സ്ത്രീ ജൂലൈ 2009 -ലാണ് തന്റെ അവസാനത്തെ ജോലി വിട്ടത്. അവിടെ റിക്രൂട്ട്മെന്റ് പ്രോസസിലായിരുന്നു അവർ ഉത്തരവാദിത്വം വഹിച്ചിരുന്നത്. 13 വർഷം താൻ വീട്ടമ്മയായിരുന്നു എന്നും വീട്ടിലെ കാര്യങ്ങൾ വളരെ കൃത്യമായിട്ടാണ് താൻ നോക്കിയിരുന്നത് എന്നും സിവിയിൽ അവർ എഴുതിയിരുന്നു. 

സിവി തയ്യാറാക്കുക എന്നത് ചില്ലറക്കാര്യമല്ല. 'ഫസ്റ്റ് ഇംപ്രഷൻ ഈസ് ദ ബെസ്റ്റ് ഇംപ്രഷൻ' എന്ന് പറയും പോലെ ആദ്യം തന്നെ നമ്മുടെ സിവിയാണ് തൊഴിൽദാതാവിനെ ആകർഷിക്കേണ്ടത്. ഇന്ന് നല്ല കിടിലൻ, ട്രെൻഡി സിവി തയ്യാറാക്കി സമർപ്പിക്കുന്നവർ തന്നെയാണ് അധികവും. എന്നാൽ, പലപ്പോഴും ജോലിയിൽ ഇടവേള ഉണ്ടായാലും അതൊക്കെ നികത്തും വിധം എങ്ങനെ എങ്കിലും സിവി തയ്യാറാക്കി നൽകാറുണ്ട് അധികം പേരും. അതിന് കാരണം പല കമ്പനികളും കരിയറിൽ ഇടവേള വന്നവരെ ജോലിക്കെടുക്കാൻ വലിയ താല്പര്യം കാണിക്കാറില്ല എന്നത് തന്നെ. 

എന്നാൽ, ചിന്തിച്ചിട്ടുണ്ടോ, ആർക്കാണ് കരിയറിൽ ഇങ്ങനെ ഇടവേള വരുന്നത് എന്ന്? മിക്കവാറും നമ്മുടെ സ്ത്രീകൾക്കായിരിക്കും. പലർക്കും വീട് നോക്കുന്ന സമയത്ത് ജോലിക്ക് കൂടി പോകാൻ കഴിയാറില്ല. അല്ലെങ്കിൽ കുട്ടികളുണ്ടായിക്കഴിയുമ്പോൾ ആദ്യം എല്ലാവരും പറയുക അമ്മ ജോലി രാജി വയ്ക്കട്ടെ എന്നായിരിക്കും. ഏതായാലും ഇവിടെ ഒരു സ്ത്രീ തന്റെ സിവിയിൽ തന്റെ കരിയറിലെ ഇടവേളക്കാലത്ത് താൻ വീട്ടമ്മയായിരുന്നു എന്ന് എഴുതിയതാണ് ഇപ്പോൾ ചർച്ചയാവുന്നത്. 

13 വർഷത്തെ ഇടവേളയിലാണ് വീട്ടമ്മയായിരുന്നു എന്ന് സ്ത്രീ എഴുതിയിരിക്കുന്നത്. കണ്ടന്റ് മാർക്കറ്റിം​ഗ് കമ്പനിയായ ​ഗ്രോത്തിക്കിന്റെ സ്ഥാപകനായ യു​ഗാൻഷ് ചോക്രയാണ് ലിങ്ക്ഡ്ഇനിൽ സ്ത്രീയുടെ സിവി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടമ്മ എന്ന നിലയിൽ അവർക്ക് 13 വർഷത്തെ പരിചയമുണ്ട് എന്നും, ഇത് അവരെ വേറിട്ടതാക്കുന്നു എന്നും ഒപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. 

അതുപോലെ എന്തുകൊണ്ടാണ് ഈ സിവി തനിക്ക് ഇഷ്ടമായത് എന്നും അദ്ദേഹം പറയുന്നുണ്ട്. വീട് നോക്കുക എന്നത് ചെറിയ ഒരു കാര്യമല്ല. പലപ്പോഴും ജോലികളിൽ സ്ത്രീകളെ കാണാറില്ല. കുട്ടികളുള്ള ദമ്പതികൾക്കിടയിൽ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിൽ ലിം​ഗസമത്വം ഇല്ലായ്മയാണ് അതിന് പ്രധാന കാരണം. വീട്ടിലെ കാര്യങ്ങൾ നോക്കുക എന്നത് ഒരു ചെറിയ ജോലിയേ അല്ല എന്നും അദ്ദേഹം പറയുന്നു.

ചോക്ര പങ്കുവച്ച് സിവി പ്രകാരം സ്ത്രീ ജൂലൈ 2009 -ലാണ് തന്റെ അവസാനത്തെ ജോലി വിട്ടത്. അവിടെ റിക്രൂട്ട്മെന്റ് പ്രോസസിലായിരുന്നു അവർ ഉത്തരവാദിത്വം വഹിച്ചിരുന്നത്. 13 വർഷം താൻ വീട്ടമ്മയായിരുന്നു എന്നും വീട്ടിലെ കാര്യങ്ങൾ വളരെ കൃത്യമായിട്ടാണ് താൻ നോക്കിയിരുന്നത് എന്നും സിവിയിൽ അവർ എഴുതിയിരുന്നു. 

നിരവധിപ്പേരാണ് സത്യസന്ധമായി സിവി തയ്യാറാക്കി നൽകിയ സ്ത്രീയെ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദിച്ചത്. ഒപ്പം വീട്ടിലെ കാര്യങ്ങൾ മാനേജ് ചെയ്യുക എന്നത് വളരെ അധികം കഷ്ടപ്പാടും സഹനവും വേണ്ടി വരുന്ന ഒന്നാണ് എന്നും പലരും കുറിച്ചു.