ഡിസ്‍കൗണ്ട് നിരക്കിൽ കോസ്‍മെറ്റിക് സർജറി, 28 -കാരിക്ക് ജീവൻ നഷ്ടപ്പെട്ടു; നീതി തേടി കുടുംബം
അവളുടെ സർജറി ആദ്യം ചെയ്ത ക്ലിനിക്കിൽ അത്തരം സർജറി നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ഗബ്രിയേലയുടെ കുടുംബത്തിന്റെ ആരോപണം.

കോസ്മെറ്റിക് സർജറി ഇന്ന് വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, അതിനിടയിൽ ജീവൻ പോലും നഷ്ടപ്പെട്ടു പോയവരും ഉണ്ട്. അതുപോലെ കോസ്മെറ്റിക് സർജറിക്കിടെ മരിച്ചുപോയ തങ്ങളുടെ മകൾക്ക് നീതി വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഒരു കുടുംബം. യൂറിറ്റ്സി ഗബ്രിയേല ഗുട്ടറസ് എന്ന 28 കാരിയായ അഭിഭാഷകയ്ക്കാണ് കോസ്മെറ്റിക് സർജറിക്ക് പിന്നാലെ ജീവൻ നഷ്ടപ്പെട്ടത്.
ഒരു ക്ലിനിക്കിൽ വച്ചാണ് ഗബ്രിയേലയ്ക്ക് സർജറികൾ നടത്തിയത്. ഇവിടെ ഡിസ്കൗണ്ട് നിരക്കിലായിരുന്നു ചികിത്സ. സർജറിയിലൂടെ സൗന്ദര്യം വർധിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന ഗബ്രിയേല അതിനുവേണ്ടി പണം സ്വരൂപിക്കുകയും ചെയ്തു. ഡാനിയൽ മലഗോൺ മൊണ്ടാൽവോ എന്ന ഡോക്ടറുടെ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ നടന്നത്. ഒരു സർജറിയുടെ വിലയിൽ മൂന്ന് സർജറികൾ നടത്തും എന്നായിരുന്നു ഇയാളുടെ വാഗ്ദ്ധാനം. ഈ വാഗ്ദ്ധാനത്തെ പ്രതിരോധിക്കാൻ അവൾക്ക് സാധിച്ചില്ല. അങ്ങനെ സെപ്തംബർ 26 -ന് മെക്സിക്കോ സിറ്റിക്കടുത്തുള്ള ഇകാറ്റെപെക് ഡി മോറെലോസിൽ വച്ച് ഓപ്പറേഷൻ നടന്നു.
സർജറിക്ക് ശേഷം കുഴപ്പമൊന്നുമില്ല എല്ലാം ഓക്കെയാണ് എന്നായിരുന്നു അവൾ തന്റെ കുടുംബത്തോട് പറഞ്ഞത്. എന്നാൽ, അവൾക്ക് പിന്നീട് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ, അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക മാധ്യമമായ ഡയറിയോ ഡി യുകാറ്റൻ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഗബ്രിയേലയെ രാവിലെ ഏഴ് മണിക്കാണ് ക്ലിനിക്കിൽ പ്രവേശിപ്പിക്കുന്നത്. ഉച്ചയോടെ ശസ്ത്രക്രിയകൾ നടന്നുവെന്ന് ഡോക്ടർമാർ അവളുടെ കുടുംബത്തോട് പറഞ്ഞു.
എന്നാൽ, രാത്രി 9 മണിക്ക്, ക്ലിനിക്കിലെ സ്റ്റാഫ് അവളുടെ അമ്മയെ ബന്ധപ്പെടുകയായിരുന്നു. സർജറിയിൽ ചില കുഴപ്പങ്ങളുണ്ടായി എന്നും അവളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം എന്നുമായിരുന്നു അവർ പറഞ്ഞത്. ലാ പെർല ജനറൽ ആശുപത്രിയിൽ അവളെ ചികിത്സിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട് എന്നും അവർ അറിയിച്ചു. പിന്നാലെ അവളെ ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടുത്തെ ഡോക്ടർമാരാണ് ഗബ്രിയേലയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചേക്കാം എന്ന് കുടുംബത്തോട് പറഞ്ഞത്.
എട്ട് ദിവസം അവൾ ആ ആശുപത്രിയിൽ കഴിഞ്ഞു. ഒടുവിൽ, അവളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, എന്തൊക്കെ ചെയ്തിട്ടും അവൾ അതിജീവിച്ചില്ല. ഇപ്പോൾ, അവളുടെ കുടുംബം സംഭവത്തിൽ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അവളുടെ സർജറി ആദ്യം ചെയ്ത ക്ലിനിക്കിൽ അത്തരം സർജറി നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളൊന്നും തന്നെ ഇല്ലായിരുന്നു എന്നാണ് ഗബ്രിയേലയുടെ കുടുംബത്തിന്റെ ആരോപണം. പിന്നീട്, ചികിത്സിച്ച ആശുപത്രിയിലും മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നു. എന്നാൽ, അവളെ അവിടെ നിന്നും മാറ്റാൻ കുടുംബം ആവശ്യപ്പെട്ടിട്ടും ആശുപത്രി അനുമതി നൽകിയില്ല എന്നും കുടുംബം ആരോപിക്കുന്നു.
ഗബ്രിയേലയുടെ മരണത്തിനും ശേഷമാണ് അവളുടെ സർജറി ചെയ്തിരുന്ന ഡോക്ടർ ഡാനിയൽ മലഗോൺ മൊണ്ടാൽവോയ്ക്ക് സർജറി ചെയ്യുന്നതിനുള്ള നിയമാനുമതി ഇല്ലായിരുന്നു എന്നും ക്ലിനിക്ക് പൂട്ടാൻ നിർദ്ദേശമുണ്ടായിരുന്നു എന്നുമുള്ള വിവരം ലഭിക്കുന്നത്. ഇപ്പോൾ തങ്ങളുടെ മകൾക്ക് മരണാനന്തരമെങ്കിലും നീതി കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് അവളുടെ കുടുംബം.
ഇത്തരം സർജറികൾ ചെയ്യുമ്പോൾ സ്ഥാപനത്തെ കുറിച്ചും ഡോക്ടറെ കുറിച്ചും കൃത്യമായി അന്വേഷണം വേണം എന്നതിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: