'ക്ഷമിക്കണം, എനിക്കിത് ചെയ്യാതെ പറ്റില്ലായിരുന്നു' എന്ന് പറഞ്ഞ് ചിരിച്ചാണ് മാനേജര്‍ അതിക്രമം കാട്ടിയതെന്നും യുവതി പരാതിയില്‍ പറയുന്നു. Photo: Representational Image / Gettyimages

ജോലിസ്ഥലത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിക്ക് നഷ്ടപരിഹാരമായി 90 ലക്ഷം രൂപ നല്‍കാന്‍ വിധി . ജോലിക്കിടെ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട ഐറിഷ് വനിതയ്ക്കാണ് 90,000 പൗണ്ട് കമ്പനിയുടമ നഷ്ടപരിഹാരമായി നല്‍കണമെന്ന് സ്തീ -പുരുഷ തുല്യതയ്ക്കു വേണ്ടിയുള്ള ഇക്വാലിറ്റി കമീഷന്‍ വിധിച്ചത്. ഏകദേശം 90 ലക്ഷം രൂപയോളം വരും ഇത്. സ്റ്റാഫ് മീറ്റിംഗിനിടെ, മാനേജര്‍ ലൈംഗികാതിമ്രം കാട്ടിയെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. 

2021 ലാണ് പരാതിക്കിടയായ സംഭവമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അയര്‍ലന്റിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയായ യുവതിക്കാണ് മോശം അനുഭവമുണ്ടായത്. സ്റ്റാഫ് മീറ്റിംഗിനിടെ മാനേജര്‍ തന്നോട് തിരിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടുകയും എല്ലാവരുടെയും മുന്നില്‍ വെച്ച് പിന്‍ഭാഗത്ത് ഒരു റൂളര്‍ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. 'ക്ഷമിക്കണം, എനിക്കിത് ചെയ്യാതെ പറ്റില്ലായിരുന്നു' എന്ന് പറഞ്ഞ് ചിരിച്ചാണ് മാനേജര്‍ അതിക്രമം കാട്ടിയതെന്നും യുവതി പരാതിയില്‍ പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന ഈ ലൈംഗിക അതിക്രമത്തെ എല്ലാവരും തമാശയായാണ് എടുത്തതെന്നും യുവതി ആരോപിച്ചു.

സ്ഥാപനത്തിലെ മേല്‍ ഉദ്യോഗസ്ഥരോട് ഇക്കാര്യത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ എല്ലാവരും, തന്നെയാണ് കുറ്റപ്പെടുത്തിയതെന്നും തന്റെ പരാതി കണക്കിലെടുക്കാന്‍ ആരും തയ്യാറായില്ല എന്നും യുവതി പറയുന്നു. വസ്ത്രധാരണം മോശമായതിനാലാണ് ഇത്തരത്തിലുള്ള സമീപനം മറ്റുള്ളവരില്‍ നിന്നും ഉണ്ടാകുന്നത് എന്നാണ് അന്ന് മേലുദ്യോഗസ്ഥര്‍ പറഞ്ഞതെന്നും യുവതി മൊഴി നല്‍കി.

തുടര്‍ന്ന്, പ്രശ്‌നം പരിഹരിക്കാതെ ഓഫീസിലേക്ക് തിരികെ വരില്ല എന്ന് യുവതി മേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ പ്രശ്‌നപരിഹാരം ചര്‍ച്ചചെയ്യുന്നതിന് ഒരു കോഫി ഷോപ്പില്‍ വരാന്‍ യുവതിയോട് സ്ഥാപനമേധാവികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കോഫി ഷോപ്പില്‍ വെച്ച് ഇത്തരം കാര്യം ചര്‍ച്ച ചെയ്യുന്നത് അനുചിതം എന്ന് തോന്നിയ യുവതി അതില്‍ നിന്നും പിന്മാറി. ഇതിനിടയില്‍ യുവതിയെ അടിച്ച ഉദ്യോഗസ്ഥന്‍ രാജിവെക്കുകയും ചെയ്തു.

തുടര്‍ന്നാണ് യുവതി ഇക്വാലിറ്റി കമ്മീഷനു മുന്‍പാകെ പരാതിയുമായി എത്തിയത്. ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് ഈ സംഭവമെന്നാണ് ഇക്വാലിറ്റി കമ്മീഷന്‍ ചീഫ് കമ്മീഷണര്‍ ജെറാള്‍ഡിന്‍ മക്‌ഗേ ഇതേക്കുറിച്ച് പ്രതികരിച്ചത്. പരാതിയുമായി മുന്നോട്ട് വരാന്‍ കാണിച്ച യുവതി ധൈര്യത്തെ അഭിനന്ദിക്കുന്നതായും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് യുവതിക്ക് നഷ്ടപരിഹാരമായി 90 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവായത്.