മധ്യപ്രദേശിലെ ഉജ്ജൈനിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. യുവാവിൻ്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിൽ ഭർത്താവിനെ ഉപേക്ഷിച്ച് ഒരു ഗ്രാമക്കാരനായ യുവാവിനെ പുനർവിവാഹം ചെയ്ത യുവതിക്ക് നേരെ പരസ്യമായ അക്രമണം. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂെ പരേഡ് നടത്തുകയും മർദ്ദിക്കുകയും ചെയ്യുന്നത് കാണാം. യുവാവിന്‍റെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്നാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവത്തിൽ പേലീസ് 11 പേർക്കെതിരെ കേസെടുക്കുകയും മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുടുംബത്തർക്കം
2023 ൽ യുവതി ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു ഗ്രാമത്തിൽ നിന്നുള്ള യുവാവിനെ പുനർവിവാഹം കഴിച്ചു. ആ വിവാഹവുമായി ബന്ധപ്പെട്ട കുടുംബത്തർക്കമാണ് സംഭവത്തിന് കാരണമെന്ന് പറയപ്പെടുന്നു. ജൂൺ 30 -ന് ഉജ്ജൈനിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അർനിയ വേഗ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതിയുടെ ഭർത്താവും ബന്ധുക്കളും ഝാർദ പോലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമവാസികളും ചേർന്നാണ് ആക്രമണം നടത്തിയത്.
ക്രൂരമായ പീഡനം
മുടി വെട്ടി കഴുത്തിൽ ചെരുപ്പ് മാല അണിയിച്ച നിലയിൽ അർദ്ധനഗ്നയായി നിലത്ത് ഇരിക്കുന്ന സ്ത്രീയെ ചിലർ ചേർന്ന് തള്ളിയിടുന്നതും കൈയേറ്റം ചെയ്യുന്നതും വീഡിയോയിൽ കാണാം. സംഭവവുമായി ബന്ധപ്പെട്ട് 3 സ്ത്രീകൾ ഉൾപ്പെടെ 11 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇതിൽ മൂന്ന് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.
നാട്ടുകാരും പ്രതികൾ
പോലീസ് പറയുന്നതനുസരിച്ച്, യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 12 വർഷമായി. എന്നാൽ മൂന്നാല് വർഷം മുമ്പ് ഇവർ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം താമസം തുടങ്ങി. പിന്നീട് ഇവർ ഇയാൾക്കെതിരെ ബലാത്സംഗ കേസ് ഫയൽ ചെയ്തു. ഈ കേസിൽ ജയിൽ മോചിതനായി തിരിച്ചെത്തിയ ശേഷവും യുവതി അയാൾക്കൊപ്പം താമസം തുടങ്ങി. ഇതോടെ ഇയാളുടെ കുടുംബവും നാട്ടുകാരും ചേർന്ന് യുവതിയെ അക്രമിക്കുകയായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആക്രമണത്തിൽ ഇയാളുടെ ബന്ധുക്കൾക്കൊപ്പം ഗ്രാമവാസികളും ചേരുകയായിരുന്നു.


