സ്വന്തമായി കട തുടങ്ങുന്നതിന് മുമ്പ് തയ്യൽക്കടയിൽ സഹായിയായി ജോലിയിൽ പ്രവേശിച്ചു. ദിവസവരുമാനം 20 രൂപ മാത്രമായതിനാൽ ദിവസങ്ങൾ കഠിനമായിരുന്നു. ഉപയോഗിച്ച വസ്ത്രം ധരിക്കുന്നത് മുതൽ മിച്ചം വരുന്ന ഭക്ഷണം കഴിക്കുന്നത് വരെ ശ്രദ്ധിച്ചു. ഓരോ ചില്ലിക്കാശും സമ്പാദിച്ചു.
ഒരു നവജാത ശിശു ഉൾപ്പടെ രണ്ട് പെൺമക്കളെ എന്നേക്കുമായി ഉപേക്ഷിച്ച് ഇറങ്ങുക എന്നത് അസ(Assam)മിലെ രംഗിയയിൽ നിന്നുള്ള രുൺജുൻ ബീഗ(Runjun Begum)ത്തെ സംബന്ധിച്ച് അത്ര എളുപ്പമൊന്നുമല്ലായിരുന്നു. ഒരു തണുത്ത ശൈത്യകാല രാത്രിയിൽ, അവൾ തന്റെ മുന്നിലുള്ള വഴികളെ കുറിച്ച് ആഴത്തിൽ ചിന്തിച്ചു. ഒന്നുകിൽ അവൾക്ക് ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും ശാരീരിക പീഡനം സഹിച്ചുകൊണ്ടേയിരിക്കാം, അല്ലെങ്കിൽ ഗുവാഹത്തിയിലേക്ക് ബസ് കയറി ജീവിതം അവസാനിപ്പിക്കാം. അഞ്ച് മാസം ഗർഭിണിയായിരുന്ന അവൾ രണ്ടാമത്തേതാണ് തെരഞ്ഞെടുത്തത്. അവൾ കുട്ടികളെ ഉപേക്ഷിച്ച് ഓടിപ്പോയി.
എന്നാൽ, ഇന്ന് അവൾ തന്റെ തയ്യൽ ബിസിനസ്സ് വിജയകരമായി നടത്തുന്നു. എട്ട് വയസ്സുള്ള മകനോടൊപ്പം താമസിക്കാൻ ഒരു വീട് സ്വന്തമാക്കി, ഇപ്പോൾ മറ്റ് 10 സ്ത്രീകളെ സൗജന്യമായി തുന്നൽ പരിശീലിപ്പിച്ച് ശാക്തീകരിക്കുകയാണ്. ഗാർഹിക പീഡനത്തിനെതിരെ നടന്ന ഒരു കോൺഫറൻസിൽ അസം സാമൂഹ്യക്ഷേമ മന്ത്രി അജന്ത നിയോഗ് ആ 31-കാരിയെ അടുത്തിടെ ആദരിച്ചു.
"ഞാൻ ആദരിക്കപ്പെട്ടുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. എന്റെ പിതാവ് എന്നെക്കുറിച്ച് വളരെ അഭിമാനിച്ചിരുന്നു" രുഞ്ജുൻ ദി ബെറ്റർ ഇന്ത്യയോട് പറയുന്നു. അവൾ കൂട്ടിച്ചേർക്കുന്നു, “എന്റെ ഭർത്താവിന്റെ വീട്ടുകാർ എന്നെ പീഡിപ്പിച്ചു, ഒന്നുകിൽ ഞാൻ മരിക്കണമായിരുന്നു അല്ലെങ്കിൽ എന്നെത്തന്നെ സംരക്ഷിക്കണം. എല്ലാം വിട്ടിറങ്ങുമ്പോൾ എനിക്ക് 21 വയസ്സായിരുന്നു. അതിനുള്ള ധൈര്യം എനിക്കില്ലായിരുന്നു. എന്നിരുന്നാലും, വർഷങ്ങളായി ആളുകളുടെ സഹായത്തോടെ എന്നെയും എന്റെ മകനെയും സംരക്ഷിക്കാനുള്ള ശക്തി ഞാൻ ആർജ്ജിച്ചെടുത്തു."
