ചൈനയിൽ കുറഞ്ഞ ശമ്പളത്തിൽ പ്രതിഷേധിച്ച് ഒരു യുവതി ജോലിസ്ഥലത്ത് അഞ്ച് മണിക്കൂറോളം ഉറങ്ങി. ഉറക്കമുണർന്ന ശേഷം ബോസിന്റെ ചോക്ലേറ്റ് കഴിച്ചത് കാര്യങ്ങൾ വഷളാക്കി. കാരണം അദ്ദേഹത്തിന് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്ന അസുഖമുണ്ടായിരുന്നു. ഏതായാലും യുവതിയുടെ ഈ അസാധാരണ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. 

ന്ത്യയിൽ നോയിഡയിൽ ശമ്പളം കുറവിനെതിരെ പ്രതിഷേധിച്ച 350 ഓളം പേർക്കെതിരെ പോലീസ് കേസെടുത്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാൽ, ശമ്പളം കുറവാണെന്നതിൽ വ്യത്യസ്തമായൊരു പ്രതിഷേധം രേഖപ്പെടുത്തിയ ഒരു ചൈനീസ് യുവതിയുടെ വാർത്താണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തനിക്ക് ലഭിക്കുന്ന കുറഞ്ഞ വേതനത്തിൽ പ്രതിഷേധിച്ച് ജോലി സ്ഥലത്ത് അഞ്ച് മണിക്കൂറോളം ഉറങ്ങിയ യുവതിയുടെ വാർത്തയാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായത്. ചൈനയിലെ ഷാങ്‌ക്യൂ നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അപൂർവ്വമായ ഈ പ്രതിഷേധം അരങ്ങേറിയത്.

അഞ്ച് മണിക്കൂർ ഉറങ്ങി പ്രതിഷേധം

താൻ ജോലി ചെയ്യുന്ന കമ്പനി നൽകുന്ന ശമ്പളത്തിൽ അതൃപ്തയാണെന്നും, തൊഴിൽ സ്ഥലത്ത് താൻ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ചായിരുന്നു യുവതിയുടെ വ്യത്യസ്ത സമരം. ഈ പ്രതിഷേധത്തിന്‍റെ ഭാഗമായി ജോലി സമയത്ത് അഞ്ച് മണിക്കൂറോളം ഉറങ്ങിയ യുവതിയെ, ഉറക്കമുണർന്ന ശേഷമാണ് ബോസ് കണ്ടുപിടിച്ചത്. സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങൾക്ക് യുവതി മറുപടി നൽകി. "ഞാൻ ഇവിടെ നിന്ന് പോകില്ല. 'തുച്ഛമായ കൂലിക്ക് തുച്ഛമായ ജോലി' എന്ന തത്വം കമ്പനി ഉടമയെ ബോധ്യപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുടെ ബുദ്ധിമുട്ട് അറിയാത്തവരാണ് എന്നെ വിമർശിക്കുന്നത്," എന്നായിരുന്നു യുവതിയുടെ പ്രതികരണം.

ബോസിന്‍റെ ചോക്ലേറ്റും അടിച്ച് മാറ്റി

ഉറക്കമുണർന്നതിന് പിന്നാലെ യുവതി ബോസിന്‍റെ മേശപ്പുറത്തിരുന്ന ചോക്ലേറ്റ് എടുത്തു കഴിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ബോസിന് 'ഗ്ലൂക്കോപീനിയ' (രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥ) ഉള്ളതിനാൽ കൃത്യസമയത്ത് ആ ചോക്ലേറ്റ് ലഭിക്കാതിരുന്നത് അദ്ദേഹത്തെ തളർച്ചയിലേക്ക് നയിച്ചു. ഇതിന് പിന്നാലെ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ബോസ്, യുവതിയെ രൂക്ഷമായി വിമർശിക്കുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അനുകൂലിച്ചും പ്രതികൂലിച്ചും നെറ്റിസെൺസ്

യുവതിയുടെ ഈ അസാധാരണ പ്രതിഷേധത്തിന് വലിയ ചർച്ചകളാണ് നടക്കുന്നത്. ജോലിസ്ഥലത്ത് അഞ്ച് മണിക്കൂർ ഉറങ്ങുന്നത് പ്രതിഷേധമല്ലെന്നും അത് കേവലം ഉത്തരവാദിത്തമില്ലായ്മയാണെന്നും ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ബോസിന്‍റെ ഭക്ഷണം എടുത്തു കഴിച്ചത് തികച്ചും തെറ്റായ നടപടിയാണെന്നും അവർ വാദിക്കുന്നു. അതേ സമയം, കുറഞ്ഞ ശമ്പളം ജോലി ചെയ്യാനുള്ള മനോവീര്യം തകർക്കുന്നുവെന്നതാണ് യാഥാർത്ഥ്യമെന്നും, ജോലിസ്ഥലത്തെ കടുത്ത നിരാശയാണ് യുവതിയുടെ ഈ നടപടിക്ക് പിന്നിലെന്നും പിന്തുണയ്ക്കുന്നവർ പറയുന്നു. ചൈനീസ് തൊഴിൽ നിയമപ്രകാരം എട്ടു മണിക്കൂറാണ് തൊഴിലാളിക്ക് നിശ്ചയിച്ചിരിക്കുന്ന ജോലി സമയം.