Asianet News MalayalamAsianet News Malayalam

ടി​ഗ്രേയിൽ സ്ത്രീകളെ ബലാത്സം​ഗം ചെയ്‍ത് സായുധസേന, പുരുഷന്മാർക്കുമേൽ ബന്ധുക്കളെ പീഡിപ്പിക്കാൻ നിർബന്ധം

ആ യാത്രയിൽ പലരും കൊല്ലപ്പെട്ടു, സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളായി, ചിലർ ഗർഭിണികളായി, ചിലർ വഴിയോരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

women are being gangraped by force in Tigray
Author
Tigray, First Published Mar 29, 2021, 12:02 PM IST

സംഘർഷ ഭരിതമായ എത്യോപ്യയുടെ വടക്കൻ ടിഗ്രേ മേഖലയിൽ ഭയാനകമായ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. തോക്ക് ചൂണ്ടി സ്ത്രീകളെ കൂട്ടമാനഭംഗം നടത്തുകയും, സ്വന്തം കുടുംബാംഗങ്ങളെ തന്നെ ബലാത്സംഗം ചെയ്യാൻ പുരുഷന്മാരെ നിർബന്ധിക്കുകയും ചെയ്യുന്നതായി ഐക്യരാഷ്ട്രസഭയും പറയുന്നു. വടക്കൻ സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ സെന്ററുകളിൽ അഞ്ഞൂറിലധികം ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, യഥാർത്ഥ എണ്ണം വളരെ ഉയർന്നതായിരിക്കാമെന്നും എത്യോപ്യയിലെ യു എനിന്റെ എയ്ഡ് കോർഡിനേറ്റർ വഫാ സെയ്ദ് പറഞ്ഞു.

സായുധസേന തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് സ്ത്രീകൾ പറയുന്നതായി അവർ പറഞ്ഞു. കൂട്ടബലാത്സംഗം, കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് ബലാത്സംഗം, അക്രമ ഭീഷണിയെത്തുടർന്ന് പുരുഷന്മാർ സ്വന്തം കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യാൻ നിർബന്ധിതരാവുക തുടങ്ങിയ കൊടുംക്രൂരതകളാണ് അവിടെ നടക്കുന്നത്. ഈ അതിക്രമങ്ങളെക്കുറിച്ച് വിനാശകരമായ ഒരു റിപ്പോർട്ട് ബ്രിട്ടന്റെ ചാനൽ 4 അടുത്തിടെ സംപ്രേഷണം ചെയ്തു. അതിൽ ഒരു സ്ത്രീ (സർവൈവർ) അവർ അനുഭവിച്ച 10 ദിവസത്തെ കഠിനമായ അഗ്നിപരീക്ഷയെക്കുറിച്ച് പറയുന്നു. അവരെയും മറ്റ് അഞ്ച് സ്ത്രീകളും എറിട്രിയൻ സൈനികർ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സൈനികർ ഫോട്ടോയെടുക്കുകയും മയക്കുമരുന്ന് കുത്തിവയ്ക്കുകയും പാറയിൽ അവരെ കെട്ടിയിടുകയും കുത്തി മുറിവേല്പിക്കുകയും തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ചെയ്തു. സൈനികർ ഒരു സ്ത്രീയുടെ യോനിയിൽ ആണി, കല്ല്, പ്ലാസ്റ്റിക് എന്നിവ കുത്തി നിറച്ചതായി ടിഗ്രായൻ സ്ത്രീകളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു.

