മാത്രവുമല്ല അവന് വേണ്ടത് എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന പെണ്‍കുട്ടിയെ ആണ്. അവന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ചോര്‍ത്ത് എനിക്ക് ദുഖമുണ്ട്. ഒന്ന് അനങ്ങി മാറിയിരിക്കാന്‍ പോലും പറ്റാത്തവനാണ് അവന് വേണ്ടി എല്ലാം ചെയ്യുന്ന പെണ്‍കുട്ടിയെ വേണമെന്ന് പറയുന്നത്.  

ഇന്ത്യയില്‍ അറേഞ്ച്ഡ് വിവാഹങ്ങളില്‍ കേട്ടുവരുന്ന ചില ചോദ്യങ്ങളുണ്ട്. എല്ലാ അറേഞ്ച്ഡ് വിവാഹങ്ങളിലുമല്ല, എന്നാല്‍ ചിലര്‍ക്കെങ്കിലും ഇങ്ങനെ ചില ചോദ്യവും പറച്ചിലുമൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ടാകും. ഇവിടെ, പുരോഗമന ചിന്താഗതി വച്ചുപുലര്‍ത്തുന്ന ചില പെണ്‍കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ചിലതെല്ലാം അവര്‍ക്ക് നേരിടേണ്ടി വന്ന അനുഭവമാണെങ്കില്‍ ചിലത് അവരുടെ ചുറ്റുമുള്ളവര്‍ക്ക് സംഭവിച്ച കാര്യങ്ങളാണ്. സ്ഥിരമായി കേള്‍ക്കേണ്ടി വരുന്ന 'സ്ത്രീധനം വേണ്ട, പക്ഷെ എന്തെങ്കിലും കൊടുക്കുമല്ലോ' മുതല്‍ 'സാലറി മുഴുവനും ഞങ്ങളെ ഏല്‍പ്പിക്കണം കേട്ടോ' വരെയുണ്ടതില്‍. ചോദ്യോത്തര വെബ്സൈറ്റായ QUORA -യിലാണ് ഈ സ്ത്രീകള്‍ അനുഭവം കുറിച്ചത്. 

അധ്യാപികയാവുന്നതല്ലേ കൂടുതല്‍ നല്ലത്?
combat lady officer ആയി തെരഞ്ഞെടുക്കപ്പെട്ട ആളാണ് ഞാന്‍. പ്രൈമറി സ്കൂള്‍ ടീച്ചറായും അതിന് മുമ്പ് ജോലി ചെയ്തിട്ടുണ്ട്. അധ്യാപികയായി ജോലി കിട്ടുകയും ചെയ്തിരുന്നു. ഇതറിഞ്ഞപ്പോള്‍, അധ്യാപികയുടെ ജോലി തെരഞ്ഞെടുക്കാനാണ് ചെറുക്കന്‍റെ വീട്ടുകാര്‍ പറഞ്ഞത്. അതാകുമ്പോള്‍ ഉച്ചയ്ക്ക് ശേഷം വീട്ടിലെത്തി വീട്ടിലെ കാര്യങ്ങളൊക്കെ നോക്കിയിരിക്കാമല്ലോ..?

എന്തുകൊണ്ടാണ് തോക്കേന്തുന്ന ഒരു പെണ്‍കുട്ടിയെ ഇവര്‍ക്ക് മനസിലാകാത്തത് എന്ന് ഞാന്‍ പലപ്പോഴും ആലോചിട്ടുണ്ട്. ഇവിടെ ഫെമിനിസം പറയുന്നതല്ല, എന്‍റെ അനുഭവമാണിത്.

എങ്ങനെയാണ് ദിവസവും ജോലിക്ക് പോവുക?
വിവാഹാലോചന നടക്കുന്ന സമയത്ത് പയ്യന്‍, എങ്ങനെയാണ് ജോലിക്ക് പോവുക എന്ന് ചോദിച്ചു. കാബില്‍ എന്ന് പറഞ്ഞപ്പോള്‍, ദിവസവും കാബ് വിളിച്ച് ജോലിക്ക് പോവുക എന്നത് എങ്ങനെ ശരിയാകും. ചെലവ് കൂടുതലുള്ള ആളാണ് നീ... വിവാഹശേഷം ഇതൊന്നും തുടരാനാകുമെന്ന് കരുതരുത് എന്നാണ് ആള് മറുപടി പറഞ്ഞത്.

