ഗ്ലോറിയ തടവിലായിട്ട് ഇപ്പോൾ ഏതാനും വർഷമേ ആയിട്ടുള്ളൂ. എന്നാൽ, ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മകൾ കോടതിയെ സമീപിച്ചു. വലിയ സ്നേഹത്തോടെയാണ് ഗ്ലോറിയ തന്നെ വളർത്തിയതെന്ന് അവൾ വിശ്വസിക്കുന്നു.
ഒരു നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് മോഷ്ടിക്കുകയും(stolen) പിന്നീട് സ്വന്തം കുഞ്ഞിനെ പോലെ വളർത്തുകയും ചെയ്യുന്നത് നമ്മൾ സിനിമകളിലും മറ്റും കണ്ടു കാണും. കഥയുടെ അവസാനം കുട്ടി സത്യം തിരിച്ചറിയുകയും യഥാർത്ഥ മാതാപിതാക്കളെ കണ്ടുമുട്ടുകയുമാണ്. അടുത്തിടെ അമേരിക്കയിലും സമാനമായ ഒരു സംഭവം നടന്നു. എന്നാൽ അതിൽ വിചിത്രമായ കാര്യം, ജനിച്ചയുടൻ തന്നെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുവന്നതാണ് എന്നറിഞ്ഞിട്ടും ഒരു യുവതി തന്നെ തട്ടിയെടുത്ത സ്ത്രീയോട് ക്ഷമിച്ചു. മാത്രവുമല്ല കോടതിയിൽ പോറ്റമ്മയ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്തു. എനിക്ക് എന്റെ അമ്മയെ തിരിച്ച് വേണമെന്നായിരുന്നു അവൾ കോടതിയിൽ പറഞ്ഞത്.
1998 -ൽ ഫ്ലോറിഡയിലെ ജാക്സൺവില്ലെയിലെ ഒരു ആശുപത്രിയിലാണ്(Florida hospital) യുവതി ജനിച്ചത്. അവളുടെ പേര് കാമിയ മൊബ്ലി(Kamiyah Mobley) എന്നായിരുന്നു. ജനിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം ഗ്ലോറിയ വില്യംസ് എന്ന സ്ത്രീ അവളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഗ്ലോറിയ ഒരു നഴ്സായി വേഷമിട്ടാണ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ നിന്ന് കാമിയയെ മോഷ്ടിച്ചത്. അന്ന് 15 വയസ്സുള്ള കാമിയയുടെ യഥാർത്ഥ അമ്മ ഷാനാര മൊബ്ലിയുമായി ഗ്ലോറിയ സൗഹൃദത്തിലായി. തുടർന്ന് ജനിച്ച് എട്ട് മണിക്കൂറിന് ശേഷം അവരുടെ പക്കൽ നിന്ന് കുഞ്ഞിനെ മോഷ്ടിച്ചു. ഒരു മാസത്തോളം കുട്ടിക്കായുള്ള തിരച്ചിൽ നടന്നെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഗ്ലോറിയ കുഞ്ഞിനെ സൗത്ത് കരോലിനയിലേക്ക് കൊണ്ടുപോയി. സ്വന്തം മകളെപ്പോലെ വളർത്തി. അവൾക്ക് അലക്സിസ് മാനിഗോ എന്ന പുതിയൊരു പേരും ഇട്ടു. പിന്നീട് 2017 -ൽ നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ നടത്തിയ അന്വേഷണത്തിൽ, സൗത്ത് കരോലിനയിലെ അലക്സിസിന്റെ ജനനത്തീയതി കാണാതായ കുട്ടിയുടേതുമായി സാമ്യമുള്ളതായി കണ്ടെത്തി. എന്നാൽ അവളുടെ പേര് കാണാതായ കുട്ടിയുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ സത്യം പുറത്ത് വന്നു. അങ്ങനെ സംഭവം നടന്ന് 19 വർഷത്തിന് ശേഷം, ഗ്ലോറിയയെ എസ്‌സിയിലെ വാൾട്ടർബോറോയിലെ അവളുടെ വീട്ടിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. മകൾക്ക് അന്ന് 18 വയസ്സായിരുന്നു.
തട്ടിക്കൊണ്ടുപോകൽ, കുട്ടിയുടെ സംരക്ഷണത്തിൽ ഇടപെടൽ എന്നീ കുറ്റങ്ങൾക്ക് 18 വർഷത്തെ തടവിന് ഗ്ലോറിയ ശിക്ഷിക്കപ്പെട്ടു. കുറ്റകൃത്യം ചെയ്യുന്ന സമയത്ത്, അവൾക്ക് ഒരു അബോർഷൻ കഴിഞ്ഞ സമയം ആയിരുന്നെന്നും പ്രസവാനന്തര വിഷാദത്തിന് അടിമയായിരുന്നെന്നും, മാനസികവും വൈകാരികവുമായ കടുത്ത അസ്വസ്ഥതകൾ അനുഭവിച്ചിരുന്നെന്നും ഗ്ലോറിയ കോടതിയിൽ പറഞ്ഞു. കുട്ടിയെ തട്ടിയെടുക്കുമ്പോൾ തന്റെ മാനസികാവസ്ഥ ശരിയായിരുന്നില്ലെന്നും അവൾ കൂട്ടിച്ചേർത്തു.
ഗ്ലോറിയ തടവിലായിട്ട് ഇപ്പോൾ ഏതാനും വർഷമേ ആയിട്ടുള്ളൂ. എന്നാൽ, ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മകൾ കോടതിയെ സമീപിച്ചു. വലിയ സ്നേഹത്തോടെയാണ് ഗ്ലോറിയ തന്നെ വളർത്തിയതെന്ന് അവൾ വിശ്വസിക്കുന്നു. ഇപ്പോൾ അലക്സിസിന് 23 വയസ്സായി. യഥാർത്ഥ മാതാപിതാക്കളുമായി അവൾ വീണ്ടും ഒന്നിച്ചു. എന്നാലും ഗ്ലോറിയയെ മോചിപ്പിക്കാൻ അവൾ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ അവൾ ജഡ്ജിക്ക് ഇതുംപറഞ്ഞ് ഒരു കത്തെഴുതുകയും ചെയ്തു. ഗ്ലോറിയ തന്റെ വളർത്തമ്മയാണെങ്കിലും അവൾ തന്നെ വളരെയധികം സ്നേഹിക്കുന്നുവെന്നും മകൾ കത്തിൽ എഴുതി. താൻ അവരെയും സ്നേഹിക്കുന്നുണ്ടെന്നും, തന്റെ വീട്ടിൽ തന്റെ അമ്മയായി അവർ എന്നും വേണമെന്നും മകൾ കത്തിൽ പറഞ്ഞു. എന്നാലും, നിലവിൽ ഗ്ലോറിയയുടെ ശിക്ഷ കുറയ്ക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും കോടതി എടുത്തിട്ടില്ല.
