ഇപ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്നതോടെ തൻറെ അയൽവക്കക്കാർക്കും നാട്ടുകാർക്കും അവ സൗജന്യമായി വിതരണം ചെയ്യുകയാണ് സിൻഡി സ്മിത്ത്.
ഓൺലൈൻ ഓർഡറുകൾ ഒന്നും നടത്താതെ അമേരിക്കൻ യുവതിയെ തേടിയെത്തിയത് ആമസോണിന്റെ നൂറോളം പാക്കേജുകൾ. വിർജീനിയയിൽ താമസിക്കുന്ന സിൻഡി സ്മിത്ത് എന്ന സ്ത്രീയുടെ വീടാണ് ഇപ്പോൾ ആമസോൺ പാക്കേജുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നത്.
അത്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഇതിൽ ഒരു പാക്കേജ് പോലും സിൻഡി സ്മിത്ത് ഓർഡർ ചെയ്തതല്ല എന്നതാണ്. ലിക്സിയോ ഷാങ് എന്ന് പേരുള്ള ഒരാളുടെ പേരിലുള്ളതാണ് ഈ പാക്കേജുകൾ എല്ലാം. എന്നാൽ, ഈ വ്യക്തി ആരാണെന്നോ ഈ വ്യക്തിയും തന്റെ വീടും തമ്മിലുള്ള ബന്ധം എന്താണെന്നോ സിൻഡി സ്മിത്തിന് അറിഞ്ഞുകൂടാ. തൻറെ വീട് ഇത്തരത്തിൽ ഒരു ഡെലിവറി കേന്ദ്രമായത് എങ്ങനെയാണ് എന്നത് തന്നെ അത്ഭുതപ്പെടുത്തുകയാണെന്ന് സിൻഡി സ്മിത്ത് പറയുന്നു.
FedEx, Amazon എന്നിവയുൾപ്പെടെ ഒന്നിലധികം കാരിയറുകളിൽ നിന്ന് വന്ന നൂറിലധികം പാക്കേജുകൾ ആണ് ഇവരുടെ വീട്ടിൽ ഉള്ളത്. ഈ പാക്കേജുകളിൽ 1,000 ഹെഡ്‌ലാമ്പുകൾ, 800 ഗ്ലൂ ഗണ്ണുകൾ, കുട്ടികളുടെ ബൈനോക്കുലറുകൾ എന്നിങ്ങനെയുള്ള വസ്തുക്കളാണ് ഉള്ളത്. ഇപ്പോൾ സിൻഡി സ്മിത്തിന്റെ വീടിൻറെ സിറ്റൗട്ടും ബേസ്‌മെന്റും മുഴുവൻ ഡെലിവറി പാക്കേജുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ഇപ്പോൾ സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്നതോടെ തൻറെ അയൽവക്കക്കാർക്കും നാട്ടുകാർക്കും അവ സൗജന്യമായി വിതരണം ചെയ്യുകയാണ് സിൻഡി സ്മിത്ത്. ഏറെനാൾ കാത്തിരുന്നിട്ടും ഉടമസ്ഥർ അന്വേഷിച്ച് വരാത്തതിനാലും ആർക്കും ഉപകാരപ്പെടാതെ നശിപ്പിച്ചു കളയണ്ട എന്ന് കരുതിയും ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നാണ് ഇവർ പറയുന്നത്.
ആദ്യം തന്നെ ആരെങ്കിലും മനപൂർവ്വം ചതിയിൽപ്പെടുത്താൻ ശ്രമിക്കുന്നതാണോ എന്നാണ് കരുതിയിരുന്നത് എന്നും എന്നാൽ ഇപ്പോൾ മനസ്സിലാക്കുന്നത് ഈ സംഭവത്തിന് മറ്റൊരു 'വെണ്ടർ റിട്ടേൺസ്' പദ്ധതിയുമായി ബന്ധമുണ്ടെന്നാണെന്നും അവർ പറഞ്ഞു. വെണ്ടർ റിട്ടേൺസ് പദ്ധതിയിൽ വിൽപ്പനക്കാർ ഓൺലൈൻ ഷോപ്പിംഗ് കേന്ദ്രങ്ങളിൽ നിന്ന് വിറ്റഴിക്കാത്ത ഉൽപ്പന്നങ്ങൾ റാൻഡം വിലാസങ്ങളിലേക്ക് അയച്ച് നീക്കം ചെയ്യുന്നത് പതിവാണ്. അത്തരത്തിൽ ആയിരിക്കാം തൻറെ വീട്ടു വിലാസത്തിൽ പാക്കേജുകൾ എത്തിയതെന്നും ഇവർ പറയുന്നു.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട സമഗ്രമായി അന്വേഷണം നടത്തിവരികയാണെന്ന് ആമസോൺ പറഞ്ഞു. പാക്കേജുകളിൽ പേരുള്ള ലിക്സിയോ ഷാങ് എന്ന വ്യക്തയുടെ അക്കൗണ്ട് അടച്ചുപൂട്ടുകയും ചെയ്തുവെന്നും കമ്പനി അറിയിച്ചു.
