"ഞങ്ങളെല്ലാവരും ഭീഷണിനേരിടുന്നവരാണ്. സബയെ തട്ടിക്കൊണ്ടുപോയപോലെ ഞങ്ങളെയും തട്ടിക്കൊണ്ടുപോകുമെന്ന് ഞങ്ങൾ ഭയപ്പെടുന്നുണ്ട്" ആക്ടിവിസ്റ്റും പ്രതിഷേധക്കാരിൽ ഒരാളുമായ ഹനീൻ ഗ്രനേം പറഞ്ഞു. ഞങ്ങൾ എപ്പോൾ വേണമെങ്കിലും മരണപ്പെടാമെന്ന കാര്യം ഞങ്ങൾക്കറിയാമെന്നും അവൾ കൂട്ടിച്ചേർത്തു.
സബ അൽ മഹ്ദാവി എന്ന യുവതി, അവളന്നും ബാഗ്‍ദാദിലെ പ്രതിഷേധക്കാരെ സഹായിക്കാനായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു. പെട്ടെന്നാണ് സേന അവര്‍ക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചത്. ശ്വാസംമുട്ടിയ അവളെ സുഹൃത്തിന്‍റെ കൂടാരത്തിലേക്ക് കൊണ്ടുവന്നു. വിശ്രമമില്ലാത്ത ജോലിക്കൊടുവിൽ അവൾ ആകെ തളർന്നിരുന്നു. പക്ഷേ, അന്ന് വീട്ടിലേക്ക് പുറപ്പെട്ട അവൾ വീട്ടിലെത്തിയില്ല. കുറെ അജ്ഞാതർ ചേർന്ന് അവളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതിഷേധത്തില്‍ ചേര്‍ന്നതിനുള്ള പ്രതികാരം. കാണാതായശേഷം അവളെ കണ്ടെത്താനായുള്ള പോരാട്ടം സോഷ്യല്‍മീഡിയയിലൂടെ നടന്നു. അവളുടെ മുഖം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു 'സബ എവിടെ?' എന്ന ഹാഷ്‌ടാഗ് വൈറലാകുകയും ചെയ്‍തു.
ഇറാഖിൽ നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധത്തിന്‍റെ ഭാഗമാണ് സബയും. ബാഗ്‍ദാദും നിരവധി ഇറാഖി നഗരങ്ങളും ഇത്തരം സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ ഭരണവർഗത്തെ മടുത്ത അവിടത്തെ ജനങ്ങൾ ഇപ്പോൾ പുതിയ സർക്കാരിനായി മുറവിളികൂട്ടുകയാണ്. ഈ പ്രതിഷേധങ്ങളിൽ പുരുഷന്മാർ മാത്രമല്ല, മറിച്ച് അനവധി സ്ത്രീകളും പങ്കെടുക്കുന്നു എന്നത് ഈ പോരാട്ടത്തെ വ്യത്യസ്‍തമാക്കുന്നു.

പുരുഷാധിപത്യത്തിന്‍റെ സ്വാധീനമുള്ള ഇറാഖിൽ, സ്ത്രീകൾ സർക്കാരിനെതിരെ തെരുവുകളിൽ ഇറങ്ങി പ്രതിഷേധിക്കുന്നു എന്നത് ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. അടിമത്വത്തിന്‍റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ്, രാജ്യത്തിന്‍റെ പൊതുതാത്പര്യത്തിനായി തങ്ങളുടെ ശബ്‌ദം ഉയർത്താൻ സ്ത്രീകൾ ധൈര്യപ്പെടുന്നുണ്ട് ഇന്ന്. തലസ്ഥാനമായ ബാഗ്‍ദാദിലുടനീളം വ്യാപിച്ച ചുവർച്ചിത്രങ്ങളിൽ അവരുടെ പ്രതിഷേധം കാണാം. ഇറാഖി സ്ത്രീകളുടെ ധൈര്യത്തിനും ഉൾക്കരുത്തിനുമുള്ള ആദരവാണ് ആ ചുവർച്ചിത്രങ്ങൾ. പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഒരു വേദിയിൽ വന്ന് പ്രതിഷേധിക്കുന്നു എന്നത് ഇറാഖിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ സാമൂഹ്യമുന്നേറ്റം തന്നെയാണ്.
പ്രതിഷേധിക്കുന്ന സ്ത്രീകളിൽ പലരും വിദ്യാർത്ഥിനികളാണ്. പ്രതിഷേധക്കാർക്ക് ഭക്ഷണവും വെള്ളവും നൽകാനും പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനും അവർ സ്വയം മുന്നോട്ടുവരുന്നു. ചിലപ്പോൾ പുലർച്ചെ മുതൽ സന്ധ്യവരെ ഭക്ഷണംപോലും ഇല്ലാതെ പരിക്കേറ്റവരെ ഇവർ പരിചരിക്കുന്നു. എന്നാൽ, ഇത്തരം പ്രതിഷേധങ്ങളെ സർക്കാർ വളരെ ക്രൂരമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നു. തട്ടിക്കൊണ്ടുപോകൽ, പീഡനം, മരണം എന്നീ മാർഗ്ഗങ്ങളിലൂടെ സ്ത്രീകളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു.

സബക്കും സംഭവിച്ചതും അത് തന്നെയാണ്. കുറച്ചു ദിവസത്തിനുശേഷം മോചിതയായ സബ ധീരരായ സ്ത്രീകളുടെ പ്രതീകമായി മാറി. ഒരുപാടു സ്ത്രീകൾക്ക് ഒരു പ്രചോദനമായിമാറി അവളുടെ അടിപതറാത്ത ഉൾക്കരുത്ത്. ഇറാഖിലെ തെരുവുകളിൽ വർദ്ധിച്ചുവരുന്ന വനിതാ പ്രക്ഷോഭകരുടെ സാന്നിധ്യത്തിന് ഇത് വഴിയൊരുക്കി.
"ഞങ്ങളെല്ലാവരും ഭീഷണിനേരിടുന്നവരാണ്. സബയെ തട്ടിക്കൊണ്ടുപോയപോലെ ഞങ്ങളെയും തട്ടിക്കൊണ്ടുപോകുമെന്ന് ഞങ്ങൾ ഭയപ്പെടുന്നുണ്ട്" ആക്ടിവിസ്റ്റും പ്രതിഷേധക്കാരിൽ ഒരാളുമായ ഹനീൻ ഗ്രനേം പറഞ്ഞു. ഞങ്ങൾ എപ്പോൾ വേണമെങ്കിലും മരണപ്പെടാമെന്ന കാര്യം ഞങ്ങൾക്കറിയാമെന്നും അവൾ കൂട്ടിച്ചേർത്തു.
പക്ഷേ, സർക്കാരിന്‍റെ ഇത്തരം പേടിപ്പെടുത്തലുകൾ അവരുടെ ധൈര്യത്തെ അല്പം പോലും ചോർത്തിക്കളഞ്ഞിട്ടില്ല എന്ന് അവരുടെ ചെറുത്ത് നിൽപ്പ് തെളിയിക്കുന്നു. ഇറാഖിലെ പ്രതിഷേധങ്ങൾ സ്ത്രീശാക്തീകരണത്തിന് കാരണമാകുന്നുവെന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മറ്റൊരു വനിതാ നൂർ ഫൈസൽ പറഞ്ഞു. “ഒക്ടോബർ ഒന്നിന് ഞാൻ ഹീൽസ് ധരിച്ചാണ് പ്രതിഷേധത്തിന് പോയത്. അവർ വെടിവെയ്പ്പ് തുടങ്ങി. ഞാൻ ഹീൽസ് ധരിച്ചുകൊണ്ടു തന്നെ ഓടി. പ്രതിഷേധ സൂചകമായിട്ടാണ് ഞാൻ അത് ധരിച്ചത്. ഇറാഖി സ്ത്രീകളുടെ ഹീൽസ് സർക്കാരിനേക്കാൾ നിവർന്നതാണ് എന്ന അടിക്കുറുപ്പോടെ എന്‍റെ ഹീൽസിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി” അവൾ പറഞ്ഞു.

പ്രക്ഷോഭത്തിന്‍റെ തുടക്കക്കാരിൽ ഒരാളായിരുന്നു റുവ ഖലഫ്. ഒക്ടോബർ 25 -ന് ഖലീഫ് ഒരു ഇറാഖി പതാക അവളുടെ തോളിൽ ചുറ്റിപ്പിടിച്ചു, തനിക്കുനേരെ പാഞ്ഞുവരുന്ന കണ്ണീർവാതകത്തിനു നേരെ മുഖം തിരിക്കുന്ന ഒരു ഫോട്ടോ അവളുടെ സുഹൃത്ത് ഓൺലൈനിൽ പോസ്റ്റുചെയ്തു. അതും വലിയ ജനപ്രീതി നേടി. "പ്രതിഷേധത്തിൽ സ്ത്രീകളുടെ പങ്കാളിത്തം പുരുഷനും സ്ത്രീക്കും ഇടയിലുള്ള വേലിക്കെട്ടുകൾ തകർത്തുവെന്നും സ്ത്രീകൾ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന സാധാരണ വീക്ഷണത്തെ അത് മാറ്റിമറിച്ചു''വെന്നും അവൾ പറഞ്ഞു.
ഒക്ടോബർ ഒന്നിന് ആരംഭിച്ച പ്രതിഷേധത്തിൽ ഇതുവരെ നിരവധി ആളുകൾ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും പാത ഉപയോഗിച്ച് അവിടത്തെ സർക്കാർ ഈ പ്രക്ഷോഭങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എന്നാൽ ചെറുത്തുനിൽപ്പിന്‍റെ കരുത്തിൽ വേദനയും മുറിവുകളും വകവയ്ക്കാതെ അവർ ഉറച്ച മനസ്സോടെ പോരാടുകയാണ്.
