി അടിപൊളിയായി യാത്ര തുടരുന്നതിനിടയിലാണ് അത് സംഭവിച്ചത്. 

എവിടെ നിന്നാണ് എന്ന് അറിയില്ല ഒരു കായൽപുള്ള് അങ്ങോട്ട് പറന്നുവന്നു. ഇത് തത്തകളെ പേടിപ്പിച്ചു. യുവതിയുടെ തത്ത പാറകൾക്ക് മുകളിലേക്ക് പറന്നു പോയി. എന്നാൽ, തത്തയെ പിന്തുടരാൻ തന്നെ യുവതി തീരുമാനിച്ചു. അങ്ങനെ യുവതി തത്തയെ രക്ഷിക്കാനും തനിക്കൊപ്പം കൂട്ടാനും വേണ്ടി പാറ കേറി. എന്നാൽ, അധികം വൈകാതെ തന്നെ തത്ത തിരികെ പറക്കുകയും യാത്ര നടത്തിയവരുടെ കൂട്ടത്തിലേക്ക് തന്നെ എത്തിച്ചേരുകയും ചെയ്തു. 

തത്ത താഴെ എത്തിയെങ്കിലും തത്തയെ രക്ഷിക്കാൻ പോയ യുവതിയും അവരുടെ മറ്റൊരു പക്ഷിയും മുകളിൽ കുടുങ്ങിപ്പോയി. അവസാനം അവർക്ക് താഴെ ഇറങ്ങാൻ റെസ്ക്യൂ ടീമിന്റെ സഹായം വേണ്ടി വന്നു. യുവതി റെസ്ക്യൂ ടീമിനെ ബന്ധപ്പെട്ടു. അവരെത്തിയാണ് ഒടുവിൽ അവളെ താഴെ ഇറക്കിയത്. 

ഏതായാലും, ഓഗ്വെൻ വാലി മൗണ്ടൻ റെസ്ക്യൂ ഓർഗനൈസേഷൻ ഫേസ്ബുക്കിൽ ചിത്രങ്ങൾ അടക്കം സംഭവം വിശദീകരിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് ചിരിച്ചവരാണ് ഏറെയും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?