എന്തൊക്കെയാണ് അവളുടെ ജോലി എന്നല്ലേ? അതിഥികളെ സ്വീകരിക്കുക, ശവകുടീരങ്ങൾ വിൽക്കുക, മരിച്ചവരുടെ ബന്ധുക്കൾക്ക് വേണ്ടി ശവകുടീരങ്ങൾ തൂത്തുവാരുക ഈ ജോലികളൊക്കെ ടനയ്ക്ക് ചെയ്യേണ്ടതായി വരും.
ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നത് ഇന്ന് മിക്കവാറും കഠിനമായ ഒരു ജോലി തന്നെയാണ്. മിക്ക കമ്പനികളും ആ തരത്തിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ മിക്കവരും ഇപ്പോൾ തങ്ങളുടെ സ്വകാര്യജീവിതം കൂടി നന്നായി കൊണ്ടുപോകാൻ കഴിയുന്ന, മനസമാധാനം തരുന്ന ജോലികൾ തെരഞ്ഞെടുക്കാറുണ്ട്. ചൈനയിൽ നിന്നുമുള്ള ഈ യുവതിയും അത് തന്നെയാണ് ചെയ്തത്. അവർ തെരഞ്ഞെടുത്തത് സെമിത്തേരിയിലെ ജോലിയാണ്.
22 -കാരിയായ ടാനാണ് ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോകുന്നതിനും ഓഫീസിലെ രാഷ്ട്രീയം ഒഴിവാക്കുന്നതിനും വേണ്ടി ഇങ്ങനെ ഒരു ജോലി തെരഞ്ഞെടുത്തത്. ചൈനീസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ യുവതിയാണ് ടാൻ. അതിനാൽ തന്നെ പുതുതലമുറയ്ക്ക് ഇത്തരം കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുന്നത് എന്തുകൊണ്ട് എന്നൊരു ചർച്ച തന്നെ ടാനിന്റെ തീരുമാനത്തെ തുടർന്ന് ഉണ്ടായി.
കഴിഞ്ഞയാഴ്ച ചൈനയിലെ ടിക്ടോക്കിന് സമാനമായ Douyin -ൽ ഇതുമായി ബന്ധപ്പെട്ട ചില വീഡിയോകളും ചിത്രങ്ങളും ടാൻ പോസ്റ്റ് ചെയ്തിരുന്നു. സാമാധാനപൂർണമായ തന്റെ ജോലിസ്ഥലം എന്നാണ് ടാൻ സെമിത്തേരിയെ വിശേഷിപ്പിക്കുന്നത്. അവയിലൊന്നിൽ പടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു മലഞ്ചെരിവിലുള്ള സെമിത്തേരി കാണാമായിരുന്നു.
സഹപ്രവർത്തകർക്കൊപ്പം സ്ഥലത്തെ ഡോർമിറ്ററിയിലാണ് അവളുടെ താമസവും. ഇനി എന്തൊക്കെയാണ് അവളുടെ ജോലി എന്നല്ലേ? അതിഥികളെ സ്വീകരിക്കുക, ശവകുടീരങ്ങൾ വിൽക്കുക, മരിച്ചവരുടെ ബന്ധുക്കൾക്ക് വേണ്ടി ശവകുടീരങ്ങൾ തൂത്തുവാരുക ഈ ജോലികളൊക്കെ ടാനിന് ചെയ്യേണ്ടതായി വരും. ആഴ്ചയിൽ ആറ് ദിവസമാണ് ജോലി. രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ജോലി. ഉച്ചഭക്ഷണത്തിന് രണ്ട് മണിക്കൂർ ഇടവേള കിട്ടും. ഏകദേശം 45000 -ത്തിന് മുകളിൽ ശമ്പളവും കിട്ടും.
ഏതായാലും ടാനിന്റെ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് കിട്ടിയത്. നല്ല ജോലിയാണ് എന്നും ഓഫീസിലെ വൃത്തികെട്ട രാഷ്ട്രീയമൊന്നും കാണണ്ടല്ലോ, സമാധാനമുണ്ടല്ലോ എന്നും പലരും കമന്റ് ചെയ്തു.