അവൾ വീട്ടിൽ നിന്ന് ഇറങ്ങിയ രാത്രിയിൽ, വേദനയും കഷ്ടപ്പാടുകളും സഹിക്കേണ്ട അവസാനത്തെ സമയമാണിതെന്ന് തിരിച്ചറിഞ്ഞതിൽ രുൺജുൻ സന്തോഷിച്ചു. ശൈത്യകാല രാത്രികൾ, പ്രത്യേകിച്ച്, അവൾക്ക് ഒരു പേടിസ്വപ്നമായിരുന്നു. കറുത്ത നിറമുള്ള പെൺകുട്ടിയെ പ്രസവിച്ചു എന്നും പറഞ്ഞ് രുൺജുന്റെ ഭർത്താവിന്റെ വീട്ടുകാർ അവളെ പുറത്ത് നിർത്തി പലപ്പോഴും രാത്രികളിൽ വാതിലടച്ചിരുന്നു. രണ്ടാമത്തേത് കൂടി പെൺകുഞ്ഞായതോടെ പീഡനം ഇരട്ടിച്ചു. മൂന്നാമതും ഗർഭിണിയായപ്പോൾ ഇനിയും ഒരു പെൺകുഞ്ഞിനെ പ്രസവിച്ച് വീടിന്റെ മാനം കളയരുത് അതുകൊണ്ട് ഗർഭമലസിപ്പിക്കാനും ആവശ്യപ്പെട്ടു.
2007 -ൽ വിവാഹിതയാവുമ്പോൾ രുൺജുന് വെറും 16 വയസ് മാത്രമായിരുന്നു എന്ന് ഓർക്കണം. പഠിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും സമീപത്തെ പലപെൺകുട്ടികളെയും പോലെ വിവാഹം തന്നെയാണ് നടന്നത്. പക്ഷേ, അവിടെ ദിവസവും അവൾക്ക് പീഡനമായിരുന്നു. ജനിച്ചത് പെൺകുഞ്ഞ് കൂടി ആയതോടെ അതിന്റെ പേരിലും മർദ്ദിക്കാൻ തുടങ്ങി. ആ കുഞ്ഞിനെ പെണ്ണായതിന്റെ പേരിൽ നിരന്തരം ശപിക്കാനും. ഒപ്പം തന്നെ രുൺജുന്റെ അച്ഛൻ മതിയായ സ്ത്രീധനം നൽകിയില്ല എന്ന് പറഞ്ഞ് വേറെയും ഉപദ്രവം. അങ്ങനെയാണ് അവൾ അവിടെ നിന്നും ഇറങ്ങാൻ തീരുമാനിക്കുന്നത്.
വെറും 30 രൂപ ബസ് ചാർജ് മാത്രം കൊണ്ട് അവൾ ഗുവാഹത്തിയിലേക്ക് യാത്രയായി. യാത്രയിലുടനീളം അവൾ കരയുകയായിരുന്നു. ഒരു അപരിചിതൻ അവളെ ശ്രദ്ധിക്കുകയും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അയാൾ അവളെ വീട്ടിലേക്ക് കൊണ്ടുപോയി, അവളുടെ ഭർത്താവിനും വീട്ടുകാർക്കും എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ (NHRC) ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്യാൻ സഹായിച്ചു. കേസിൽ തന്നെ സഹായിച്ച അഭിഭാഷകരായ പബിത്ര ഹസാരികയെയും അലൻ മഹന്തയെയും അവർ ഇവിടെ കാണുകയും സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ നിർമൽ ആശ്രയുമായി അവളെ ബന്ധിപ്പിക്കുകയും ചെയ്തു.