women are being gangraped by force in Tigray

കഴിഞ്ഞ വർഷം നവംബറിൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് പ്രാദേശിക നേതാക്കൾക്കെതിരെ സർക്കാർ ആക്രമണം പ്രഖ്യാപിച്ചതിനുശേഷം ടൈഗ്രേയിൽ പീഡനത്തിന്റെയും, കൊലപാതകത്തിന്റെയും ഒരു നീണ്ട പരമ്പര തന്നെ അരങ്ങേറുകയാണ്. 2012 വരെ മൂന്ന് പതിറ്റാണ്ടായി എത്യോപ്യ ഭരിച്ചിരുന്ന ടിഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് എന്ന പാർട്ടിയെ ലക്ഷ്യമിട്ടാണ് സർക്കാർ ആക്രമണം നടത്തുന്നതെന്ന് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ അഹമ്മദ് പറഞ്ഞു. അയൽരാജ്യമായ എറിട്രിയയിൽ നിന്നുള്ള സൈനികരെയും ഉൾപ്പെടുത്തി വംശീയ അക്രമത്തിന്റെ ഒരു തരംഗം അഴിച്ചുവിടുകയാണ് സർക്കാർ. ഇത് ജനങ്ങളെ  വിവേചനരഹിതമായി കൊന്നൊടുക്കാനും, ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യാനും, ഭക്ഷണമില്ലാതെ അവശേഷിക്കാനും കാരണമായി. ആളുകൾ ഉടുതുണിയോടെ പ്രാണഭയം കൊണ്ട് രായ്ക്കുരാമാനം ഓടി രക്ഷപ്പെടുകയായിരുന്നു. 'അവർ പൊതുവെ പരിഭ്രാന്തരാണ്. സുരക്ഷ തേടി അവർ നടത്തിയ പ്രയാസകരമായ യാത്രയുടെ കഥകൾ വേദനയൂറുന്നതാണ്. ചിലർ രണ്ടാഴ്ചയെടുത്ത് 300 മൈൽ വരെ നടന്നതായി റിപ്പോർട്ടുണ്ട്' സെയ്ദ്  പറഞ്ഞു.

ആ യാത്രയിൽ പലരും കൊല്ലപ്പെട്ടു, സ്ത്രീകൾ ബലാത്സംഗത്തിന് ഇരകളായി, ചിലർ ഗർഭിണികളായി, ചിലർ വഴിയോരത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എറിട്രിയൻ പട്ടാളക്കാർ പതിവായി സാധാരണക്കാരെ കൊല്ലുകയും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും, പീഡിപ്പിക്കുകയും, വീടുകളും വിളകളും കൊള്ളയടിക്കുകയും ചെയ്തുവെന്ന് ടിഗ്രേയിലെ ഡസൻ കണക്കിന് സാക്ഷികൾ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അതിക്രമത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് എറിട്രിയ പ്രതികരിച്ചിട്ടില്ല. അതേസമയം എത്യോപ്യൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ എറിട്രിയ സമ്മതിച്ചിട്ടുണ്ടെന്ന് എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്ററിലൂടെ പ്രസ്താവിച്ചു. അതിർത്തി പ്രദേശത്തിന്റെ കാവൽ എത്യോപ്യൻ ദേശീയ പ്രതിരോധ സേന ഉടൻ ഏറ്റെടുക്കുമെന്നും അബി പറഞ്ഞു.

women are being gangraped by force in Tigray

അതിക്രമങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അക്രമത്തെ 'വംശീയ ഉന്മൂലനം' എന്ന് വിശേഷിപ്പിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം ഇതാദ്യമായാണ് അബി അഹമ്മദ് അതിക്രമങ്ങൾ നടത്തിയെന്ന് സമ്മതിക്കുന്നത്. ബലാത്സംഗമോ മറ്റ് യുദ്ധക്കുറ്റങ്ങൾക്കോ കാരണക്കാരായ സൈനികർക്ക് ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ മേഖലയിലെ സാഹചര്യങ്ങളെ പെരുപ്പിച്ചു കാണിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്തിന് വേണ്ടിയാണ് ടിഗ്രേയിലെ യുദ്ധം?

എത്യോപ്യയിലെ അർദ്ധ സ്വയംഭരണ പ്രദേശമായ ടിഗ്രേയിൽ ഭരണകക്ഷിക്കെതിരെ ആക്രമണം നടത്താൻ അഹമ്മദ് ഉത്തരവിട്ടതിനെത്തുടർന്നാണ് നവംബറിൽ സംഘർഷം ആരംഭിച്ചത്. തലസ്ഥാനമായ അഡിസ് അബാബയിലെ ടൈഗ്രേ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ടും അഹമ്മദിന്റെ കേന്ദ്ര സർക്കാരും തമ്മിലുള്ള ദീർഘകാല സംഘർഷത്തിന്റെ ഫലമായിരുന്നു അത്. എത്യോപ്യയിലെ ഭരണകക്ഷിയായിരുന്നു ടിപിഎൽഎഫ്, അനേകം പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തുകയും ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി തീരുകയും ചെയ്തു.      

