ഒരു കുട്ടിയുടെ അമ്മയായ അവൾ മകൾ ജനിക്കുന്നതിന് മുമ്പ് തന്നെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ജോലിയ്ക്ക് കയറിയിരുന്നു. എന്നാൽ, പ്രസവാവധിയിലായിരിക്കുമ്പോൾ, ഡെലിവറി ജോലികൾ ചെയ്ത് കുറച്ച് അധിക പണം സമ്പാദിക്കാമെന്ന് അവൾ തിരിച്ചറിഞ്ഞു.
പ്രധാനജോലികളിൽ നിന്നുള്ള വരുമാനം കൂടാതെ, മറ്റ് പല ചില്ലറ ജോലികൾ ചെയ്തും നമ്മിൽ പലരും അധിക വരുമാനം നേടാൻ ശ്രമിക്കാറുണ്ട്. എന്നാൽ, നമ്മുടെ സ്ഥിരജോലിയേക്കാൾ കൂടുതൽ പണം ഇതുപോലുള്ള ചെറിയ ജോലികളിൽ നിന്ന് ലഭിച്ചാലോ? ഇത് പോലെ കുറച്ച് അധികവരുമാനത്തിനായിട്ടാണ് ഭക്ഷണം വിതരണം(delivery driver) ചെയ്യുന്ന ജോലി അറ്റ്ലാന്റ മാർട്ടിൻ(Atlanta Martin) ചെയ്തു തുടങ്ങിയത്. എന്നാൽ അതിൽ നിന്ന് അവൾ ലക്ഷങ്ങൾ സമ്പാദിക്കാൻ തുടങ്ങിയതോടെ തന്റെ മുഴുവൻ സമയ ജോലിയും ഇതിനായി അവൾ ഉപേക്ഷിച്ചു.
ഒരു ഫ്ലൈറ്റ് ഡിസ്പാച്ചറായിരുന്നു അറ്റ്ലാന്റ. എന്നാൽ പിന്നീട് കുറച്ച് കൂടി സമ്പാദിച്ചിരുന്നെങ്കിൽ എന്നവൾക്ക് തോന്നാൻ തുടങ്ങി. അങ്ങനെ കൂടുതൽ പണം നേടാനായി മറ്റെന്തെങ്കിലും ചെറിയ ജോലികൾ കൂടി ചെയ്യാമെന്ന് അവൾ തീരുമാനിച്ചു. 2019 ജൂലൈയിൽ ഒരു ഡെലിവറി ഡ്രൈവറായി അവൾ ജോലി ആരംഭിച്ചു. എന്നാൽ ഇതിൽ നിന്ന് പ്രതീക്ഷിച്ചതിലും അധികം പണം ഉണ്ടാക്കാൻ ഈ 21 -കാരിയ്ക്ക് സാധിച്ചു. കൃത്യം രണ്ട് വർഷത്തിന് ശേഷം അവൾക്ക് തന്റെ മുഴുവൻ സമയ ജോലിയായ എയർപോർട്ട് ജോലി ഉപേക്ഷിക്കാൻ വരെ സാധിച്ചു. ആഴ്ചയിൽ 1,000 പൗണ്ട് (1,00,082 രൂപ) വരെയാണ് ഇപ്പോൾ അവളുടെ സമ്പാദ്യം.
