കാമുകന്മാരിൽ ഒരാളോട് തൻറെ സഹോദരനായി വേഷമിടണമെന്നും ലി എന്ന മറ്റൊരാളെ ഇല്ലാതാക്കാൻ തന്നെ സഹായിക്കാനും ആവശ്യപ്പെട്ടതോടെ വുവിന്റെ നുണകൾ തകരാൻ തുടങ്ങി.

18 പുരുഷന്മാരെ ഒരേസമയം പ്രണയക്കെണിയിൽ കുടുക്കി കോടികൾ തട്ടിയെടുത്ത ചൈനീസ് യുവതിയുടെ കഥ വീണ്ടും വൈറലാകുന്നു. 2022 -ൽ ആണ് ചൈന മോണിംഗ് പോസ്റ്റ് 29 -കാരിയായ വു എന്ന സ്ത്രീയുടെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. വിവാഹിതയും മോഡലുമായ യുവതി ഒരേ സമയം 18 പുരുഷന്മാരെ പ്രണയിച്ച് അവരിൽ നിന്നായി തട്ടിയെടുത്തത് രണ്ടു കോടിയിലധികം രൂപയാണ്. ഒടുവിൽ തട്ടിപ്പുകൾ പുറത്തായതോടെ 28 കാരിയായ യുവതിയെ ഷാങ്ഹായ് പൊലീസ് അറസ്റ്റ് ചെയ്തു.

2017 മുതലാണ് വു ഒരേസമയം ഒന്നിലധികം പുരുഷന്മാരുമായി പ്രണയത്തിലായി തൻറെ പ്രണയക്കെണി നെയ്തു തുടങ്ങിയത്. ഒടുവിൽ ഒരേസമയം 18 പേരെ വരെ തന്റെ പ്രണയക്കെണിയിൽ ആക്കാൻ യുവതിക്ക് സാധിച്ചു. എല്ലാവരോടും ആത്മാർത്ഥമായി പ്രണയം നടിക്കുകയും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാൻ ആഗ്രഹമുണ്ട് എന്ന് അറിയിക്കുകയും ചെയ്ത യുവതി ഇവരിൽ നിന്നെല്ലാമായി പലതവണകളായി പണം വാങ്ങിത്തുടങ്ങി. ഇങ്ങനെ ഇവർ തട്ടിയെടുത്തത് രണ്ടു കോടിയിലധികം രൂപയാണെന്നാണ് പൊലീസ് പറയുന്നത്.

'പ്രേതഭർത്താവി'ന് മറ്റ് ബന്ധം, വിവാഹമോചനം നേടി എന്ന് ​ഗായിക

പലതരത്തിലുള്ള കദന കഥകൾ കാമുകന്മാരോട് പറഞ്ഞായിരുന്നു ഇവർ പണം തട്ടിയെടുത്തിരുന്നത്. ഇത്തരത്തിൽ പറഞ്ഞ നുണക്കഥകളിൽ അച്ഛൻറെ ക്യാൻസർ മുതൽ ഭാരിച്ച മെഡിക്കൽ ബില്ലുകൾ വരെ ഉൾപ്പെടുന്നു. യുവതിയെ അന്ധമായി വിശ്വസിച്ച കാമുകന്മാർ അവർ ചോദിച്ച പണം നൽകി. എന്നാൽ, കാമുകന്മാരിൽ ആർക്കും ഇവർ 2014 മുതൽ വിവാഹിതയാണെന്നും ഒരു കുട്ടിയുടെ അമ്മയാണെന്നും അറിയില്ലായിരുന്നു.

എന്നാൽ, കാമുകന്മാരിൽ ഒരാളോട് തൻറെ സഹോദരനായി വേഷമിടണമെന്നും ലി എന്ന മറ്റൊരാളെ ഇല്ലാതാക്കാൻ തന്നെ സഹായിക്കാനും ആവശ്യപ്പെട്ടതോടെ വുവിന്റെ നുണകൾ തകരാൻ തുടങ്ങി. വൂവിൻറെ പ്രവർത്തനങ്ങളിൽ സംശയം തോന്നിയ കാമുകൻ നടത്തിയ രഹസ്യാന്വേഷണത്തിലാണ് കാര്യങ്ങളെല്ലാം പുറത്തുവന്നത്. ഒടുവിൽ കാമുകൻ വിവരങ്ങൾ എല്ലാം പൊലീസിനോട് പറഞ്ഞതോടെ യുവതിയുടെ കള്ളക്കഥകൾ പൊളിയുകയായിരുന്നു. തുടർന്ന് പൊലീസ് പിടിയിലായ യുവതി താൻ കാമുകന്മാരിൽ നിന്നും തട്ടിയെടുത്ത പണം തന്റെ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചുവെന്ന് പൊലീസിനോട് സമ്മതിച്ചു.