Asianet News MalayalamAsianet News Malayalam

വീട്ടുജോലിക്കാരിയായ യുവതിക്ക് ഒരുകോടി രൂപ ലോട്ടറി അടിച്ചു; പേടിച്ചുവിറച്ച യുവതി പൊലീസിൽ അഭയം തേടി

ബംഗാൾ സ്വദേശിയായ പുത്തുൽ ഹരി എന്ന് യുവതിക്കാണ് താൻ എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ അടിച്ചത്.

woman works as domestic help win one crore lottery
Author
First Published Jan 12, 2023, 1:49 PM IST

ലോട്ടറി അടിക്കുക എന്നത് ഒരു മഹാഭാഗ്യമായാണ് നാം എല്ലാവരും കരുതുന്നത്. അനവധി ആളുകൾ എടുക്കുന്ന ലോട്ടറിയിൽ ഒരാളെ മാത്രം തേടിവരുന്ന ഒരു മഹാഭാഗ്യം തന്നെയാണ് അത്. ഒന്നാം സമ്മാനം കിട്ടിയില്ലെങ്കിലും ഒരു ചെറിയ തുകയെങ്കിലും കിട്ടണം എന്ന ആഗ്രഹത്തിലാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്. ആ ആഗ്രഹം തന്നെയാണ് ഒരുതവണ കിട്ടിയില്ലെങ്കിലും വീണ്ടും വീണ്ടും ലോട്ടറി എടുക്കാൻ ഓരോരുത്തരെയും പ്രേരിപ്പിക്കുന്നത്. ലോട്ടറി അടിച്ചതിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്. 

എടുത്ത ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം അടിച്ചു എന്ന് അറിയുമ്പോൾ ആരിലായാലും ചെറിയ പരിഭ്രാന്തി ഒക്കെ ഉണ്ടാകും. എന്നാൽ, കഴിഞ്ഞ ദിവസം ബംഗാളിൽ വീട്ടുജോലിക്കാരിയായ ഒരു യുവതിക്ക് ഒരു കോടിയുടെ ലോട്ടറി അടിച്ചു. ഈ വിവരം അറിഞ്ഞതോടെ ഭയന്നുപോയ അവർ നേരെ പോയത് എങ്ങോട്ടാണെന്ന് അറിയാമോ? പൊലീസ് സ്റ്റേഷനിലേക്ക്. തനിക്ക് ലോട്ടറി അടിച്ച വിവരം അറിഞ്ഞ ആരെങ്കിലും തന്നെ ഉപദ്രവിക്കാൻ എത്തുമോ എന്ന് ആശങ്കയിൽ ആയിരുന്നു യുവതി ഇങ്ങനെ ചെയ്തത്.  

ബംഗാൾ സ്വദേശിയായ പുത്തുൽ ഹരി എന്ന് യുവതിക്കാണ് താൻ എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായി ഒരു കോടി രൂപ അടിച്ചത്. ഏറെ നിർധനമായ സാമ്പത്തിക അവസ്ഥയിൽ കഴിയുന്ന ഇവർ പല വീടുകളിൽ വീട്ടുജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. കൂലി വേലക്കാരൻ ആണ് ഇവരുടെ ഭർത്താവും. അപ്രതീക്ഷിതമായി തങ്ങളെ തേടിവന്ന മഹാഭാഗ്യത്തിന്റെ അങ്കലാപ്പിലാണ് ഇവർ ഇപ്പോൾ. 

30 രൂപ കൊടുത്ത് താൻ എടുത്ത ടിക്കറ്റ് ആണ് ഒന്നാം സമ്മാനം എന്നറിഞ്ഞപ്പോൾ സന്തോഷത്തേക്കാൾ ഉപരി പരിഭ്രാന്തിയാണ് ഉണ്ടായത് എന്നാണ് ഇവർ പറയുന്നത്. ലോട്ടറി അടിച്ചു എന്നറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തി പണം സ്വന്തമാക്കുമോ എന്ന് പേടിയായിരുന്നു തനിക്കെന്നും അതുകൊണ്ടാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായത്തിനായി ഓടിയതെന്നും ഇവർ പറയുന്നു. പശ്ചിമബംഗാളിലെ അസൻസോൾ സ്വദേശിയായ ഇവർ അസൻസോൾ പൊലീസ് സ്റ്റേഷനിലാണ് സഹായത്തിനായി ചെന്നത്.

സ്വന്തമായി ഒരു വീട് വയ്ക്കാനും കിടപ്പുരോഗിയായ മകൻറെ ചികിത്സക്കും മകളുടെ വിവാഹത്തെ തുടർന്നുണ്ടായ കടബാധ്യത ഇല്ലാതാക്കാനും ആണ് ലോട്ടറി തുക ആദ്യം ഉപയോഗിക്കുക എന്ന് ഇവർ പറഞ്ഞു. ലോട്ടറി അടിച്ചെങ്കിലും താൻ വീട്ടുജോലി ഉപേക്ഷിക്കില്ലെന്നും തുടർന്നും ഇതേ ജോലി തന്നെ തുടരുമെന്നും ആണ് ഇവർ പറയുന്നത്. കാരണം നാട്ടിൽ തന്നെ കാത്തിരിക്കുന്ന നിരവധി വീടുകൾ ഉണ്ടെന്നും തനിക്ക് ലോട്ടറി അടിച്ചത് അവർക്കാർക്കും ഒരു ബുദ്ധിമുട്ട് ആകരുതെന്നുമാണ് ഇവരുടെ പക്ഷം.

Follow Us:
Download App:
  • android
  • ios