Asianet News MalayalamAsianet News Malayalam

ഡോക്ടർമാർ വരെ മരിച്ചതായി വിധിയെഴുതി, അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ വന്ന് യുവതി

ഡോക്ടർമാർ മരണം വിധിച്ച അഡേല പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു. കണ്ണുകൾ അനക്കാൻ തുടങ്ങി. യെസ് ആണെങ്കിൽ ഒരു തവണ നോ ആണെങ്കിൽ രണ്ട് തവണ എന്നിങ്ങനെയായിരുന്നു അവളുടെ ഇമയനക്കങ്ങൾ.

woman in coma miraculously came back to life
Author
First Published Nov 28, 2022, 12:22 PM IST

അഡേല റൂദ്ദ് എന്ന ബർമിം​ഗ്ഹാമിൽ നിന്നുമുള്ള ഇരുപത്തിയഞ്ചുകാരി കോമയിലായിരുന്നു. ജീവിതത്തിലേക്ക് തിരികെ വരാൻ വെറും അഞ്ച് ശതമാനം മാത്രമേ ചാൻസുള്ളൂ എന്നാണ് ഡോക്ടർമാർ പോലും പറഞ്ഞിരുന്നത്. അവളുടെ കഴുത്തിന് താഴെ മുഴുവനും തളർന്ന് കിടക്കുകയായിരുന്നു. ആകെ കണ്ണുകൾ മാത്രമാണ് അനക്കാൻ സാധിച്ചിരുന്നത്. ഇനി ഒരിക്കലും അവൾക്കൊരു തിരിച്ച് വരവുണ്ടാകില്ല എന്നാണ് ഡോക്ടർമാരും വീട്ടുകാരും കൂട്ടുകാരും ഒക്കെ കരുതിയിരുന്നത്. എന്നാൽ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ തിരികെ വന്നു. 

ഒരു ദിവസം വീട്ടിലേക്ക് കാറോടിച്ചു പോവുകയായിരുന്നു അഡേല. അടുത്ത് അവളുടെ കുഞ്ഞുമകനും ഉണ്ടായിരുന്നു. എന്നാൽ, പെട്ടെന്ന് അവൾക്ക് ദേഹമാകെ തളരുന്നത് പോലെയും കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും തോന്നി. ഫോൺ എടുത്ത് അച്ഛനെ വിളിക്കാൻ ആ​ഗ്രഹിച്ചു എങ്കിലും അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല. അപ്പോൾ അതുവഴി പോയൊരു യാത്രക്കാരിയാണ് അഡേലയുടെ അവസ്ഥ കണ്ട് 999 -ൽ വിളിക്കുന്നത്. ആംബുലൻസ് എത്തുമ്പോഴേക്കും അഡേലയുടെ ബോധം ഏറെക്കുറെ മറഞ്ഞിരുന്നു. 

പെട്ടെന്ന് തന്നെ അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവൾക്ക് പലതവണ സ്ട്രോക്കുകളുണ്ടായതായി ഡോക്ടർമാർ പറഞ്ഞു. അവൾ കോമയിലായി. ഡോക്ടർമാർ അവളുടെ കുടുംബത്തോട് ലൈഫ് സപ്പോർട്ട് സിസ്റ്റം എടുത്ത് മാറ്റുന്നെങ്കിൽ അങ്ങനെ ചെയ്യാം, ഇനി പ്രതീക്ഷകൾ ഒന്നും ഇല്ല എന്ന് പറഞ്ഞു. എന്നാൽ, അഡേലയ്ക്ക് മരിക്കാൻ ഒട്ടും ആ​ഗ്രഹം ഉണ്ടായിരുന്നില്ല. അതിന് കാരണം അവളുടെ കുഞ്ഞുമകൻ തന്നെ ആയിരുന്നു. ഡോക്ടർമാർ പറഞ്ഞതുപോലെ തനിക്ക് ബ്രെയിൻഡെത്ത് സംഭവിച്ചിട്ടില്ലായിരുന്നു. തനിക്കെല്ലാം കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു, പക്ഷേ പ്രതികരിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല എന്ന് മാത്രമേ ഉള്ളൂ എന്ന് അഡേല പറയുന്നു. 

ഡോക്ടർമാർ മരണം വിധിച്ച അഡേല പതിയെ ജീവിതത്തിലേക്ക് തിരികെ വന്നു. കണ്ണുകൾ അനക്കാൻ തുടങ്ങി. യെസ് ആണെങ്കിൽ ഒരു തവണ നോ ആണെങ്കിൽ രണ്ട് തവണ എന്നിങ്ങനെയായിരുന്നു അവളുടെ ഇമയനക്കങ്ങൾ. അധികം വൈകാതെ ഫിസിയോയും തെറാപ്പിയും ഒക്കെ കൊണ്ട് അവൾ ജീവിതത്തിലേക്ക് തിരികെ വന്നു. 

ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പോകുമ്പോൾ വീട് ആകെ മാറിയിരുന്നു. അവൾക്ക് ഉപയോ​ഗിക്കാൻ പാകത്തിന് ഏഴ് മാസം കൊണ്ട് അവളുടെ അച്ഛൻ ആ വീട് മാറ്റിയെടുക്കുകയായിരുന്നു. ഇപ്പോഴും അവളുടെ ഇടത് ഭാ​ഗത്ത് ചില പ്രശ്നങ്ങൾ ഒക്കെയുണ്ട് എങ്കിലും വലതുഭാ​ഗം പൂർണമായും ഭേദപ്പെട്ട് കഴിഞ്ഞു. 

എങ്ങനെ ജീവിതത്തിലേക്ക് തിരികെ വന്നു എന്ന് ചോദിച്ചാൽ അഡേലയുടെ ഉത്തരം അവളുടെ അച്ഛൻ അവൾക്ക് നൽകിയ സ്നേഹവും കരുതലും, അവൾക്ക് അവളുടെ മകനോടുണ്ടായിരുന്ന സ്നേഹവും എന്നാണ്. ഇപ്പോൾ അഡേലയുടെ അച്ഛൻ മരിച്ചു. അവളുടെ മകന് ഏഴ് വയസായി. അവന് വേണ്ടതെല്ലാം നൽകുന്ന നല്ലൊരമ്മയായിരിക്കുകയാണ് തന്റെ പരിമിതികൾക്കിടയിലും അഡേല. 

Follow Us:
Download App:
  • android
  • ios