Asianet News MalayalamAsianet News Malayalam

കുളിമുറിയിൽ കയറി, കുടുങ്ങിപ്പോയി സ്ത്രീ, മൂന്നുദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

ഭക്ഷണമില്ലാതെ വെറും ടാപ്പ് വെള്ളം കുടിച്ചാണ് അവർ മൂന്ന് ദിവസം കഴിഞ്ഞത്. അതിനിടെ പലതവണ അവർ വാതിൽ തുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതോടെ അവരാകെ തളർന്നിരുന്നു.

woman trapped in bathroom three days
Author
First Published Aug 28, 2022, 2:51 PM IST

കാണാതായ ഒരു സ്ത്രീയെ മൂന്ന് ദിവസത്തിനു ശേഷം കുളിമുറിയിൽ നിന്നും കണ്ടെത്തി. സത്യത്തിൽ വാതിൽ ജാമായതിനെ തുടർന്നാണ് സ്ത്രീ അകത്ത് കുടുങ്ങിപ്പോവുകയായിരുന്നു. അവസാനം രക്ഷ​പ്പെടില്ല എന്ന് തോന്നിയപ്പോൾ അവർ ഫേസ് ക്രീം കൊണ്ട് ചുമരിൽ ​യാത്രാമൊഴികൾ പോലും എഴുതി വച്ചിരുന്നു. 

ഓഗസ്റ്റ് 22 -ന് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള അവരുടെ വീട്ടിലാണ് സംഭവം. 54 -കാരിയായ സ്ത്രീ രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ്. എന്നാൽ, കുളി കഴിഞ്ഞ് നോക്കിയപ്പോൾ വാതിൽ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗൺഹൗസിൽ അവൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീൽ ഗേറ്റുകൾ നിർമ്മിച്ചിരുന്നു. അതിനാൽ തന്നെ അവർ സഹായത്തിനായി നിലവിളിച്ചത് ആരും കേട്ടില്ല. 

മൂന്ന് ദിവസമായപ്പോഴേക്കും അവർ അങ്ങേയറ്റം തളർന്നു പോയി. ഇനി അവിടെ നിന്നും ഒരു രക്ഷപ്പെടലില്ല എന്ന് തോന്നിയ അവർ കുളിമുറിയുടെ ചുമരിൽ ഒരു യാത്രാ കുറിപ്പ് എഴുതി വച്ചു. 'ഞാൻ 22 -ാം തീയ്യതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാൻ സാധിച്ചില്ല. ഞാൻ ടാപ്പിലെ വെള്ളം കുടിച്ചാണ് അതിജീവിക്കുന്നത്. അത് തീർന്നു കഴിഞ്ഞാൽ ഞാൻ മരിക്കുമായിരിക്കും. ഞാൻ സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു. ആരും കേട്ടില്ല. അതിനാൽ തന്നെ ആരും വന്നുമില്ല' എന്നാണ് അവർ എഴുതിയിരുന്നത്. 

മൂന്നു ദിവസമായി അവരുടെ വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനാലും അവരുടെ സഹോദരി ആകെ ഭയന്നു പോയി. അവരാണ് പൊലീസിൽ അവരെ കാണാനില്ല എന്ന വിവരം അറിയിച്ചത്. 'ഞാൻ കുറേ ഫോൺ വിളിച്ചു. ആരും ഫോൺ എടുത്തില്ല. അവളുടെ കാറാണെങ്കിൽ വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു. അതിനാൽ, അവൾ വീടിനകത്ത് തന്നെ ഉണ്ട് എന്ന് തോന്നി. അവൾക്കെന്തെങ്കിലും സംഭവിച്ചോ എന്നാണ് ഞാൻ ഭയന്നത്' എന്ന് സഹോദരി പറഞ്ഞു.   

പൊലീസ് വീടിന്റെ ​ഗേറ്റും കതകും പൊളിച്ചാണ് അകത്ത് കടന്നത്. അവസാനം അവരെ കുളിമുറിക്കകത്ത് കണ്ടെത്തുകയായിരുന്നു. ഭക്ഷണമില്ലാതെ വെറും ടാപ്പ് വെള്ളം കുടിച്ചാണ് അവർ മൂന്ന് ദിവസം കഴിഞ്ഞത്. അതിനിടെ പലതവണ അവർ വാതിൽ തുറക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. അതോടെ അവരാകെ തളർന്നിരുന്നു. 'റൂമിലുള്ള പല വസ്തുക്കളുയോ​ഗിച്ചും താൻ വാതിൽ തുറക്കാൻ ശ്രമിച്ചിരുന്നു. ഉറക്കെ ഉറക്കെ സഹായത്തിന് വേണ്ടി കരഞ്ഞിരുന്നു. പക്ഷേ, ആരും കേട്ടില്ല' എന്ന് അവർ പറയുന്നു. 

ഉദ്യോ​ഗസ്ഥർ അവരുടെ ആരോ​ഗ്യം പരിശോധിച്ചു എങ്കിലും തൃപ്തികരമായിരുന്നു. എന്നാലും അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

Follow Us:
Download App:
  • android
  • ios