പൂജയുടെ ഈ വിവാഹത്തിന്റെ ചിത്രങ്ങൾ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അതിൽ മഞ്ഞ വസ്ത്രം ധരിച്ച് സുന്ദരിയായ പൂജയെ കാണാം.

ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ വിവാഹം കഴിക്കണം എന്നാണ് സമൂഹത്തിന്റെ വെപ്പ്. അങ്ങനെ വിവാഹിതരാകാത്തവരെ അവർക്ക് കഴിയും വിധത്തിലെല്ലാം അവർ ഉപദേശിച്ചു കൊണ്ടിരിക്കും. ഈ വിവാഹസമ്മർദ്ദം താങ്ങുക എന്നത് വളരെ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എവിടെയും ഇറങ്ങാൻ പോലും തോന്നാത്ത വണ്ണം പലപ്പോഴും പലരും സമ്മർദ്ദത്തിനടിപ്പെട്ട് പോകാറുണ്ട്. അത് തന്നെയാണ് രാജസ്ഥാനിൽ നിന്നുമുള്ള 30 -കാരിയായ ഈ യുവതിയുടെ കാര്യത്തിലും സംഭവിച്ചത്. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി അവൾ വിവാഹം കഴിക്കാൻ സമ്മതിച്ചു. എന്നാൽ, അതൊരു സാധാരണ വിവാഹം ആയിരുന്നില്ല. 

പൂജ സിങ് എന്ന യുവതിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം സാധാരണ വിവാഹത്തിന്റെ ഒരുക്കങ്ങൾ പോലെ തന്നെ ആയിരുന്നു. ​ഗണേശപൂജയും അ​ഗ്നിക്ക് വലം വയ്ക്കലും എല്ലാം ഈ വിവാഹത്തിനും ഉണ്ടായിരുന്നു. എന്നാൽ, വരൻ മാത്രം ചടങ്ങിലുണ്ടായിരുന്നില്ല. കാരണം, വലിയ വിഷ്ണുഭക്തയായ പൂജ വിവാഹം കഴിച്ചത് ഭ​ഗവാൻ വിഷ്ണുവിനെയാണ്. 

View post on Instagram

ഡിസംബർ എട്ടിന് ജയ്പൂരിലെ ഗോവിന്ദ്ഗഢിന് സമീപമുള്ള ഗ്രാമത്തിലാണ് ഈ വ്യത്യസ്തമായ വിവാഹം നടന്നത്. പൂജയുടെ ഈ വിവാഹത്തിന്റെ ചിത്രങ്ങൾ വലിയ തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അതിൽ മഞ്ഞ വസ്ത്രം ധരിച്ച് സുന്ദരിയായ പൂജയെ കാണാം. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നതിനും അവൾക്ക് കൃത്യമായ ഉത്തരമുണ്ട്. തനിക്ക് വിവാഹം കഴിക്കുന്നതിന് താല്പര്യം ഉണ്ടായിരുന്നില്ല എന്നാണ് പൂജ പറയുന്നത്. അതിന് കാരണം മാതാപിതാക്കളാണ്. വിവാഹം അനാവശ്യമായ സംഘർഷങ്ങളും മറ്റും ഉണ്ടാക്കുമെന്നും പൂജ പറയുന്നു. 

എന്നാൽ, ചുറ്റുമുള്ളവരൊന്നും വിവാഹം കഴിക്കുന്നില്ല എന്ന അവളുടെ തീരുമാനത്തെ അം​ഗീകരിച്ചില്ല. അവസാനം അവൾ ഭ​ഗവാൻ വിഷ്ണുവിനെ വിവാഹം കഴിച്ചു. ക്ഷേത്രത്തിൽ വിഷ്ണു ഭ​ഗവാനായി ഭക്ഷണമൊരുക്കി. ഏതായാലും അവളുടെ ഈ തീരുമാനവും വലിയ തരത്തിൽ വിമർശിക്കപ്പെട്ടു. എന്നാൽ, വിഷ്ണു ഭ​ഗവാനെ വിവാഹം കഴിച്ചതിൽ സന്തോഷവതിയാണ് എന്നും ആരെന്ത് പറയുന്നു എന്നത് ​ഗൗനിക്കുന്നില്ല എന്നും പൂജ പറഞ്ഞു.