13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കും. വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി നൽകിയത്.
ദില്ലി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി. 13 വർഷമായി കൃത്രിമമായി ജീവൻ നിലനിർത്തുന്ന ഹരീഷ് റാണയ്ക്ക് ഉപകരണങ്ങൾ മാറ്റി സ്വാഭാവിക മരണം അനുവദിക്കുന്നതിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. വൃദ്ധ മാതാപിതാക്കളുടെ ഹർജിയിലാണ് കോടതി അനുമതി. യന്ത്രസഹായത്തോടെ മാത്രം ജീവൻ തുടരുന്നതിൽ അർത്ഥമില്ലെന്ന ഡോക്ടർമാരുടെ അഭിപ്രായവും പരിഗണിച്ചു. ഹരീഷ് റാണെയ്ക്ക് നൽകി വരുന്ന വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്നും ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2018ലാണ് രാജ്യത്ത് ദയാവധം നിയമപരമാക്കിയിട്ടുള്ള സുപ്രീംകോടതി ഉത്തരവ് വന്നത്. അതിന് ശേഷമുള്ള ആദ്യ വിധിപ്രസ്താവമാണിത്. 2013ലാണ് ഹരീഷ് റാണെ എന്ന വിദ്യാർത്ഥിയ്ക്ക് അപകടം സംഭവിക്കുന്നത്. ഛണ്ഡീഗഢിലെ കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ് റാണെയ്ക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. നീണ്ട 13 വർഷത്തോളമായി ചികിത്സയിൽ കഴിയുകയാണ് റാണെ.
അനങ്ങാൻ കഴിയാത്ത രീതിയിൽ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ഇക്കാലമത്രയും കഴിഞ്ഞിരുന്നത്. നേരത്തെ ദയാവധമെന്ന ആവശ്യം ഉന്നയിച്ച് ഹരീഷിൻ്റെ വൃദ്ധ മാതാപിതാക്കൾ ദില്ലി ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിരുന്നെങ്കിലും അനുകൂലമായ വിധിയുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ഒരു മാസത്തോളം വാദം കേട്ട കോടതി ഹരീഷ് റാണെ തിരിച്ചുവരാൻ സാധ്യതയില്ലെന്ന് ഡോക്ടർമാരുൾപ്പെടെയുള്ളവരുടെ നിർദേശത്തെ തുടർന്ന് ഒരു തീരുമാനത്തിലെത്തുകയായിരുന്നു.
വൃദ്ധമാതാപിതാക്കൾ ദീർഘനാളായി പരിചരിച്ചത് വലിയ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഏറെ കാലമായി നൽകിക്കൊണ്ടിരിക്കുന്ന വെൻ്റിലേറ്ററിൻ്റെ സഹായം ഘട്ടംഘട്ടമായി മാറ്റി എയിംസിലെ പാലിയേറ്റീവ് വിഭാഗത്തിലേക്കുൾപ്പെടെ ഹരീഷിനെ മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. സ്വാഭാവികമായ മരണം എങ്ങനെ സാധ്യമാക്കാം എന്നതിൻ്റെ നടപടികളിലേക്ക് കടക്കാനും ഡോക്ടർമാർക്ക് നിർദേശം നൽകി.



