ഏകദേശം നാല് വർഷത്തിന് ശേഷം സിറിയയിലെ റാഖയിൽ സ്ഥാപിച്ച ഖത്തീബ നുസൈബ എന്ന ഐഎസ് ഗ്രൂപ്പിന്റെ നേതാവായി മാറി ആലിസൺ. AK-47, ഗ്രനേഡുകൾ, സൂയിസൈഡ് ബെൽറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിൽ സ്ത്രീകൾക്ക് പരിശീലനം നൽകുകയായിരുന്നു അവിടെ അവളുടെ പ്രധാന ജോലി.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ വനിതാതീവ്രവാദികളുടെ സംഘത്തെ നയിച്ചുവെന്ന് സമ്മതിച്ച ഒരു യുഎസ്സുകാരിയെ 20 വർഷത്തെ തടവിന് ശിക്ഷിച്ചു. കാൻസസിൽ നിന്നുള്ള 42 -കാരിയായ ആലിസൺ ഫ്ലൂക്ക്-എക്രെനാണ് കുറ്റം സമ്മതിച്ചത്. എട്ട് വർഷത്തിനിടെ ഇറാഖ്, സിറിയ, ലിബിയ എന്നിവിടങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായി ആലിസൺ സമ്മതിച്ചു.
ആലിസൺ നൂറിലധികം സ്ത്രീകൾക്ക് ആയുധപരിശീലനമടക്കം നൽകി. അതിൽ 10 വയസുള്ള കുട്ടി വരെയും പെടുന്നു. ജൂണിൽ അവൾ കുറ്റം സമ്മതിച്ചു. നിയമം കൊണ്ട് അനുവദനീയമായ പരമാവധി ശിക്ഷ അവൾ ചെയ്ത കുറ്റങ്ങൾക്ക് പര്യാപ്തമല്ലെങ്കിൽ അതിനനുസരിച്ച് തന്നെ ശിക്ഷ നൽകണം എന്ന് ശിക്ഷാവിധിക്ക് മുന്നോടിയായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. എന്നാൽ, അവളുടെ അഭിഭാഷകർ പറഞ്ഞത് യുദ്ധത്തിൽ തകർന്ന സിറിയയിലെ അനുഭവങ്ങൾ അവൾക്ക് മാനസികാഘാതമായിട്ടുണ്ട്, അതിനാൽ ശിക്ഷ കുറക്കണം എന്നാണ്.
കോടതി രേഖകൾ പ്രകാരം കൻസസിലെ ഓവർബ്രൂക്കിലാണ് മുൻ അധ്യാപിക കൂടിയായ ആലിസൺ വളർന്നത്. പിന്നീട്, ഐഎസ്സിൽ ചേർന്ന് തീവ്രവാദപ്രവർത്തനം നടത്തുകയായിരുന്നു. കഴിഞ്ഞ കാലങ്ങളിൽ നിരവധി സ്ത്രീകൾ ഐഎസ്സിന്റെ ഭാഗമായിട്ടുണ്ട്. അതിൽ ചിലർ ഐഎസ്സിന് വേണ്ടി പ്രവർത്തിച്ചു, ചിലർ പിന്നിൽ നിന്ന് പ്രവർത്തിച്ചു. എന്നാൽ, മുഴുവനും ആണുങ്ങൾ നിയന്ത്രണമേറ്റെടുത്തിരിക്കുന്ന ഐഎസ് തീവ്രവാദഗ്രൂപ്പിൽ നേതൃനിരയിലേക്ക് ഉയർന്ന് വന്ന ഒരാളെന്ന നിലയിൽ വളരെ അപൂർവമാണ് ആലിസണിന്റെ കേസ്.
റിപ്പോർട്ടുകൾ പ്രകാരം രണ്ടാമത്തെ ഭർത്താവിനൊപ്പമാണ് ആലിസൺ മിഡിൽ ഈസ്റ്റിലേക്ക് പോവുന്നത്. ഇയാൾ ലിബിയൻ തീവ്രവാദി ഗ്രൂപ്പായ അൻസാർ അൽ-ശരിയയുടെയും ഐ.എസിന്റെയും അംഗമായിരുന്നു. ഇയാൾ പിന്നീട് മരിച്ചു. ആ സമയത്തും ആലിസൺ ഇടയ്ക്കിടയ്ക്ക് കൻസാസ് സന്ദർശിച്ചിരുന്നു. 2012 -ൽ അവൾ സിറിയയിലേക്ക് കടക്കുകയും ഐഎസ്സിന്റെ സജീവ അംഗമായി മാറുകയും ചെയ്തു. ഭർത്താവ് തീവ്രവാദപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ടശേഷം അവൾ മറ്റ് പലരേയും വിവാഹം കഴിച്ചു. ഒരു ബംഗ്ലാദേശി ഡ്രോൺ സ്പെഷ്യലിസ്റ്റ് ഉൾപ്പടെ പിന്നീടുണ്ടായ രണ്ട് ഭർത്താക്കന്മാരും കൊല്ലപ്പെട്ടു.
ഏകദേശം നാല് വർഷത്തിന് ശേഷം സിറിയയിലെ റാഖയിൽ സ്ഥാപിച്ച ഖത്തീബ നുസൈബ എന്ന ഐഎസ് ഗ്രൂപ്പിന്റെ നേതാവായി മാറി ആലിസൺ. AK-47, ഗ്രനേഡുകൾ, സൂയിസൈഡ് ബെൽറ്റുകൾ എന്നിവ ഉപയോഗിക്കുന്നതിൽ സ്ത്രീകൾക്ക് പരിശീലനം നൽകുകയായിരുന്നു അവിടെ അവളുടെ പ്രധാന ജോലി. യുഎസിൽ ഭീകരാക്രമണം നടത്താൻ ആളുകളെ അവൾ റിക്രൂട്ട് ചെയ്തതായും ആരോപിക്കപ്പെടുന്നു.
ശിക്ഷാ കുറിപ്പിൽ ഫസ്റ്റ് അസിസ്റ്റന്റ് യുഎസ് അറ്റോർണി രാജ് പരേഖ്, ആലിസൺ പെൺകുട്ടികളെ ബ്രെയിൻവാഷ് ചെയ്യുകയും കൊലയാളികളാവാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയുന്നു. അവൾ ഭീകരതയുടെ പാത വെട്ടിയുണ്ടാക്കി. തന്റെ കുട്ടികളടക്കം പലരേയും ശാരീരികമായും മാനസികമായും വൈകാരികമായും ലൈംഗികമായും ചൂഷണം ചെയ്തു എന്നും പരേഖ് പറഞ്ഞു. അവളുടെ 12 കുട്ടികളിൽ രണ്ടുപേർ കോടതിക്കുള്ള കത്തിൽ അവൾ തങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന് എഴുതിയിരുന്നു. എന്നാൽ, ഐഎസ് പ്രവർത്തനങ്ങൾ അംഗീകരിക്കുന്നു എന്നും പക്ഷേ, ലൈംഗികചൂഷണം നടത്തിയിട്ടില്ല എന്നും ആലിസണിന്റെ അഭിഭാഷകർ വാദിച്ചു.