തടി കുറച്ചൂടേ?
ഞാന്‍ നല്ല തടിയും നീളവുമുള്ള പെണ്‍കുട്ടിയാണ്. കാണാന്‍ ആവറേജ് ലുക്കും. അങ്ങനെ പെണ്ണ് കാണാന്‍ ആളുകളെത്തി. നല്ല പയ്യനായിരുന്നു. ഞാനയാളോട് വ്യക്തമായി ചോദിച്ചിരുന്നു എന്‍റെ തടി അയാള്‍ക്കോ വീട്ടുകാര്‍ക്കോ പ്രശ്നമാണോ എന്ന്. തടി കുറക്കാനുള്ള എല്ലാ വഴിയും നോക്കിയിയിരുന്ന ആളാണ് ഞാന്‍. പക്ഷെ, എനിക്ക് പങ്കാളിയായി വേണ്ടത് ഞാനിപ്പോള്‍ എന്താണോ അങ്ങനെ എന്നെ ഉള്‍ക്കൊള്ളുന്ന ഒരാളെയായിരുന്നു. 

അയാളെല്ലാം അംഗീകരിച്ചു. വിവാഹനിശ്ചയവും കഴിഞ്ഞു. പിന്നീട് ഫോണ്‍ വിളിക്കുമ്പോഴൊക്കെ ആളുടെ അമ്മയും സഹോദരിയും എന്നെ തടി കുറക്കുന്നതിന് നിര്‍ബന്ധിക്കാന്‍ തുടങ്ങി. എല്ലാ ഫോണ്‍വിളികളിലും അവര്‍ക്ക് ചോദിക്കാനുള്ളത് ഒരേ ചോദ്യം തന്നെ തടി കുറയുന്നുണ്ടോ എന്ന്.

ഞാനിത് എന്‍റെ ഭാവിവരനോട് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞത് അത് അത്ര വലിയ കാര്യമൊന്നുമല്ല. കുറച്ച് തടി കുറക്കാന്‍ ശ്രമിക്കണം എന്നായിരുന്നു. എനിക്ക് ചതിക്കപ്പെട്ടതുപോലെ തോന്നി. അതെന്നെ ടെന്‍ഷനിലാക്കി. തടി കുറയുന്നതിന് പകരം കൂടി. 

വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുന്ന കുട്ടിയായിരിക്കണം
അച്ഛനുമമ്മയും എന്‍റെ ഇളയ സഹോദരന് പെണ്ണന്വേഷിക്കുന്ന സമയമായിരുന്നു. രണ്ട് മൂന്ന് വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ആള് കാണാന്‍ സുന്ദരനാണ്. പക്ഷെ, വീട്ടിലെ ഒരു കാര്യവും ചെയ്യാനറിയില്ല. അവന്‍റെ ഡിമാന്‍ഡ് പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം, മെലിഞ്ഞിരിക്കണം, നീളമുണ്ടാകണം എന്നതൊക്കെയായിരുന്നു. പല പെണ്‍കുട്ടികളോടും തടി കൂടുതലാണ് വേണ്ടാ എന്നവന്‍ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്. 

മാത്രവുമല്ല അവന് വേണ്ടത് എല്ലാ കാര്യങ്ങളും നോക്കിനടത്തുന്ന പെണ്‍കുട്ടിയെ ആണ്. അവന്‍ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ കുറിച്ചോര്‍ത്ത് എനിക്ക് ദുഖമുണ്ട്. ഒന്ന് അനങ്ങി മാറിയിരിക്കാന്‍ പോലും പറ്റാത്തവനാണ് അവന് വേണ്ടി എല്ലാം ചെയ്യുന്ന പെണ്‍കുട്ടിയെ വേണമെന്ന് പറയുന്നത്. 

ജോലിക്ക് പോകാം, ഡെബിറ്റ് കാര്‍ഡ് ഇവിടെ ഏല്‍പ്പിക്കണം
എന്‍റെ സഹോദരി ഒരു ഐ ടി പ്രൊഫഷണലാണ്. അവള്‍ക്ക് വേണ്ടി വിവാഹം നോക്കുന്ന സമയമാണ്. ഒരു വീട്ടുകാര്‍ വന്നു. അവരുടെ ഡിമാന്‍ഡ് ഇതായിരുന്നു. വിവാഹത്തിന് ശേഷം ജോലിക്കൊക്കെ വിടാം. പക്ഷെ, ഒരു കാര്യമുണ്ട് മരുമകള്‍ അവളുടെ ഡെബിറ്റ് കാര്‍ഡ് അമ്മായിഅമ്മയെ ഏല്‍പ്പിക്കണം. തിരിച്ച് മരുമകള്‍ക്ക് ചെലവിനായി ഒരു പോക്കറ്റ് മണിയും ഉറപ്പിക്കാമെന്ന്. 

തീര്‍ന്നില്ല, എന്‍റെ സഹോദരി അവിടെയെല്ലാവര്‍ക്കുമായി പാചകം ചെയ്യണമെന്ന് കൂടി അവര്‍ പറഞ്ഞു. അവള്‍ക്ക് പാചകം ചെയ്യുന്നതേ വെറുപ്പായിരുന്നു താനും. ഞങ്ങളാ വിവാഹം വേണ്ടെന്ന് വെച്ചു. 

