അനിലും മോണിക്കയും സപ്നയും കൂടി ഇയാളോട് 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്. അത് നൽകിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നും പറഞ്ഞു.

64 -കാരനായ ബിസിനസുകാരനെ ലൈം​ഗികാതിക്രമക്കേസിൽ കുടുക്കാൻ കോഴിയുടെ ചോര ഉപയോ​ഗിച്ച് യുവതി. ഒടുവിൽ യുവതികളും കൂട്ടാളികളും പിടിയിലായി. ഇയാളിൽ നിന്നും 3.26 കോടി രൂപയും സ്ത്രീയും കൂട്ടാളികളും ചേർന്ന് തട്ടിയെടുക്കുകയും ചെയ്തു. 2021 -ലെ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിൽ മുംബൈ പൊലീസ് പറയുന്നത് ദേവ് ചൗധരി എന്ന മോണിക്ക ഭഗവാനും കൂട്ടാളികളായ ആകാശ് എന്ന അനിൽ ചൗധരി, ഫാഷൻ ഡിസൈനറായ സപ്‌ന എന്ന ലുബ്ന വസീർ, ജ്വല്ലറിക്കാരനായ മനീഷ് സോഡി എന്നിവരാണ് കേസിൽ കുറ്റക്കാർ എന്നാണ്. കഴിഞ്ഞാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. 

സംഭവം നടന്നത് ഇങ്ങനെ, 2021 ൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ നിന്നുള്ള ഒരു വ്യവസായി സഹാർ പൊലീസ് സ്‌റ്റേഷനിൽ ഒരു പരാതി നൽകി. അതിൽ പറയുന്നത്, മോണിക്ക എന്ന സ്ത്രീയും സംഘവും തന്നെ പറ്റിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്തു എന്നാണ്. 2019 -ൽ അവർ ഈ വ്യവസായിയുടെ ഒരു വീഡിയോ പകർത്തുകയും അതുപയോ​ഗിച്ച് അയാളെ ഭീഷണിപ്പെടുത്തുകയും ആയിരുന്നു. വ്യവസായിക്കെതിരെ പീഡനത്തിന് കേസ് കൊടുക്കും എന്നായിരുന്നു ഭീഷണി. ഇങ്ങനെ ഭീഷണിപ്പെടുത്തി രണ്ട് വർഷം കൊണ്ട് വലിയ തുക തന്നെ ഇവർ വ്യവസായിയിൽ നിന്നും കൈക്കലാക്കി. 

ഇയാളുടെ സ്റ്റേറ്റ്‍മെന്റ് പ്രകാരം 2016 -ൽ ​ഗോവയിൽ വച്ചാണ് ഇയാൾ അനിൽ ചൗധരി എന്നയാളെ കണ്ടുമുട്ടുന്നത്. ശേഷം പരസ്പരം നമ്പർ കൈമാറി. ഇരുവരും പരസ്പരം വിളിക്കാറും ഉണ്ടായിരുന്നു. 2018 -ൽ അനിൽ ബിസിനസുകാരന് ഫാഷൻ ഡിസൈനറായ സപ്‌ന എന്ന ലുബ്ന വസീറിനെ പരിചയപ്പെടുത്തി. 2019 മാർച്ചിൽ മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ സപ്നയും മോണിക്കയുമായി ഒരുമിച്ച് ഡിന്നർ കഴിക്കാമെന്നും അനിൽ ചൗധരി പറഞ്ഞു. ബിസിനസുകാരൻ അത് സമ്മതിച്ചു. 

ഭാര്യയെ കാണാനില്ല, പരാതിയുമായി 12 യുവാക്കൾ, എല്ലാവരും നൽകിയത് ഒരേ യുവതിയുടെ ചിത്രം!

ശേഷം സപ്നയും മോണിക്കയും റൂമിലെത്തി. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ സപ്ന റൂമിൽ നിന്നും പുറത്ത് പോയി. ഹോട്ടലിന്റെ ലോബിയിൽ ഒരാൾക്ക് ഒരു ഡോക്യുമെന്റ് കൊടുക്കാനുണ്ട് എന്നും പറഞ്ഞാണ് സപ്ന പോയത്. പിന്നാലെ മോണിക്ക വാഷ്‍റൂമിലും പോയി. തൊട്ടുപിന്നാലെ ആരോ വാതിലിൽ മുട്ടി. വാതിൽ തുറന്നപ്പോൾ സപ്ന വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. മോണിക്കയെ ബിസിനസുകാരൻ പീഡിപ്പിച്ചു എന്നും അവൾ ആരോപിച്ചു. ആ സമയം മോണിക്ക വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി ഒരു ബെഡ്ഷീറ്റ് മാത്രം പുതച്ച് വാഷ്റൂമിൽ നിന്നും പുറത്ത് വന്നു. ദേഹത്ത് ചോരയും ഉണ്ടായിരുന്നു. അത് പീഡനത്തിൽ സംഭവിച്ചതാണ് എന്നാണ് മോണിക്ക പറഞ്ഞത്. എന്നാൽ, പിന്നീട് അത് കോഴിയുടെ ചോരയാണ് എന്ന് തെളിയുകയായിരുന്നു. 

ബിസിനസുകാരൻ പേടിച്ച് അനിലിനെ വിളിച്ചു. പിന്നാലെ അനിലെത്തി. അനിലും മോണിക്കയും സപ്നയും കൂടി ഇയാളോട് 10 കോടി രൂപയാണ് ആവശ്യപ്പെട്ടത്. അത് നൽകിയില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കും എന്നും പറഞ്ഞു. ആദ്യം 75 ലക്ഷം കൊടുത്തു എങ്കിലും രണ്ട് വർഷത്തിനിടയിൽ നിരന്തരം ഇത് പറഞ്ഞ് ഭീഷണിപ്പെടുത്തി മൂന്ന് കോടിയിലധികം രൂപ ഇയാളിൽ നിന്നും മൂന്നുപേരും വാങ്ങിയെടുത്തു. നിരന്തരം ഭീഷണിപ്പെടുത്തിയതിൽ സഹികെട്ടാണ് ഒടുവിൽ ഇയാൾ പരാതി നൽകിയത്. 

അന്വേഷണത്തിൽ ആദ്യം അനിലും സപ്നയും പിന്നീട് മോണിക്കയും അറസ്റ്റിലായി.