ഒരാൾ പറഞ്ഞത് ഒരു കപ്പ് കാപ്പി കുടിക്കാൻ പോകുമ്പോൾ പോലും ഇത്രയധികം വേഷങ്ങൾ ധരിക്കുക എന്നത് എന്ത് പ്രയാസമാണ് എന്നാണ്. മറ്റൊരാൾ പറഞ്ഞത് സബ്‍വേയിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ആളുകൾ ക്യാമറയിൽ പകർത്തുന്നത് തടയാനായി ഇത് വേണ്ടി വരും എന്നാണ്.
പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും തുറിച്ചു നോട്ടങ്ങളും എല്ലാ സമൂഹത്തിലുണ്ട്. അത്തരം തുറിച്ചു നോട്ടങ്ങളിൽ നിന്നും അതുപോലെ ക്യാമറയിൽ പകർത്തുന്നതിൽ നിന്നും രക്ഷപ്പെടാൻ താൻ 'സേഫ്റ്റി ഷർട്ട്' ധരിച്ചാണ് യാത്ര ചെയ്യുന്നത് എന്നാണ് ഇപ്പോൾ ഒരു യുവതി വെളിപ്പെടുത്തുന്നത്. ന്യൂയോർക്കിൽ നിന്നുള്ള റേ ഹെർസിയാണ് ടിക്ടോക്കിലൂടെ തന്റെ അനുഭവം പറഞ്ഞിരിക്കുന്നത്.
അതിവേഗത്തിലാണ് റേ ഹെർസിയുടെ വീഡിയോ വൈറലായത്. ഒരു കറുത്ത കോട്ടും വെള്ള ടോപ്പും പാന്റും ധരിച്ച് അവൾ ഒരു കഫേയിലേക്ക് പ്രവേശിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിന്റെ മുകളിലാണ് മറ്റൊരു വസ്ത്രം ധരിച്ചിരിക്കുന്നത്. താൻ തനിക്ക് എത്തേണ്ട ഇടത്ത് എത്തിയിട്ടേ തന്റെ 'സേഫ്റ്റി ഷർട്ട്' അഴിച്ച് മാറ്റാറുള്ളൂ എന്നാണ് അവൾ പറയുന്നത്.
നിരവധിപ്പേരാണ് റേയുടെ വീഡിയോ കണ്ടതും അതിന് കമന്റുകൾ നൽകിയതും. കമന്റുകളിൽ മിക്കവരും അവളുടെ സേഫ്റ്റി ഷർട്ടിനെ അഭിനന്ദിച്ചു എങ്കിലും ഇത് വലിയ പാടല്ലേ എന്ന് ആശങ്ക പ്രകടിപ്പിച്ചു. അതുപോലെ തന്നെ ഇങ്ങനെ ഒരു ഷർട്ട് ധരിക്കേണ്ടുന്ന അവസ്ഥയെത്തി എന്നത് ഏറെ ദൗർഭാഗ്യകരമാണ് എന്നും പലരും പറഞ്ഞു.
ഒരാൾ പറഞ്ഞത് ഒരു കപ്പ് കാപ്പി കുടിക്കാൻ പോകുമ്പോൾ പോലും ഇത്രയധികം വേഷങ്ങൾ ധരിക്കുക എന്നത് എന്ത് പ്രയാസമാണ് എന്നാണ്. മറ്റൊരാൾ പറഞ്ഞത് സബ്‍വേയിൽ സഞ്ചരിക്കുമ്പോൾ ചിലപ്പോൾ ആളുകൾ ക്യാമറയിൽ പകർത്തുന്നത് തടയാനായി ഇത് വേണ്ടി വരും എന്നാണ്. പലരും സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള തങ്ങളുടെ ആകുലതകളും കമന്റിൽ പങ്ക് വച്ചിട്ടുണ്ട്.
എന്നാൽ, അതേ സമയം പല സ്ത്രീകളും തങ്ങളും ഇങ്ങനെ സേഫ്റ്റി ഷർട്ടുകൾ ധരിച്ച് പുറത്ത് പോകാറുണ്ട് എന്ന് വെളിപ്പെടുത്തി. ഒരു സ്ത്രീ പറഞ്ഞത് ഊബറിലും ചിലപ്പോൾ ഇത് ധരിക്കേണ്ടി വരാറുണ്ട് എന്നാണ്.
