20 വർഷം മുമ്പാണ് മിസ്സി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. പിന്നാലെ അതിനോട് ആവേശം തോന്നുകയായിരുന്നു. പിന്നെ തുടരെ തുടരെ ടാറ്റൂ ചെയ്തു.
ടാറ്റൂവിന് വളരെ അധികം പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ, ഇതിലെല്ലാം ഉപരിയായി വിദേശ രാജ്യങ്ങളിൽ ആളുകൾ മുഖത്തും കണ്ണിലും വരെ ടാറ്റൂ ചെയ്യുന്നുണ്ട്. അനവധിപ്പേരാണ് അങ്ങനെ ടാറ്റൂ ചെയ്ത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റുകയും അതുപോലെ വിമർശിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. മുഖം പോലും മറക്കുന്നത്ര ടാറ്റൂവുമായി പ്രത്യക്ഷപ്പെടുന്നവരും അനേകമുണ്ട്. വലിയ തുകയാണ് ഇങ്ങനെ ടാറ്റൂ ചെയ്യുന്നതിന് വേണ്ടി ഇവർ ചെലവഴിക്കുന്നത്.
അതുപോലെ മുഖം നിറയെ ടാറ്റൂ ചെയ്ത ഒരു സ്ത്രീ പറയുന്നത്, മറ്റുള്ളവർ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മൂന്ന് തവണ തനിക്ക് ടിക്ടോക്കിൽ നിന്നും ബാൻ കിട്ടിയിട്ടുണ്ട് എന്നാണ്. മിസ്സി സ്ലോൺ എന്ന സ്ത്രീയാണ് താൻ ടാറ്റൂ ചെയ്തതിന്റെ പേരിൽ മാത്രം ഇങ്ങനെ ആളുകളുടെ വിമർശനത്തിന് പാത്രമാകുന്നു എന്നും ആളുകൾ തന്റെ പ്രൊഫൈൽ വരെ പൂട്ടിക്കാൻ ശ്രമിക്കുന്നു എന്നും പരാതി പറയുന്നത്.
പലരും സോഷ്യൽ മീഡിയയിൽ വന്ന് തന്നെ വിമർശിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്യുന്നു. ഒരു ജോലി കിട്ടില്ല. പുറത്തിറങ്ങാൻ കഴിയില്ല എന്നൊക്കെയാണ് പലരും പറയുന്നത്. താൻ ആ കമന്റുകൾക്കൊന്നും മറുപടി നൽകാറില്ല. എന്നാൽ, തന്റെ അക്കൗണ്ട് പലതവണ അവർ റിപ്പോർട്ട് ചെയ്തു. അതിനാൽ തന്നെ മൂന്ന് തവണ ടിക്ടോക്കിൽ ബാൻ കിട്ടി എന്നും മിസ്സി പറയുന്നു.
20 വർഷം മുമ്പാണ് മിസ്സി ആദ്യമായി ടാറ്റൂ ചെയ്യുന്നത്. പിന്നാലെ അതിനോട് ആവേശം തോന്നുകയായിരുന്നു. പിന്നെ തുടരെ തുടരെ ടാറ്റൂ ചെയ്തു. തന്റെ മുഖത്ത് മാത്രം മൂന്ന് ലെയർ താൻ ടാറ്റൂ ചെയ്തു എന്നും മിസ്സി പറയുന്നുണ്ട്. ചിലപ്പോൾ നല്ല വേദയുണ്ടാകും. എന്നാലും താൻ ടാറ്റൂ ചെയ്യുന്നത് ഇഷ്ടപ്പെടുന്നു എന്നാണ് മിസ്സി പറയുന്നത്. ഏതായാലും, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അക്കൗണ്ട് പൂട്ടിക്കാൻ ശ്രമിച്ചാലും താൻ തന്റെ ടാറ്റൂ പ്രേമം ഉപേക്ഷിക്കില്ല എന്നാണ് മിസ്സി പറയുന്നത്.
