17 -ാമത്തെ വയസിൽ സെഫാനി തന്റെ ശരിക്കും അച്ഛനേയും അമ്മയേയും കണ്ടുമുട്ടി. എന്നാൽ, അവരോട് പെട്ടെന്നൊന്നും അടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. എന്നാൽ, പിന്നീട് പയ്യെപ്പയ്യെ എല്ലാം ശരിയായി വന്നു.
വളരെ വിചിത്രം എന്ന് തോന്നുന്ന പല സംഭവങ്ങൾക്കും നാം സാക്ഷികളാകാറുണ്ട്. അതുപോലെ ഒരു യുവതി തന്റെ വിവാഹത്തിന് വേദിയിലേക്ക് വന്നത് താൻ അച്ഛാ എന്ന് വിളിക്കുന്ന രണ്ട് പേർക്കൊപ്പമാണ്. അതിൽ ഒരാൾ അവൾക്ക് ജന്മം നൽകിയ ആളാണ്. എന്നാൽ, അടുത്തയാൾ ആരാണ് എന്ന് കേൾക്കുമ്പോഴാണ് ശരിക്കും നാം ഞെട്ടുക. അത് നന്നേ കുഞ്ഞായിരിക്കുമ്പോൾ അവളെ തട്ടിക്കൊണ്ടു പോവുകയും പിന്നീട് വളർത്തുകയും ചെയ്ത ആളാണ്.
വെറും മൂന്ന് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് മിഷെ സെഫാനി ഷെൽഡനെ ലവോണ സോളമൻ ആശുപത്രിയിൽ വച്ച് തട്ടിക്കൊണ്ടു പോകുന്നത്. 1997 ഏപ്രിൽ 30 -നായിരുന്നു ഇത്. പിന്നീട് ലവോണയും ഭർത്താവും കൂടിയാണ് സെഫാനിയെ വളർത്തിയത്. ഒരിക്കൽ പോലും താൻ മറ്റൊരു കുടുംബത്തിലാണ് പിറന്നത് എന്നോ തന്റെ മാതാപിതാക്കൾ വേറെയാണ് എന്നോ സെഫാനി അറിഞ്ഞിരുന്നില്ല.
എന്നാൽ, 2005 -ലാണ് എല്ലാം മാറിമറിഞ്ഞത്. സെഫാനിയുടെ സ്കൂളിൽ കാസിഡി എന്ന് പേരുള്ള ഒരു പുതിയ കുട്ടി ചേർന്നു. അവളെ കാണാൻ ശരിക്കും സെഫാനിയെ പോലെ തന്നെയുണ്ടായിരുന്നു. തങ്ങളുടെ സാമ്യം കണ്ട ഇരുവരും ഒരു ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു. അതിലാണ് ലവോണ തന്റെ അമ്മയല്ല എന്ന സത്യം സെഫാനി തിരിച്ചറിയുന്നത്. പിന്നാലെ ലവോണയെ കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് അറസ്റ്റ് ചെയ്യുകയും 10 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.
പിന്നീട്, 17 -ാമത്തെ വയസിൽ സെഫാനി തന്റെ ശരിക്കും അച്ഛനേയും അമ്മയേയും കണ്ടുമുട്ടി. എന്നാൽ, അവരോട് പെട്ടെന്നൊന്നും അടുക്കാൻ അവൾക്ക് കഴിഞ്ഞില്ല. എന്നാൽ, പിന്നീട് പയ്യെപ്പയ്യെ എല്ലാം ശരിയായി വന്നു. ഒടുവിൽ അവൾ വിവാഹിതയാവുന്ന ഘട്ടം വന്നപ്പോൾ അവൾക്ക് തന്നെ വളർത്തി വലുതാക്കിയ അച്ഛനേയും ഉപേക്ഷിക്കാനായില്ല. അങ്ങനെയാണ് എല്ലാവരുടേയും അനുവാദത്തോടെ ലവോണയുടെ ഭർത്താവ് മൈക്കലും അവളെ വിവാഹവേദിയിലേക്ക് ആനയിക്കാനെത്തി. അങ്ങനെ ജന്മം നൽകിയ പിതാവിന്റെയും വളർത്തി വലുതാക്കിയ പിതാവിന്റെയും അനുഗ്രഹത്തോടെയാണ് അവൾ വിവാഹിതയായത്.