എന്നാൽ, ആ സർക്കാറിനെതിരെ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴാണ് 2018 -ൽ അബി അധികാരത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം വർദ്ധിപ്പിക്കാനും പ്രാദേശിക സ്വയംഭരണാധികാരം കുറയ്ക്കാനും അദ്ദേഹം ഉടൻ ശ്രമിച്ചു. ടി‌പി‌എൽ‌എഫ് ഉദ്യോഗസ്ഥരെ സർക്കാർ ജോലിയിൽ നിന്ന് നീക്കം ചെയ്തു. ചിലരിൽ അഴിമതി ആരോപിച്ചു. നവംബറിൽ സായുധ പോരാട്ടം ആരംഭിക്കുന്നതുവരെ ഇരുകൂട്ടരും തമ്മിലുള്ള സംഘർഷം വളർന്നു കൊണ്ടിരുന്നു. അബിയുടെ സൈന്യത്തിൽ ചേരാൻ എറിട്രിയൻ സൈന്യം അതിർത്തി കടന്നതോടെ കാര്യങ്ങൾ കൂടുതൽ കലുഷിതമായി.  

women are being gangraped by force in Tigray

എത്യോപ്യയ്ക്കുള്ളിൽ എറിട്രിയൻ സേനയുടെ സാന്നിധ്യം ഉണ്ടെന്ന ആരോപണം അബിയും സർക്കാരും നിഷേധിച്ചു. പക്ഷേ, തെളിവുകൾ പുറത്തായപ്പോൾ, എറിട്രിയൻ സൈന്യം അതിർത്തി കടന്നതായി സമ്മതിക്കാൻ അദ്ദേഹം നിർബന്ധിതനായി. എത്യോപ്യ-എറിത്രിയൻ യുദ്ധത്തിന് പ്രധാന കാരണക്കാരായ ടിപിഎൽഎഫ്, സർക്കാരിനെ ആക്രമിക്കുമോ എന്ന ഭയത്താലാണ് അവർ വന്നതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എത്യോപ്യയും എറിട്രിയയും തമ്മിലുള്ള നീണ്ട യുദ്ധം അവസാനിപ്പിച്ചതിന് 2019 -ൽ അബിയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. എറിട്രിയ എത്യോപ്യയുടെ ഭാഗമായിരുന്നുവെങ്കിലും 1990 -കളുടെ തുടക്കത്തിൽ സ്വാതന്ത്ര്യസമരത്തെ തുടർന്ന് അത് വിമോചിക്കപ്പെട്ടു.

ഏറ്റവും വലിയ മനുഷ്യാവകാശ അതിക്രമങ്ങളാണ് എറിട്രിയൻ സേനയുടെ മേൽ ഇപ്പോൾ ആരോപിക്കപ്പെടുന്നത്. അതിക്രമങ്ങളെക്കുറിച്ച് യുഎസിൽ നിന്നും ഐക്യരാഷ്ട്രസഭയിൽ നിന്നും ആവർത്തിച്ച് അപലപിച്ചിട്ടും, ക്രൂരത തുടരുകയായിരുന്നുവെന്ന് പറയപ്പെടുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാവുന്നത് അത് കൂടുതൽ കഠിനമാവുകയാണ് എന്നാണ്. സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അബിയെ ബന്ധപ്പെട്ടു. അക്രമം അവസാനിപ്പിക്കാൻ എത്യോപ്യൻ നേതാവിനുമേലെ നയതന്ത്ര സമ്മർദ്ദം വർദ്ധിക്കുന്നുവെന്നതിൽ സംശയമില്ല.

Follow Us:
Download App:
  • android
  • ios