ഗുജറാത്തിലെ വഡോദരയിലാണ് ഈ കൂറ്റന്‍ ആഡംബര കോട്ടാരം സ്ഥിതി ചെയ്യുന്നത്. 

ലോകത്തിലെ ആഡംബര കൊട്ടാരങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുക ബർമിങ്ഹാം പാലസും മുകേഷ് അംബാനിയുടെ ആന്‍റിലിയയും ഒക്കെ ആയിരിക്കും. എന്നാൽ ഇവയെക്കാളെല്ലാം ആഡംബരം നിറഞ്ഞതും വില കൂടിയതുമായ മറ്റൊരു കൊട്ടാരം നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. ഗുജറാത്തിലെ വഡോദര നഗരത്തിലാണ് ലക്ഷ്മി വിലാസ് പാലസ് എന്ന ഈ കൊട്ടാരം. രാധികാരാജെ ഗെയ്ക്വാദ് എന്ന സ്ത്രീയാണ് ഈ കൊട്ടാരത്തിന്‍റെ ഇപ്പോഴത്തെ ഉടമ. വഡോദരയിലെ ഗെയ്ക്വാദ് രാജവംശത്തിലെ ഇപ്പോഴത്തെ ഏറ്റവും മുതിർന്നയാളാണ് രാധികാരാജെ ഗെയ്ക്വാദ്. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ ഇവരുടെ കുടുംബമായിരുന്നു ഗുജറാത്ത് ഭരിച്ചിരുന്നത്. 

25,000 കോടി രൂപ വിലമതിക്കുന്ന ലക്ഷ്മി വിലാസ് കൊട്ടാരത്തിലാണ് രാധികാരാജെ ഗെയ്ക്‌വാദ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തേക്കാൾ നാലിരട്ടി വലുതാണ് ലക്ഷ്മി വിലാസ് കൊട്ടാരം. ബക്കിംഗ്ഹാം കൊട്ടാരം 8,20,000 ചതുരശ്ര അടിയും മുകേഷ് അംബാനിയുടെ ആന്‍റിലിയ 48,780 ചതുരശ്ര അടിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്, എന്നാൽ ഈ കൊട്ടാരം 30 ലക്ഷം ചതുരശ്ര അടിവിസ്തീർണ്ണത്തിൽ പരന്നു കിടക്കുന്നതാണ്. ഏകദേശം 700 ഏക്കറോളം ഭൂപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ കൊട്ടാരത്തിന് നാല് നിലകളുണ്ട്.

Watch Video:കളി കണ്ട് ഗ്രൗണ്ടിലിരിക്കുന്ന അഞ്ച് വയസുകാരനെ ഇടിച്ചിട്ട് രക്ഷപ്പെടുന്ന യുവതി; സിസിടിവി വീഡിയോ വൈറൽ

പ്രശസ്ത സസ്യശാസ്ത്രജ്ഞനായ സർ വില്യം ഗോൾഡ്‌റിംഗ് രൂപകൽപ്പന ചെയ്ത മനോഹരമായ പൂന്തോട്ടങ്ങളാൽ കൊട്ടാരം ചുറ്റപ്പെട്ടിരിക്കുന്നു. ലക്ഷ്മി വിലാസ് കൊട്ടാരം 'ബറോഡ കൊട്ടാരം' എന്നും അറിയപ്പെടുന്നു. ബ്രിട്ടീഷ് എഞ്ചിനീയർ ഡിസൈനർ മേജർ ചാൾസ് മാന്‍റാണ് 1890 -ൽ ഈ കൊട്ടാരം നിർമ്മിച്ചത്. കൊട്ടാരത്തിൽ 170 -ലധികം മുറികളും ഒരു സ്വകാര്യ ഗോൾഫ് കോഴ്‌സും ഉണ്ട്. മുന്‍പത്രപ്രവർത്തകയായിരുന്നു രാധികാരാജെ ഗെയ്‌ക്‌വാദ്. 2002 -ൽ രാധികാരാജെ, മഹാരാജാ സമർജിത് സിംഗ് ഗെയ്ക്വാദിനെ വിവാഹം കഴിച്ചു. മഹാരാജ സമർജിത് സിംഗ് ഗെയ്ക്വാദ് മുമ്പ് രഞ്ജി ട്രോഫിയിൽ ഗുജറാത്ത് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു. പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചിട്ടുള്ള കൊട്ടാരമാണ് ഇതെന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടെയെത്തി 150 രൂപ കൊടുത്ത് ടിക്കറ്റ് എടുത്താൽ കൊട്ടാരത്തിന് അകത്ത് പ്രവേശിക്കാം. 150 രൂപ കൂടി അധികമായി നൽകിയാൽ രാജകുടുംബത്തിന്‍റെ ചരിത്രം പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയത്തിനുള്ളിലും പ്രവേശനം സാധ്യമാകും. 

Watch Video:'പോർഷെ 911 ഇഴഞ്ഞ് നീങ്ങിയ ഇന്ത്യന്‍ റോഡുകൾ'; വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാം