Asianet News MalayalamAsianet News Malayalam

13 വർഷം മുമ്പ് നദിയിൽ നഷ്ടപ്പെട്ട ക്യാമറ അപ്രതീക്ഷിതമായി തിരികെ, ഒറ്റച്ചിത്രം പോലും നശിച്ചു പോയില്ല!

അയാളത് കംപ്യൂട്ടറിൽ ഇട്ട് പകർത്താൻ ശ്രമിച്ചു. എന്നാൽ, അത്ഭുതം എന്ന് പറയട്ടെ അന്ന് കോറൽ പകർത്തിയ എല്ലാ ചിത്രങ്ങളും അതിലുണ്ടായിരുന്നു. ബാച്ചിലർ പാർട്ടിയുടെയും സു​ഹൃത്തുക്കളുടെയും വിവാഹാഘോഷങ്ങളുടെയും എല്ലാം.

woman reunited with her camera lost in river 13 years ago rlp
Author
First Published Mar 22, 2023, 1:23 PM IST

സ്വന്തം ക്യാമറകൾ മനുഷ്യർക്ക് വളരെ ഏറെ പ്രിയപ്പെട്ടതാണ്. അത് നഷ്ടപ്പെട്ട് പോവുക എന്നാൽ കഠിനമായ വേദനയും. അതുപോലെ 13 വർഷം മുമ്പാണ് കോറൽ അമയി എന്ന യുവതിക്ക് തന്റെ ക്യാമറ നഷ്ടപ്പെട്ട് പോയത്. അവളുടെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹമായിരുന്നു അന്ന്. ആ സമയത്ത് അനിമാസ് നദിയിലാണ് അവൾക്ക് തന്റെ ക്യാമറ നഷ്ടമായത്. 

ആ ക്യാമറയിൽ പകർത്തിയിരുന്ന ചിത്രങ്ങളൊന്നും കംപ്യൂട്ടറിലേക്ക് പകർത്തിയിരുന്നില്ല. ക്യാമറ നഷ്ടപ്പെട്ടതും ചിത്രങ്ങൾ നഷ്ടപ്പെട്ടതും എല്ലാം അവളെ വളരെ അധികം വേദനിപ്പിച്ചു. അവളാകെ തകർന്നു പോയി. തിരികെ തന്റെ കാമുകന്റെ വീട്ടിലെത്തിയ കോറൽ ഒരുപാട് നേരം തന്റെ പ്രിയപ്പെട്ട ക്യാമറ നഷ്ടപ്പെട്ടതോർത്ത് കരഞ്ഞു. അതിനി ഒരിക്കലും തിരികെ കിട്ടാൻ പോകുന്നില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു. അത്രയും ആഴവും ശക്തമായ ഒഴുക്കും നദിയിൽ ഉണ്ടായിരുന്നു. 

ഈയാഴ്ചയാണ് ​ഗ്രെയിനർ എന്ന ഒരു മത്സ്യത്തൊഴിലാളി നദിയിൽ എന്തോ ഒരു വസ്തു കിടക്കുന്നതായി കണ്ടെത്തിയത്. അതെന്താണ് എന്ന് അയാൾക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. ആദ്യം അത് വലിച്ചെറിയാൻ തീരുമാനിച്ചു എങ്കിലും പിന്നീട് അതെന്താണ് എന്ന് നോക്കാൻ തീരുമാനിക്കുകയായിരുന്നു. അയാൾ പിന്നീട് മെമ്മറി കാർഡ് എടുത്തുനോക്കി. ക്യാമറയ്‍ക്ക് അകത്തെല്ലാം വെള്ളമായിരുന്നു. അതുകൊണ്ട് തന്നെ അത് പ്രവർത്തിക്കും എന്ന് യാതൊരു പ്രതീക്ഷയും അയാൾക്കില്ലായിരുന്നു. 

അയാളത് കംപ്യൂട്ടറിൽ ഇട്ട് പകർത്താൻ ശ്രമിച്ചു. എന്നാൽ, അത്ഭുതം എന്ന് പറയട്ടെ അന്ന് കോറൽ പകർത്തിയ എല്ലാ ചിത്രങ്ങളും അതിലുണ്ടായിരുന്നു. ബാച്ചിലർ പാർട്ടിയുടെയും സു​ഹൃത്തുക്കളുടെയും വിവാഹാഘോഷങ്ങളുടെയും എല്ലാം. അയാൾ ഉടനെ തന്നെ അതിലെ ചിത്രങ്ങളിൽ ചിലത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഈ ചിത്രത്തിൽ നിങ്ങളാരെങ്കിലും ഉണ്ടോ എന്നായിരുന്നു അന്വേഷണം. ഒരു മണിക്കൂർ പോലും എടുത്തില്ല. അന്ന് വിവാഹിതയായ കോറലിന്റെ കൂട്ടുകാരിയുടെ ഭർത്താവ് ആ ചിത്രം തിരിച്ചറിഞ്ഞു. ഇത് ഞാനും എന്റെ ഭാര്യയും ആണ് എന്നായിരുന്നു കമന്റ്. 

ഉടനെ തന്നെ അവർ കോറലിനെയും വിവരം അറിയിച്ചു. ആ സമയത്ത് ഒരു കോൺഫറൻസിലായിരുന്നു അവൾ. അവൾ അക്ഷരാർത്ഥത്തിൽ തുള്ളിച്ചാടുകയായിരുന്നു. അവൾ ​ഗ്രെയിനറിനെ ബന്ധപ്പെട്ടു. അധികം വൈകാതെ തന്നെ ​ഗ്രെയിനർ ആ ചിത്രങ്ങളെല്ലാം അവൾക്ക് മെയിൽ വഴി അയച്ചു കൊടുക്കുകയും ചെയ്തു. അങ്ങനെ 13 വർഷം മുമ്പ് നഷ്ടപ്പെട്ടു എന്ന് കരുതിയ ആ ചിത്രങ്ങൾ അവൾക്ക് തിരികെ കിട്ടി. 

Follow Us:
Download App:
  • android
  • ios