രണ്ട് വീടുകൾ മാറിയതിന് ശേഷവും കിം തന്റെ വളർത്തുമൃഗത്തിന്റെ മൈക്രോചിപ്പ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതിലൂടെയാണ് ടില്ലിയെ കണ്ടെത്തിയത്. 

പതിനേഴര വർഷം മുമ്പ് കാണാതായ ഒരു പൂച്ച(Cat)യെ കണ്ടെത്തിയാൽ ഉടമയുടെ ആശ്ചര്യമെത്രയായിരിക്കും? ഇവിടെയും അതാണ് സംഭവിച്ചത്. കാണാതായ തന്റെ പൂച്ചയെ കണ്ടെത്തിയെന്ന് പറഞ്ഞ് ഒരു കോൾ വന്നതിനെ തുടർന്ന് ആ സ്കോട്ടിഷ് വനിത(Scottish Woman) ആശ്ചര്യപ്പെട്ടു. ഇംഗ്ലണ്ടിൽ നിന്ന് മിഡ്‌ലോത്തിയനിലെ റോസ്‌വെല്ലിലേക്ക് താമസം മാറിയതിന് ശേഷം 2004 -ലാണ് കിം കോളിയറു(Kim Collier)ടെ പൂച്ചയെ കാണാതാവുന്നത്. ടില്ലി എന്നായിരുന്നു പൂച്ചയുടെ പേര്.

തന്റെ പൂച്ചയെ കണ്ടെത്തുന്നതിനായി കിം പോസ്റ്ററുകളും വച്ചു. എന്നാൽ, മാസങ്ങളോളം കഴിഞ്ഞിട്ടും ഒരു വിവരവും കിട്ടിയില്ല. അതോടെ അവരുടെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. എന്നാൽ, ചൊവ്വാഴ്ച രാത്രി ഒരു എസ്എസ്പിസിഎ ഉദ്യോഗസ്ഥൻ ടില്ലി എന്ന പൂച്ചയുടെ ഉടമയാണോ എന്ന് ചോദിച്ച് ഫോണിൽ വിളിച്ചപ്പോൾ അവൾക്ക് അത്ഭുതം അടക്കാനായില്ല.

ഡെയ്‌ലി റെക്കോർഡിനോട് സംസാരിച്ച 39 -കാരി പറഞ്ഞു: "എനിക്ക് ടില്ലി എന്ന് വിളിക്കുന്ന ഒരു പൂച്ചയുണ്ടോ എന്ന് ചോദിച്ച് എസ്‌എസ്‌പി‌സി‌എ എന്നെ വിളിച്ചു, വളരെ കാലം മുമ്പുണ്ടായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. അവൾ തന്റെ വാനിന്റെ പിറകിൽ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി." അതൊരു വല്ലാത്ത അനുഭവമായിരുന്നു എന്നും കിം പറഞ്ഞു. 

പതിനേഴര വർഷത്തിന് ശേഷമാണ് കിം തന്റെ പ്രിയപ്പെട്ട പൂച്ചയുമായി വീണ്ടും ഒന്നിക്കുന്നത്. ഒരു ദശാബ്ദത്തിനുമുമ്പ് കാണാതായ അതേ പ്രദേശത്ത് തന്നെ തന്റെ വളർത്തുമൃഗത്തെ കണ്ടെത്തിയതിൽ അവൾ ആശ്ചര്യപ്പെട്ടു. രണ്ട് വീടുകൾ മാറിയതിന് ശേഷവും കിം തന്റെ വളർത്തുമൃഗത്തിന്റെ മൈക്രോചിപ്പ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടായിരുന്നു. അതിലൂടെയാണ് ടില്ലിയെ കണ്ടെത്തിയത്. 

അവൾ പറഞ്ഞു: "ഞാൻ അവളെ ഇനിയൊരിക്കലും കാണുമെന്ന് കരുതിയിരുന്നില്ല. കോൾ വന്നപ്പോൾ ഞാൻ പൂർണ്ണമായും ഞെട്ടി, സമ്മർദ്ദത്തിലായി. ഞാൻ ചിന്തിക്കുകയായിരുന്നു, ഞാൻ മൂന്ന് വളർത്തുമൃഗങ്ങളെ എങ്ങനെ പരിപാലിക്കുമെന്ന്. പക്ഷേ, അവൾ എന്റെ പൂച്ചയാണ്. അതിനാൽ ഞാൻ അവളെ ഉപേക്ഷിക്കാൻ പോകുന്നില്ല."

ഒരു പ്രദേശവാസിയാണ് പൂച്ചയെ കണ്ടെത്തുന്നതും കിമ്മുമായി ബന്ധപ്പെടുന്നതും. അവൾ ഇപ്പോൾ കിം ജോലി ചെയ്യുന്ന പെന്റ്‌ലാൻഡ് വെറ്ററിനറി ക്ലിനിക്കിൽ പാലിയേറ്റീവ് കെയറിലാണ്.