ആശ്രയ്‍യിൽ സമാനമായതോ മോശമായതോ ആയ സാഹചര്യങ്ങളിലൂടെ കടന്നുപോയ രക്ഷപ്പെട്ടെത്തിയ മറ്റ് സ്ത്രീകളെ കണ്ടതിന് ശേഷമാണ് രുൺജുന്റെ ആത്മഹത്യാ ചിന്തകൾ ഇല്ലാതായത്. “ആദ്യമായി, ഞാൻ തനിച്ചല്ലെന്ന് എനിക്ക് തോന്നി. എന്റെ വിധിയെ ശപിക്കുന്നത് ഞാൻ നിർത്തി, മറ്റ് സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി പോരാടുന്നതും അവരുടെ ജീവിതം വീണ്ടും കണ്ടെടുക്കുന്നതും കണ്ടപ്പോൾ എന്റെ സ്വന്തം യുദ്ധം ചെയ്യാൻ എനിക്ക് ധൈര്യം ലഭിച്ചു. ഒമ്പത് മാസം ഗർഭിണിയായിരിക്കെ അഞ്ചുമാസം ഇവിടെ താമസിച്ച് തയ്യൽ പഠിച്ചു. പ്രസവസമയത്തും ആശ്രയ് ടീം എന്നെ വളരെയധികം സഹായിച്ചു” അവർ കൂട്ടിച്ചേർക്കുന്നു.
സ്വന്തമായി കട തുടങ്ങുന്നതിന് മുമ്പ് തയ്യൽക്കടയിൽ സഹായിയായി ജോലിയിൽ പ്രവേശിച്ചു. ദിവസവരുമാനം 20 രൂപ മാത്രമായതിനാൽ ദിവസങ്ങൾ കഠിനമായിരുന്നു. ഉപയോഗിച്ച വസ്ത്രം ധരിക്കുന്നത് മുതൽ മിച്ചം വരുന്ന ഭക്ഷണം കഴിക്കുന്നത് വരെ ശ്രദ്ധിച്ചു. ഓരോ ചില്ലിക്കാശും സമ്പാദിച്ചു, വരുമാനം 200 ആയി ഉയരുന്നത് വരെ അവൾ കഠിനാധ്വാനം ചെയ്തു. ആവശ്യത്തിന് മിച്ചം വന്ന ശേഷം, അവൾ ഒരു ചെറിയ കടം എടുത്ത് 2014 -ൽ ജലുക്ബാരി ഏരിയയിൽ ഒരു തയ്യൽ കട തുറന്നു.
ഇതിനെല്ലാം ഇടയിൽ, അവൾ കോടതി സെഷനുകളിൽ പങ്കെടുക്കുകയും മൂന്ന് വർഷത്തിന് ശേഷം അവളുടെ മനസ്സമാധാനത്തിനായി കേസ് പിൻവലിക്കുകയും ചെയ്തു. എന്നാൽ 2015 ൽ അവൾക്ക് വിവാഹമോചനം ലഭിച്ചു. തന്നെ മരണത്തിലേക്ക് പോലും നയിച്ച അയാളുമായി തനിക്ക് ഇനി ഒന്നുമില്ല എന്നും അവൾ പറയുന്നു. അവർ ഒരുപാട് കഷ്ടപ്പെട്ടു. മകനെ പരിചരിച്ചു. സ്വന്തമായി സമ്പാദിച്ച് ഒരു വീടുവച്ചു.
വസ്ത്രങ്ങൾ തുന്നുന്നതിനു പുറമേ, മാസ്ക്, കുഷ്യൻ കവറുകൾ, കർട്ടനുകൾ, പുതപ്പുകൾ തുടങ്ങിയവയും റുൺജുൻ തുന്നുന്നു. തുണിത്തരങ്ങൾ വിൽക്കുകയും ചെയ്യുന്നു. അവളുടെ പ്രതിമാസ വരുമാനം 50,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ്. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാനായിരിക്കണം എപ്പോഴും ശ്രമിക്കേണ്ടത് എന്നാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ രുൺജുന് പറയാനുള്ളത്.
(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)
