എന്നാല്‍, സ്ത്രീകളുടെ ഒരുകൂട്ടം പെയിന്‍റിംഗ് പണിക്കിറങ്ങുന്നത് കണ്ടപ്പോള്‍ നാട്ടുകാരുടെ മുഖം ചുളിഞ്ഞുവെന്ന് വിജയ പറയുന്നു. മഹാമാരി രൂക്ഷമായ സമയത്ത് സുരക്ഷയെ ചൊല്ലി അവള്‍ ജോലിയില്‍ നിന്നും ഒരു ഇടവേള എടുത്തു.
വീട് പെയിന്‍റ് ചെയ്യാന്‍ എത്തുന്നത് സാധാരണ പുരുഷന്മാരാണ് അല്ലേ? എന്നാല്‍, തമിഴ് നാട്ടിലെ മൂന്ന് സ്ത്രീകള്‍ പുരുഷന്മാര്‍ സാധാരണ ചെയ്യുന്ന ഈ തൊഴിലിലേക്ക് കാല്‍ വച്ചിരിക്കുകയാണ്. അതിലൊരാളാണ് 36 -കാരിയായ ദുര്‍ഗ. രണ്ട് കുട്ടികളുടെ അമ്മ കൂടിയായ ദുര്‍ഗ ആദ്യമായിട്ടാണ് വീടിന് പുറത്ത് ഇങ്ങനെ ഒരു ജോലിക്ക് പോകുന്നത്.
'മൂന്ന് വർഷങ്ങൾക്ക് മുമ്പ് സ്ത്രീകളെ പെയിന്‍റിംഗ് പണി പരിശീലിപ്പിച്ച എൻശക്തി എന്ന പ്രോഗ്രാമിനെക്കുറിച്ച് ഞാൻ ആദ്യമായി കേട്ടു. ഈ സവിശേഷമായ സംരംഭത്തെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ ഞാനും തൊഴില്‍ സംഗമത്തിൽ പോയിരുന്നു. പരിശീലനം സൗജന്യമാണെന്ന് കേട്ടപ്പോൾ, എന്നാല്‍ ഒന്ന് പോയിനോക്കാമെന്ന് കരുതുകയായിരുന്നു' എന്ന് അവര്‍ സോഷ്യൽസ്റ്റോറിയോട് പറഞ്ഞു.

15 ദിവസത്തെ പരിശീലനം തീവ്രമായിരുന്നു, സുരക്ഷാകാര്യങ്ങളും പെയിന്റുകൾ മിക്സ് ചെയ്യുന്നത് മുതല്‍ ഒരു വീട് മുഴുവൻ പെയിന്റ് ചെയ്യുന്നതിനെ കുറിച്ച് വരെ അവർ സംസാരിച്ചു. താമസിയാതെ, ഗ്രാമത്തിലെ മറ്റ് 25 സ്ത്രീകളും അവളോടൊപ്പം ചേരാൻ സമ്മതിച്ചു. തന്റെ കുടുംബത്തിന്‍റെ പ്രോത്സാഹനം ഉണ്ടെങ്കിലും അതൊരു മുഴുവന്‍ സമയ തൊഴിലാക്കി മാറ്റുന്നതിനോട് ആശങ്കയുണ്ട് എന്നും ദുര്‍ഗ പറയുന്നു. താന്‍ വീഴുമോ തനിക്ക് പരിക്ക് പറ്റുമോ എന്നെല്ലാം അയല്‍ക്കാര്‍ക്കാണ് കൂടുതല്‍ ആശങ്ക എന്നും അവള്‍ പറയുന്നു.
പലരും അവളോട് പറഞ്ഞത് അവളുടെ തയ്യല്‍ ജോലി തന്നെ തുടരാനാണ്. പെയിന്‍റിംഗൊന്നും പെണ്ണുങ്ങള്‍ക്ക് പറഞ്ഞ ജോലിയല്ലെന്നും പലരും പറഞ്ഞു. അതിനൊന്നും അവള്‍ കാതുകൊടുത്തില്ല. ഇപ്പോള്‍ മൂന്നുവര്‍ഷമായി അവള്‍ ഈ ജോലി ചെയ്യുന്നു. ഇപ്പോള്‍ അവള്‍ കോണ്‍ട്രാക്ടറാണ്. എന്‍ശക്തിയില്‍ നിന്നുമിറങ്ങിയ ആദ്യ വനിതാ കോണ്‍ട്രാക്ടറും അവള്‍ തന്നെ. അവളുടെ മക്കളെയും സ്വന്തം സ്വപ്നം പിന്തുടരാന്‍ പ്രാപ്തരാക്കുമെന്നും അവള്‍ പറയുന്നു. മകള്‍ക്ക് പൊലീസുദ്യോഗസ്ഥയാവാനാണ് ഇഷ്ടം. മകന് ഒരു കാര്‍ഷിക ബിസിനസ് സംരംഭം തുടങ്ങാനും.
മരകത്തൂരിലുള്ള വിജയയും പെയിന്‍റിംഗ് പണി ചെയ്യുന്ന സ്ത്രീയാണ്. ഒരു കാര്‍ഷിക കുടുംബത്തിലേക്കാണ് അവള്‍ വിവാഹം കഴിച്ചെത്തിയത്. എന്നാല്‍, ഭര്‍ത്താവിന് ചെന്നൈയിലെ ഒരു ഹോട്ടലിലായിരുന്നു ജോലി. എന്നാല്‍, മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടു. അങ്ങനെ വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായപ്പോൾ ഒരിടത്ത് തയ്യല്‍ പരിശീലനത്തിന് പോയപ്പോഴാണ് സ്ത്രീകള്‍ക്ക് പെയിന്‍റിംഗ് പണിയില്‍ പരിശീലനം നല്‍കുന്നുണ്ട് എന്നറിഞ്ഞത്. പരിശീലനം കഴിഞ്ഞയുടനെ ജോലിയെടുക്കാനും തുടങ്ങി.

എന്നാല്‍, സ്ത്രീകളുടെ ഒരുകൂട്ടം പെയിന്‍റിംഗ് പണിക്കിറങ്ങുന്നത് കണ്ടപ്പോള്‍ നാട്ടുകാരുടെ മുഖം ചുളിഞ്ഞുവെന്ന് വിജയ പറയുന്നു. മഹാമാരി രൂക്ഷമായ സമയത്ത് സുരക്ഷയെ ചൊല്ലി അവള്‍ ജോലിയില്‍ നിന്നും ഒരു ഇടവേള എടുത്തു. ആ സമയത്ത് അവള്‍ സ്വന്തം വീട് പെയിന്‍റ് ചെയ്തു. അതുകണ്ടപ്പോള്‍ പരിഹസിച്ചിരുന്ന അതേ ആളുകള്‍ തന്നെ അവരുടെ വീട് പെയിന്‍റ് ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും വിജയ പറയുന്നു.
ഏതായാലും ജോലിസ്ഥലം മിസ് ചെയ്യുന്നുണ്ട് എന്നും അടുത്ത മാസം മുതല്‍ വൈറസ് ബാധ കുറയുന്നുണ്ടെങ്കില്‍ ജോലിക്ക് പോയിത്തുടങ്ങുമെന്നും വിജയ പറയുന്നു. വിജയയുടെ മൂത്ത മകള്‍ക്ക് ഡോക്ടറാവാനും ഇളയവള്‍ക്ക് കാര്‍ഷികവിഷയത്തില്‍ കൂടുതല്‍ പഠിക്കാനുമാണ് താല്‍പര്യം.
(കടപ്പാട്: സോഷ്യൽ സ്റ്റോറി)
