1962 -ൽ ഇറാനിലെ ടെഹ്‌റാനിലാണ് സോലിയ ജനിച്ചതെന്നും 1987 -ൽ ന്യൂസിലാൻഡ് സ്വദേശിയെ വിവാഹം കഴിച്ചതായും നഴ്‌സായി ജോലി ചെയ്തതായി രേഖകൾ കാണിക്കുന്നതായും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.

സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ച് രണ്ടു പതിറ്റാണ്ടോളം സൈക്യാട്രിസ്റ്റായി ജോലി ചെയ്ത 60 -കാരി യുകെയിൽ പിടിയിലായി. യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ജോലി ചെയ്തിരുന്ന ഇവർക്കെതിരെ നിരവധി ആരോപണങ്ങൾ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് തെളിഞ്ഞത്. എന്നാൽ, ഇതിനോടകം മനശാസ്ത്രജ്ഞ ചമഞ്ഞ് ഇവർ സമ്പാദിച്ചത് മില്യൺ പൗണ്ടിലധികം (8.16 കോടി രൂപ) ആണ്.

മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ നടന്ന വാദത്തിനിടെ സോലിയ അലേമി എന്ന തട്ടിപ്പുകാരി ന്യൂസിലാൻഡിലെ ഓക്ക്‌ലാൻഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയതായാണ് അവകാശപ്പെട്ടത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങി 20 കുറ്റങ്ങളാണ് 60 -കാരിയായ സ്ത്രീക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആറ് വർഷത്തെ പഠനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം യുകെയിലെ എല്ലാ ഡോക്ടർമാർക്കും ഉണ്ടായിരിക്കേണ്ട പ്രാഥമിക മെഡിക്കൽ യോഗ്യത ബാച്ചിലർ ഓഫ് മെഡിസിനും ബാച്ചിലർ ഓഫ് സർജറിയുമാണ്. സോലിയ തന്റെ ബിരുദത്തിന്റെ ആദ്യ ഘട്ടം പാസായി, ഹ്യൂമൻ ബയോളജിയിൽ ബിരുദം നേടി, പക്ഷേ ബാച്ചിലർ ഓഫ് മെഡിസിൻ രണ്ടാം വർഷത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇവർക്ക് വീണ്ടും പരീക്ഷ എഴുതാൻ സാധിച്ചില്ല. തുടർന്ന് ഇവർ തനിക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും വ്യാജമായി ചമച്ച് മെഡിക്കൽ പ്രാക്ടീഷണർമാരുടെ ജിഎംസി രജിസ്റ്ററിലേക്ക് പ്രവേശനം നേടുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ അറിയിച്ചു. 

1962 -ൽ ഇറാനിലെ ടെഹ്‌റാനിലാണ് സോലിയ ജനിച്ചതെന്നും 1987 -ൽ ന്യൂസിലാൻഡ് സ്വദേശിയെ വിവാഹം കഴിച്ചതായും നഴ്‌സായി ജോലി ചെയ്തതായി രേഖകൾ കാണിക്കുന്നതായും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇവർ 1998 മുതൽ 2017 വരെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഇവർ കോടതിയിൽ നിഷേധിച്ചു. കേസിന്റെ വാദം ഇനിയും ഒരാഴ്ച കൂടി നീളുമെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.