രാജസ്ഥാനിലെ ബാർമറിൽ ഒരു പൊതു ഡിജെ പരിപാടിക്കിടെ നൃത്തം ചെയ്യുകയായിരുന്ന വൃദ്ധയെ ദീപാറാം എന്നയാൾ പിന്നിൽ നിന്ന് ചവിട്ടി വീഴ്ത്തി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപകമായ പ്രതിഷേധം ഉയരുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജസ്ഥാനിലെ ബാർമറിലെ ബഖാസർ പ്രദേശത്ത് ഒരു പൊതു ഡിജെ പരിപാടിക്കിടെ നൃത്തം ചെയ്ത വൃദ്ധയെ ഒരാൾ ചവിട്ടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവാവിന്‍റെ പ്രവർത്തി വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. പിന്നാലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ചവർ, ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ വൃദ്ധയെ ചവിട്ടിയ ദീപാറാമിനെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തി
ബഖാസർ പോലീസ് സ്റ്റേഷൻ പരിധിയിലെ ജതോൺ കാ ബേര സർല ഗ്രാമത്തിലാണ് സംഭവം നടന്നത്, വീഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ മനുഷ്യത്വരഹിതമായ പെരുമാറ്റമെന്നായിരുന്നു നിരവധി പേർ എഴുതിയത്. പോലീസ് പറയുന്നതനുസരിച്ച്, ബഖാസർ ഗ്രാമത്തിൽ ഒരു പ്രാദേശിക പരിപാടി നടക്കുകയായിരുന്നു, അവിടെ ഒരു ഡിജെ സംഗീതം സ്പീക്കറിലൂടെ കേൾപ്പിച്ചിരുന്നു. ഇതോടെ പാട്ടിനൊത്ത് നൃത്തം ചെയ്യാനായി ഗ്രാമവാസികൾ ഒത്തുകൂടി. ഇതിനിടെ സ്ഥലത്തെത്തിയ ഒരു വൃദ്ധയായ സ്ത്രീയും പാട്ടിനൊപ്പം ചുവടുവച്ചു. ഇത് കണ്ട് ആൾക്കൂട്ടത്തിൽ നിന്ന ദീപാറാം ഒരു പ്രകോപനവും ഇല്ലാതെ വൃദ്ധയെ പിന്നിൽ നിന്നും ചവിട്ടി വീഴ്ത്തുകയായിരുന്നു. പിന്നാലെ യുവാക്കൾ അവിടെ വച്ച് നൃത്തം ചവിട്ടി.
സ്ത്രീ സുരക്ഷ
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലായി. ഇതോടെ യുവാവിനെതിരെ വലിയ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന്, ബഖാസർ പോലീസ് ദീപാറാമിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പൊതുസ്ഥലത്ത് ഒരു സ്ത്രീയെ ആക്രമിക്കുന്നത് ഒരു കുറ്റകൃത്യമാണ്, പാരമ്പര്യമല്ല. നിയമം വേഗത്തിൽ പ്രവർത്തിക്കണം, അല്ലെങ്കിൽ നിശബ്ദത ഈ അക്രമത്തിന് വഴിയൊരുക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. രാജസ്ഥാൻ സ്ത്രീകൾക്ക് നരകമാണെന്നായിരുന്നു മറ്റൊരു കുറിപ്പ്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷയിൽ നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. ക്രൂരതയ്ക്കും ഒരു പരിധിയുണ്ട്. ഒരു രാക്ഷസന് മാത്രമേ ഒരു സ്ത്രീയെ ഇങ്ങനെ ചവിട്ടാൻ കഴിയൂവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്.


