മരിക്കുന്നതിന് തൊട്ടുമുമ്പ് അവൾ കുറിച്ചുവച്ചത്, കണ്ണ് നനയാതെ വായിക്കാനാവില്ല ആ കുറിപ്പ്...
ആൻഡ്ര്യൂ ഈ കുറിപ്പിനൊപ്പം തന്റെ പ്രിയപ്പെട്ട ഭാര്യയെ നഷ്ടപ്പെട്ടതിലുള്ള വേദന കൂടി പങ്കുവച്ചു. അവൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാനും ചെയ്യാനും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു.

പ്രിയപ്പെട്ടവരുടെ മരണം പോലെ വേദനാജനകമായ ഒരനുഭവം വേറെ കാണില്ല. ഒരു ജന്മമെടുത്താൽ പോലും ചിലപ്പോൾ നമുക്കതിന്റെ വേദനകളിൽ നിന്നും മോചനം കിട്ടണമെന്നില്ല. എന്നാൽ, താൻ മരിക്കാൻ പോവുകയാണ് എന്ന് അറിയാവുന്ന ഒരാളുടെ അനുഭവമോ? തന്റെ പ്രിയപ്പെട്ടവരോട് ഏതുനിമിഷവും തനിക്ക് യാത്ര പറയേണ്ടി വരാം എന്ന അവസ്ഥയോ?
അതുപോലെ, ഒരു യുവതി തന്റെ മരണത്തിന് മുമ്പ് ഒരു കുറിപ്പെഴുതി വച്ചു. ന്യൂയോർക്കിൽ നിന്നുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയായ കേസി മക്കിന്റൈർ എന്ന 38 -കാരിയാണ് മരണത്തിന് മുമ്പ് ആ കുറിപ്പെഴുതിയത്. അവളുടെ ഭർത്താവായ ആൻഡ്ര്യൂ തന്നെയാണ് അവളുടെ മരണശേഷം ആ കുറിപ്പ് അവളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പങ്കു വച്ചത്. ന്യൂയോർക്കിൽ നിന്നുള്ള കേസി ഈ മാസം 12 -നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. കാൻസർ നാലാം സ്റ്റേജായിരുന്നു അവൾക്ക്.
അവളുടെ കുറിപ്പിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്, “എന്റെ സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്: നിങ്ങൾ ഇത് വായിക്കുകയാണെങ്കിൽ അതിന്റെ അർത്ഥം ഞാൻ മരിച്ചു എന്നാണ്. നേരത്തെ കണ്ടെത്തിയ സ്റ്റേജ് ഫോർ ഒവേറിയൻ കാൻസറാണ് അതിന് കാരണം. ഞാൻ നിങ്ങളെ ഓരോരുത്തരെയും പൂർണമായ ഹൃദയത്തോടെ തന്നെ സ്നേഹിച്ചു, ഞാൻ നിങ്ങളോട് പ്രോമിസ് ചെയ്യുന്നു, എത്രമാത്രം ആഴത്തിലാണ് ഞാൻ സ്നേഹിക്കപ്പെട്ടത് എന്നും എനിക്കറിയാം. വിർജീനിയ, റോഡ് ഐലൻഡ്, ന്യൂയോർക്ക് എന്നിവിടങ്ങളിലുള്ള ഹോസ്പിസ് കെയറുകളിൽ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചെലവഴിക്കാൻ എനിക്ക് ലഭിച്ച അഞ്ച് മാസം ശരിക്കും മാന്ത്രികമായിരുന്നു.“
ആൻഡ്ര്യൂ ഈ കുറിപ്പിനൊപ്പം തന്റെ പ്രിയപ്പെട്ട ഭാര്യയെ നഷ്ടപ്പെട്ടതിലുള്ള വേദന കൂടി പങ്കുവച്ചു. അവൾക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ എഴുതാനും ചെയ്യാനും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. 'കേസി, നീയില്ലാതെ ഞാനെങ്ങനെയാണ് അത് പൂർത്തിയാക്കുക, എങ്കിലും ഞാനത് പൂർത്തിയാക്കും' എന്നും ആൻഡ്ര്യൂ പറയുന്നു.
വായിക്കാം: ഒരുപാട് വർഷങ്ങൾക്ക് ശേഷം അച്ഛനെ കണ്ടുമുട്ടുമ്പോൾ നിങ്ങളെങ്ങനെ പെരുമാറും, ഇതുപോലെയാണോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം