ഇത് നൈസിലേക്ക് പോകുമോ എന്ന് ഇവർ ഒരു യാത്രക്കാരിയോട് ചോദിക്കുന്നുണ്ട്. അപ്പോൾ ഇത് ടുണിസിലേക്ക് പോകും എന്നായിരുന്നു അവരുടെ മറുപടി. viral video
ബസ് മാറിക്കയറി, ട്രെയിൻ മാറിക്കയറി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ, വിമാനം മാറിക്കയറിയതായി കേട്ടിട്ടുണ്ടോ? അതാണ് അമേരിക്കയിൽ നിന്നുള്ള ഈ രണ്ട് സുഹൃത്തുക്കളുടെ കാര്യത്തിൽ സംഭവിച്ചത്. ഫ്രാൻസിലെ നൈസിലേക്ക് പോകേണ്ടതിന് പകരം ഇരുവരും എത്തിയത് ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസിലേക്കാണ്. അതേ, അബദ്ധത്തിൽ ഇവർ കയറിയത് നോർത്ത് ആഫ്രിക്കയിലെ ടുണീഷ്യയിലേക്കുള്ള വിമാനത്തിലാണ്. വിമാനത്തിൽ കയറിയ ശേഷമാണ് ഇവർ അബദ്ധം തിരിച്ചറിഞ്ഞത്.
ബ്രിട്ട്നി ഡിസിയാലോ എന്ന യുവതിയും സുഹൃത്തും റോമിൽ നിന്നാണ് ടുണിസെയർ വിമാനത്തിൽ കയറിയത്. നൈസിലേക്കാണ് വിമാനം പറക്കുന്നത് എന്ന് തന്നെയാണ് ഇരുവരും വിശ്വസിച്ചത്. എന്നാൽ, വിമാനത്തിലെ മറ്റൊരു യാത്രക്കാരി ടുണിസിലേക്കുള്ള യാത്രയിലാണെന്ന് പറയുന്നത് യാദൃശ്ചികമായി കേട്ടതോടെയാണ് എന്തോ സംഭവിച്ചിട്ടുണ്ട് എന്ന് ഇരുവർക്കും മനസിലാവുന്നത്. യുവതികൾ അപ്പോഴും കരുതിയത് തങ്ങൾക്ക് അബദ്ധമൊന്നും പറ്റിയിട്ടില്ല എന്നാണ്. എന്നാൽ, പിന്നീടാണ് തങ്ങളുടെ ടിക്കറ്റിൽ ടുണിസ് എന്ന് എഴുതിയിരിക്കുന്നത് ഇരുവരും കാണുന്നത്.
ഇത് നൈസിലേക്ക് പോകുമോ എന്ന് ഇവർ ഒരു യാത്രക്കാരിയോട് ചോദിക്കുന്നുണ്ട്. അപ്പോൾ ഇത് ടുണിസിലേക്ക് പോകും എന്നായിരുന്നു അവരുടെ മറുപടി. അങ്ങനെ ഇരുവരും ഫ്ലൈറ്റ് അറ്റൻഡന്റിന്റെ അടുത്ത് പോയി ഇത് ഫ്രാൻസിലേക്ക് പോകുമോ എന്ന് ചോദിക്കുന്നു. ഇല്ല എന്നായിരുന്നു മറുപടി.
പിന്നീട്, യുവതികളുടെ ബോർഡിംഗ് പാസിൽ ടുണിസ്, നോർത്ത് ആഫ്രിക്ക എന്ന് വ്യക്തമായി എഴുതിയിരിക്കുന്നതും ഫ്ലൈറ്റ് അറ്റൻഡന്റ് അവരെ കാണിച്ച് കൊടുത്തു. എന്തായാലും, വേറെ വഴിയില്ലാതെ ഇരുവരും ടുണിസിലെത്തി. അവിടെ എയർലൈൻ സ്റ്റാഫിനോട് പലതവണ സംസാരിച്ചിട്ടും എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാനായില്ല. എന്തായാലും, പിന്നീട് അവിടെ നിന്നും പിന്നീട് മറ്റൊരു ഫ്ലൈറ്റിൽ ഇരുവരും വെക്കേഷൻ ആഘോഷിക്കാൻ നൈസിലേക്ക് തന്നെ പോയി.
സംഭവത്തിന്റെ വീഡിയോ റെഡ്ഡിറ്റിലാണ് ഷെയർ ചെയ്തിരിക്കുന്നത്. വിമാനമല്ല, ഇവർക്ക് ടിക്കറ്റാണ് മാറിപ്പോയത് എന്നാണ് പലരും കമന്റ് നൽകിയത്.


