32 വയസുള്ള ആന്‍റി മരിയ മാര്‍ട്ടിനെസ്, അവരുടെ സഹോദരന്‍ നോയി, ഇരുവരുടെയും അമ്മയായ റോസാര, ആന്‍റിയുടെ പത്തും പതിമൂന്നും വയസുള്ള രണ്ട് കുട്ടികള്‍ എന്നിവരെയാണ് ക്രൂസ് ആദ്യം കൊന്നത്.

കാമുകന്‍ അയാളുടെ സ്വന്തം കുടുംബത്തിലെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തുന്നത് നോക്കി നിന്ന യുവതിക്ക് 25 വര്‍ഷത്തെ തടവ് വിധിച്ച് കോടതി. ചിക്കാഗോയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ടവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 

ജാഫെത്ത് റാമോസ് എന്ന 25 -കാരിയെ ആണ് 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. മുന്‍ കാമുകന്‍ ഡീഗോ യുറീബ് ക്രൂസ് ആറുപേരെ കൊല്ലുന്നത് നോക്കിനിന്നു എന്നും കവര്‍ച്ചയ്ക്ക് കൂട്ടുനിന്നു എന്നും റാമോസ് സമ്മതിച്ചു. ചിക്കാഗോയിലെ ഗേജ് പാര്‍ക്കില്‍ നടന്ന കൊലപാതകം തെളിഞ്ഞതിനെ തുടര്‍ന്ന് ക്രൂസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. 

എന്നെങ്കിലും തന്‍റെ മകനോടൊപ്പം വീണ്ടും കഴിയാന്‍ സാധിക്കും എന്ന വിശ്വാസത്തിന്‍റെ പേരിലാണ് താന്‍ ഇതെല്ലാം സമ്മതിച്ചിരിക്കുന്നത് എന്ന് ക്രൂസിന്‍റെ വിചാരണ വേളയില്‍ റാമോസ് പറഞ്ഞു. 2016 -ല്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇവര്‍ക്ക് ചെറിയ ഒരു കുട്ടി ഉണ്ടായിരുന്നു. 

32 വയസുള്ള ആന്‍റി മരിയ മാര്‍ട്ടിനെസ്, അവരുടെ സഹോദരന്‍ നോയി, ഇരുവരുടെയും അമ്മയായ റോസാര, ആന്‍റിയുടെ പത്തും പതിമൂന്നും വയസുള്ള രണ്ട് കുട്ടികള്‍ എന്നിവരെയാണ് ക്രൂസ് ആദ്യം കൊന്നത്. അതിലൊരു കുട്ടി എനിക്ക് ജീവിക്കണം എന്ന് പറഞ്ഞ് കരഞ്ഞതായും റാമോസ് പറഞ്ഞു. ഇവരെയെല്ലാം കൊലപ്പെടുത്തിയ ശേഷം ക്രൂസ് ഭക്ഷണം വാങ്ങിക്കാന്‍ പോയ തന്‍റെ ഇളയച്ഛന്‍ തിരികെ വരാന്‍ വേണ്ടി കാത്തുനിന്നു. അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ അയാളെയും കൊലപ്പെടുത്തി. ശേഷമാണ് അവിടെ നിന്നും പണവും ആഭരണങ്ങളും മറ്റും മോഷ്ടിച്ചത്. 

ഇതെല്ലാം റാമോസ്, ക്രൂസിന്‍റെ വിചാരണവേളയില്‍ തുറന്ന് പറഞ്ഞു. എന്നാല്‍, ഈ കൊലപാതകങ്ങളെല്ലാം നടക്കുമ്പോള്‍ റാമോസ് അത് തടയാനോ ആരെയെങ്കിലും വിവരം അറിയിക്കാനോ ശ്രമിച്ചില്ല. മാത്രമല്ല കവര്‍ച്ചയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അവള്‍ക്കിപ്പോള്‍ 25 വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്.