യുകെയിൽ താൻ പരിചയിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴിൽ അന്തരീക്ഷമാണ് ഇന്ത്യയിൽ. പുതിയ ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസമായപ്പോഴേക്കും കടുപ്പമേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്.
ലണ്ടനിലെ സ്വപ്നജോലി ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയത് തെറ്റായ തീരുമാനമെന്ന് യുവതി. സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ മണ്ടൻ തീരുമാനം എന്നാണ് 26 കാരി ഇതിനെ വിശേഷിപ്പിച്ചത്. പഠനം ഭൂരിഭാഗവും സിംഗപ്പൂരിലായിരുന്നു. അതിനു ശേഷമാണ് ജോലി ആവശ്യത്തിനായി ലണ്ടനിലേക്ക് മാറിയതെന്നും അവർ പറയുന്നു. യുകെയിലെ ജോലി തനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ലണ്ടനിൽ ജീവിക്കുക എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹവും.
എന്നാൽ, ചില വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. ഈ തീരുമാനം ഇപ്പോൾ ഒരു വലിയ തെറ്റായിട്ടാണ് തോന്നുന്നത് എന്ന് യുവതി പറയുന്നു. ലണ്ടൻ വിട്ട ശേഷം അവർ സിംഗപ്പൂരിലേക്ക് മടങ്ങുകയും അവിടെ ഒരു ബാങ്കിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു. എന്നാൽ, ആറു മാസത്തിനുള്ളിൽ അവരുടെ ടീം പിരിച്ചുവിടുകയും ജോലി ഇന്ത്യയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. ഇതോടെ കുറഞ്ഞ ശമ്പളമുള്ള ജോലി സ്വീകരിച്ച് അവർക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
യുകെയിൽ താൻ പരിചയിച്ചതിൽ നിന്ന് തികച്ചും വ്യത്യസ്തമായ തൊഴിൽ അന്തരീക്ഷമാണ് ഇന്ത്യയിൽ. പുതിയ ജോലിയിൽ പ്രവേശിച്ച് മൂന്ന് മാസമായപ്പോഴേക്കും കടുപ്പമേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയത്. ഓഫീസ് രാഷ്ട്രീയം നിറഞ്ഞതും കർശനമായ ബോസ് സംസ്കാരമുള്ളതുമായ ഒരു ടോക്സിക് തൊഴിലിടമായാണ് അവർക്ക് അനുഭവപ്പെട്ടത്. ഒരു ദിവസത്തെ അവധി ലഭിക്കാൻ പോലും ബുദ്ധിമുട്ടേണ്ടിവരുന്നു.
തന്റെ ഇപ്പോഴത്തെ സാഹചര്യങ്ങൾ അതുമായി പൊരുത്തപ്പെടാൻ പറ്റാത്തതിന്റെ പ്രശ്നം മാത്രമാണോ എന്നും യുവതിക്ക് സംശയമുണ്ട്. ലണ്ടനിലോ സിംഗപ്പൂരിലോ തുടരേണ്ടിയിരുന്നോ, നാട്ടിലേക്ക് തിരികെ വന്നത് താൻ എടുത്ത വലിയൊരു തെറ്റായ തീരുമാനമാണോ എന്നും അവർക്ക് തീർച്ചയില്ല.


