ഒരുദിവസം പുലർന്നപ്പോൾ അക്കൗണ്ടിൽ 41 ലക്ഷം രൂപ, ഉടമയാരെന്നറിയില്ല, യുവതി ചെയ്തത്...
ആ പണം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ അവൾ ഒടുക്കം നിയമസഹായം തേടാൻ തീരുമാനിച്ചു. വക്കീൽ അവളോട് പറഞ്ഞത് ആ പണവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളുടേയും രേഖകളെടുത്ത് വയ്ക്കണം. അതിൽ നിന്നും 30 ദിവസത്തേക്ക് ഒറ്റരൂപാ പോലും അനക്കിപ്പോകരുത് എന്നാണ്.

ലാസ് വെഗാസിൽ നിന്നുള്ള ലൈഫ് ആൻഡ് ബിസിനസ്സ് പരിശീലകയാണ് ഏപ്രിൽലെ ഫ്രാങ്ക്സ്. അപ്രതീക്ഷിതമായി ഏപ്രിൽലെയുടെ ബാങ്ക് അക്കൗണ്ടിൽ കുറച്ച് പൈസ വന്നു. കുറച്ചെന്ന് പറഞ്ഞാൽ അത്ര കുറച്ചൊന്നുമല്ല. 41,62,000 രൂപ. നമ്മളാണെങ്കിൽ എന്തുണ്ടാവും? ഉറപ്പായും ഞെട്ടിത്തരിച്ചു പോകും അല്ലേ? എന്തായാലും എപ്രിൽലെയും ഞെട്ടി. ജൂണിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, 17 വർഷം മുമ്പാണ് അവളുടെ അക്കൗണ്ടിലേക്ക് 41,62,000 രൂപ വന്നതത്രെ.
ആരോ അബദ്ധം പറ്റി അയച്ചതായിരിക്കാം എന്നാണ് താൻ ആദ്യം കരുതിയത്. പിന്നാലെ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒക്കെ വിളിച്ചു നോക്കി. എന്നാൽ അവരെല്ലാവരും പറഞ്ഞത് തങ്ങളാരും അങ്ങനെ ഒരു പണം അക്കൗണ്ടിലേക്ക് ഇട്ടിട്ടില്ല എന്നാണ്. ശേഷം താൻ ബാങ്കുമായി ബന്ധപ്പെട്ടു. രസകരം എന്ന് പറയട്ടെ ആ പണം വന്നത് അബദ്ധത്തിലല്ല എന്നും തങ്ങളുടെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ല എന്നുമായിരുന്നു ബാങ്കിന്റെയും നിലപാട് എന്നാണ് എപ്രിൽലെ പറയുന്നത്.
ആ പണം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ അവൾ ഒടുക്കം നിയമസഹായം തേടാൻ തീരുമാനിച്ചു. വക്കീൽ അവളോട് പറഞ്ഞത് ആ പണവുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളുടേയും രേഖകളെടുത്ത് വയ്ക്കണം. അതിൽ നിന്നും 30 ദിവസത്തേക്ക് ഒറ്റരൂപാ പോലും അനക്കിപ്പോകരുത് എന്നാണ്. ഒപ്പം ഈ പണത്തിന് ആരെങ്കിലും അവകാശികളുണ്ട് എങ്കിൽ തെളിവുകളുമായി വരാം എന്നു പറഞ്ഞുകൊണ്ട് ഒരു പബ്ലിക്ക് പോസ്റ്റിടണം. ആരും വന്നില്ലെങ്കിൽ ആ പണം ഏപ്രിൽലെയ്ക്ക് എടുക്കാം എന്നും വക്കീൽ അവളോട് നിർദ്ദേശിച്ചത്രെ.
എന്നാൽ, അതിശയകരം എന്ന് പറയട്ടെ ആ പണവും ചോദിച്ച് ആരും അവളെ അന്വേഷിച്ച് വന്നില്ല. പിന്നാലെ, അവളും പങ്കാളിയും ചേർന്ന് ആ പണത്തിൽ നിന്നും തുകകളെടുത്ത് വീടുവാങ്ങുകയും കാർ വാങ്ങുകയും ഒക്കെ ചെയ്തു. ബിസിനസ്സ് പരിശീലക എന്ന രീതിയിലും താൻ വർഷത്തിൽ മോശമല്ലാത്ത ഒരു തുക സമ്പാദിക്കുന്നുണ്ട് എന്ന് അവൾ പറയുന്നു. ആരുടേതെന്നറിയാതെ വന്ന ആ 41 ലക്ഷം രൂപ എങ്ങനെ ചെലവഴിച്ചു എന്ന് കാണിച്ച് അവൾ ഒരുപാട് ടിക്ടോക്ക് വീഡിയോകളും ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും, ഉടമയാരാണ് എന്നറിയാത്ത ആ പണം സ്വന്തമാക്കി വച്ചതിനും അത് ചെലവഴിച്ചതിനും അവളെ ഒരുപാട് ആളുകൾ വിമർശിക്കുന്നുണ്ട്. അതേസമയം ഇതൊക്കെ സത്യമാണോ, അഥവാ സത്യമാണെങ്കിൽ ഇത് നിയമവിരുദ്ധമല്ലേ എന്ന് ചോദിക്കുന്നവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം