Asianet News MalayalamAsianet News Malayalam

പാരീസിൽ നിന്നും ഇന്ത്യ കാണാനെത്തി, ടൂർ ​ഗൈഡിനോട് പ്രണയം, ഒടുവിൽ ഇന്ത്യയിൽ വിവാഹം

ഹൽദി മുതൽ മെഹന്ദി വരെയുള്ള എല്ലാ ഇന്ത്യൻ വിവാഹ ചടങ്ങുകളും അവിടെ നടന്നു. ഈ വ്യത്യസ്ത വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും ആളുകൾ എത്തി.

woman from paris came all the way to india to marry bihari man
Author
Bihar, First Published Nov 24, 2021, 10:46 AM IST

പ്രണയം(Love) ആർക്കും, എപ്പോൾ വേണമെങ്കിലും സംഭവിക്കാം. അതിന് പ്രായ, ദേശ, കാല വ്യത്യാസങ്ങളൊന്നുമില്ല. എത്ര ദൂരെയാണെങ്കിലും, സമയമാകുമ്പോൾ അത് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടും. ബിഹാറുകാരനായ രാകേഷിനും അങ്ങനെ ഒരു ദിവസമുണ്ടായിരുന്നു. അങ്ങ് ദൂരെ ഫ്രാൻ‌സിൽ നിന്ന് ഫ്‌ളൈറ്റും പിടിച്ചായിരുന്നു പ്രണയമെത്തിയത്. പേര് മേരി ലോറി ഹെറൽ(Mary Lori Heral). ഇന്ത്യ ചുറ്റിക്കാണാൻ എത്തിയതായിരുന്നു അവൾ. പെട്ടെന്ന് തന്നെ അവർ തമ്മിൽ അടുത്തു. പിന്നീടുള്ള ആറ് വർഷം അസ്ഥിയ്ക്ക് പിടിച്ച പ്രണയമായിരുന്നു. ഒടുവിൽ ഇപ്പോൾ അവർ വിവാഹിതരായിരിക്കയാണ്. അവരുടെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.  

ബെഗുസാരായിയിലെ കതാരിയ ഗ്രാമ(Katharia village in Begusarai)ത്തിലാണ് രാകേഷ് വളർന്നത്, എന്നാൽ മേരിയാകട്ടെ ഫാഷൻ തലസ്ഥാനമായ പാരീസിലും. അവിടെ ഒരു  ബിസിനസുകാരിയായ അവൾ ആറ് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ വന്നപ്പോൾ അവളുടെ ടൂർ ഗൈഡായിരുന്നു രാകേഷ്. ആ സമയം രാകേഷ് ഡൽഹിലായിരുന്നു താമസം. അവർ ഒരുമിച്ച് സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. ഒടുവിൽ അവൾ തിരികെ പോകുമ്പോൾ അവളുടെ മനസ്സിൽ രാകേഷിനോടുള്ള പ്രണയവുമുണ്ടായിരുന്നു. പിന്നീട്, ഫോണിലൂടെ ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞു.  

അവർക്കിടയിൽ കാതങ്ങളുടെ ദൂരം ഉണ്ടായിരുന്നിട്ടും, അവരുടെ പ്രണയം ശക്തിപ്പെട്ടു കൊണ്ടിരുന്നു. മൂന്ന് വർഷത്തിന് ശേഷം മേരി രാകേഷിനെ പാരീസിലേക്ക് ക്ഷണിച്ചു. അവിടെ തന്നോടൊപ്പം ഒരു ടെക്സ്റ്റൈൽ ബിസിനസ്സ് ആരംഭിക്കാൻ മേരി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയതോടെ, ആ ബന്ധം കൂടുതൽ ദൃഢമായി. ഒടുവിൽ ഇനി പിരിയാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെ, അവർ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഇന്ത്യൻ സംസ്‌കാരത്തിനോട് മേരിക്ക് വലിയ താല്പര്യമാണ്. അതുകൊണ്ട് തന്നെ, അവൾ ഇന്ത്യയിൽ വന്ന് വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. അങ്ങനെ ഇരുവീട്ടുകാരുടെയും സമ്മതം തേടിയ ശേഷം ഞായറാഴ്ച മേരിയും രാകേഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ചടങ്ങിൽ പങ്കെടുക്കാൻ ഫ്രാൻസിൽ നിന്ന് എത്തിയ മേരിയുടെ കുടുംബാംഗങ്ങൾ നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

ഹൽദി മുതൽ മെഹന്ദി വരെയുള്ള എല്ലാ ഇന്ത്യൻ വിവാഹ ചടങ്ങുകളും അവിടെ നടന്നു. ഈ വ്യത്യസ്ത വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ സമീപ ഗ്രാമങ്ങളിൽ നിന്ന് പോലും ആളുകൾ എത്തി. വൻ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ദമ്പതികൾ ഒരാഴ്ച ഇന്ത്യയിൽ താമസിച്ചതിന് ശേഷം പാരീസിലേക്ക് മടങ്ങും. അതേസമയം ഫ്രഞ്ച് വധുവിനെ ഒരു നോക്ക് കാണാൻ തിക്കിത്തിരക്കുകയാണ് ഇപ്പോൾ ഗ്രാമീണർ.   

Follow Us:
Download App:
  • android
  • ios