അറ്റ്‌ലാന്റയിലെ വെസ്റ്റ് സസെക്‌സിലെ വർത്തിംഗിലെ താമസക്കാരിയാണ് അറ്റ്ലാന്റ. ആഴ്ചയിൽ ഒരു ലക്ഷം രൂപ വരെ സമ്പാദിക്കുന്ന അവൾ ഇത്രയും പണം അങ്ങനെ എളുപ്പത്തിൽ നേടുകയായിരുന്നില്ല. പകരം ഒരു ദിവസം 11 മണിക്കൂർ വരെ അവൾ ജോലി ചെയ്യുന്നു. എന്നാലും ഈ ജോലിയിൽ അവൾ സംതൃപ്‌തയാണ്. "ഞാൻ സന്തോഷത്തോടെയാണ് ഈ ജോലി ചെയ്യാൻ തീരുമാനിച്ചത്. ഡെലിവറി ചെയ്യുന്ന ജോലിയായത് കൊണ്ട്, സമയം എനിക്ക് തിരഞ്ഞെടുക്കാം. എപ്പോൾ ജോലിയ്ക്ക് കയറണമെന്നും, എത്ര സമയം ചെയ്യണമെന്നും എല്ലാം എന്റെ സൗകര്യത്തിന് എനിക്ക് തീരുമാനിക്കാൻ സാധിക്കും. അതേസമയം ഡെലിവറി ചെയ്യുന്നത് സ്വയം തൊഴിലാണ്. ഇത് എന്നും കാണുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല. ഇപ്പോൾ കിട്ടുന്ന പണത്തിനും ഒരു ഗ്യാരണ്ടിയുമില്ല. പക്ഷേ എനിക്ക് ഖേദമില്ല. ഇപ്പോൾ ഞാൻ നന്നായി സമ്പാദിക്കുന്നുണ്ട്!" അവൾ പറഞ്ഞു.
ഒരു കുട്ടിയുടെ അമ്മയായ അവൾ മകൾ ജനിക്കുന്നതിന് മുമ്പ് തന്നെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ ജോലിയ്ക്ക് കയറിയിരുന്നു. എന്നാൽ, പ്രസവാവധിയിലായിരിക്കുമ്പോൾ, ഡെലിവറി ജോലികൾ ചെയ്ത് കുറച്ച് അധിക പണം സമ്പാദിക്കാമെന്ന് അവൾ തിരിച്ചറിഞ്ഞു. അറ്റ്ലാന്റ മൂന്നര വർഷത്തോളം അവിടെ ജോലി ചെയ്തു. അവളുടെ കുഞ്ഞിന് മൂന്ന് വയസ്സാകാൻ പോവുകയാണ്. മുൻപ് ജോലിയും കുഞ്ഞിനെ നോക്കലും ഒരുമിച്ച് കൊണ്ടുപോകാൻ അവൾ പാടുപെട്ടിരുന്നു. എന്നാൽ ഡെലിവറി ചെയ്യാൻ തുടങ്ങിയതിന് ശേഷം കുറിച്ച് കൂടി ഈസി ആയി അവൾക്ക് വീട്ടുകാര്യങ്ങളും, കുഞ്ഞിന്റെ കാര്യങ്ങളും എല്ലാം നോക്കാൻ സാധിക്കുന്നു. അവൾ സോഷ്യൽ മീഡിയയിൽ ഡെലിവറി ചെയ്യുന്നതിന്റെ വീഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്.
"നിങ്ങൾ എത്ര മണിക്കൂർ ചെലവഴിക്കുന്നുവോ അത്രയും കൂടുതൽ പണം സമ്പാദിക്കാം. എന്നാൽ എത്ര മണിക്കൂർ പണിയെടുക്കണം എന്നത് നിങ്ങളുടെ സൗകര്യമാണ്. 2021 ഡിസംബറിൽ രണ്ടാഴ്ചത്തേക്ക് ഞാനും എന്റെ മകളും എന്റെ പങ്കാളിയും ഡിസ്നി വേൾഡിലേക്ക് ടൂർ പോയിരുന്നു. അത് എന്റെ മകളുടെ ആദ്യത്തെ അവധിക്കാല യാത്രയായിരുന്നു. ജോലിയ്ക്ക് പോയി ഞാൻ ഇതിനകം രണ്ട് കാറുകൾ വാങ്ങി. മകളുടെ മൂന്നാം ജന്മദിനം ജൂൺ മാസത്തിലാണ്. ഇപ്രാവശ്യം ലണ്ടൻ മൃഗശാലയിലേക്കുള്ള ഒരു യാത്രയാണ് ഞങ്ങൾ പ്ലാൻ ചെയ്തിരിക്കുന്നത്," അവൾ പറഞ്ഞു.
