പ്രദേശവാസികളായ നിരവധിപ്പേർ വെള്ളപ്പൊക്കത്തിൽ പെട്ടെങ്കിലും നാട്ടുകാരുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും ദ്രുതഗതിയിലുള്ള ഇടപെടലിൽ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചു.

തുടർച്ചയായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി. ബിഹാറിൽ നിന്നുള്ള ഈ രക്ഷാപ്രവർത്തനത്തിൻ്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മഴയിൽ ബിഹാറിലെ ഗയയിൽ ഫാൽഗു നദിയിലെ ജലനിരപ്പ് അപ്രതീക്ഷിതമായി ഉയർന്നതിനെ തുടർന്നാണ് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിഹാറിലെ ഗയയിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇതോടെ ഫാൽഗു നദിയിലെ ജലനിരപ്പ് ഉയരുകയും വ്യാഴാഴ്ച അപകടകരമായ നിലയിൽ കവിയുകയുമായിരുന്നു. തൊട്ടടുത്ത പ്രദേശങ്ങൾ മുഴുവൻ ഇപ്പോൾ വെള്ളത്തിൽ മുങ്ങി കിടക്കുകയാണ്.

പ്രദേശവാസികളായ നിരവധിപ്പേർ വെള്ളപ്പൊക്കത്തിൽ പെട്ടെങ്കിലും നാട്ടുകാരുടെയും എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെയും ദ്രുതഗതിയിലുള്ള ഇടപെടലിൽ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്ന രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ പിടിഐ ആണ് എക്‌സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെള്ളപ്പൊക്കത്തിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ നാട്ടുകാരും എൻഡിആർഎഫ് ഉദ്യോഗസ്ഥരും ഒരുമിച്ച് പ്രവർത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിൽ കാണാം.

Scroll to load tweet…

അപകടത്തിൽപ്പെട്ടു പോയവർക്ക് കയറുകളും മറ്റും എറിഞ്ഞു കൊടുത്ത് സുരക്ഷിതമായ ഒരു പാലത്തിനു മുകളിലേക്ക് സുരക്ഷാപ്രവർത്തകർ ഇവരെ വലിച്ചു കയറ്റി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കൂടാതെ വെള്ളപ്പൊക്കത്തിൽ നദിയും മറ്റു പ്രദേശങ്ങളും കരകവിഞ്ഞൊഴുകുന്നതും വീഡിയോയിൽ കാണാം. ഇത്തരത്തിൽ പതിമൂന്നോളം ആളുകളെ അവിടെ നിന്നും രക്ഷപ്പെടുത്തിയതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

ബുധനാഴ്ച നാരായണി നദിക്ക് കുറുകെയുള്ള പാലം ഒലിച്ചുപോയതിനെത്തുടർന്ന് ഉത്തർപ്രദേശിലെ കുശിനഗർ, മഹാരാജ്ഗഞ്ച് ജില്ലകളിലെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടുപോയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കനത്ത മഴയും നേപ്പാളിൽ നിന്നുള്ള വെള്ളം തുറന്നുവിടലും ആണ് വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.