ഇതൊക്കെ നല്‍കുമല്ലോ അല്ലേ?
ആദ്യമായി എന്‍റെ അച്ഛനെ കാണുമ്പോള്‍ അവര്‍ പറഞ്ഞിരുന്നത് പണമൊന്നും ഒരു വിഷയമല്ല എന്നാണ്. അവര്‍ക്ക് വിദ്യാഭ്യാസമൊക്കെയുള്ള നല്ലൊരു പെണ്‍കുട്ടിയെ മതിയെന്നും. 

രണ്ടാമത് കണ്ടപ്പോള്‍ അച്ഛനവരുടെ ഡിമാന്‍ഡിനെ കുറിച്ച് ചോദിച്ചു. അപ്പോഴാണ് അവരുടെ തനിനിറം പുറത്ത് വരുന്നത്. ആ പയ്യന്‍റെ അമ്മ ആറ് ലക്ഷം രൂപ, സ്വര്‍ണം, കാറ്, വീട്ടുസാധനങ്ങള്‍, വിവാഹനിശ്ചയത്തിന് ത്രീ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങി ഒരുപാട് ഡിമാന്‍ഡുകള്‍ മുന്നോട്ട് വെച്ചു. അച്ഛന്‍ അവരോട് പറഞ്ഞത്, നിങ്ങളുടെ മകനെ നിങ്ങള്‍ തന്നെ വെച്ചോ എന്നാണ്. 

കുട്ടിക്ക് പാചകം ചെയ്യാനറിയുമോ?
അവന്‍: പാചകം ചെയ്യുമോ?
ഞാന്‍: ചെയ്യും. നിങ്ങളോ?
അവന്‍: നീ പാചകം ചെയ്യുമെന്ന് പറഞ്ഞു കഴിഞ്ഞാല്‍ എനിക്ക് പാചകമറിയുമോ എന്നതിന് പ്രസക്തിയില്ല.

കൂടാതെ, അവന്‍ ഇത് കൂടി ചോദിച്ചു, വിവാഹശേഷവും നിങ്ങൾ വിദേശയാത്രകൾ തുടരാൻ തന്നെയാണോ ഉദ്ദേശിക്കുന്നത് എന്ന്. 

എനിക്ക് പണമുണ്ടല്ലോ, എം എഡ്ഡ് പഠിച്ചാല്‍ മതി
അന്ന് പെണ്ണ് കാണാന്‍ വന്നയാള്‍, ഇന്ന് ഐ പി എസ് ഓഫീസറാണ്. ആള് അന്ന് എന്നോട് പറഞ്ഞത് എം ബി എ ചെയ്യാനുള്ള ആഗ്രഹം ഉപേക്ഷിക്കണമെന്നാണ്. കാരണം, സിവില്‍ സര്‍വെന്‍റിന് പല നഗരത്തില്‍ ജോലി ചെയ്യേണ്ടി വരും. അങ്ങനെയാകുമ്പോള്‍ ആ നഗരങ്ങളില്‍ എനിക്ക് ജോലി കിട്ടാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് എം എഡ്ഡിന് ചേര്‍ന്നോളൂ. അധ്യാപികയാവുമ്പോള്‍ ഏത് നഗരത്തിലും എളുപ്പത്തില്‍ ജോലി കിട്ടുമെന്ന്. 

പിന്നെ പണം ഒരു പ്രശ്നമല്ല. അയാള്‍ സിവില്‍ സെര്‍വന്‍റാകുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും ശമ്പളം കിട്ടുമല്ലോ എന്നും. ഇത്തരം ആളുകളാണല്ലോ രാജ്യം നിയന്ത്രിക്കുന്നവരെന്നത് എന്നെ ആശങ്കാകുലയാക്കാറുണ്ട്. 

സ്ത്രീധനമൊന്നും വേണ്ടാ, പക്ഷെ, മകള്‍ക്ക് നിങ്ങളെന്ത് നല്‍കണമെന്ന് അറിയണം
ഇതെന്‍റെയൊരു ബന്ധുവിന്‍റെ അനുഭവമാണ്. അവളുടെ മാട്രിമോണി പ്രൊഫൈലില്‍ കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നു അവര്‍ സ്ത്രീധനത്തിനെതിരാണ് എന്ന്. എന്‍റെ അങ്കിളും ആന്‍റിയും പയ്യന്‍റെ വീട്ടുകാരെ കാണാന്‍ പോയപ്പോഴാണ് അവര്‍ പറയുന്നത്, 'നമുക്ക് യാതൊരു തരത്തിലുള്ള സ്ത്രീധനവും വേണ്ടാ. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ മകള്‍ക്ക് എന്ത് കൊടുക്കുമെന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ട്' എന്ന്. ഇത് അവരെ മാനസികമായി വളരെയധികം വേദനിപ്പിച്ചു. പ്രത്യേകിച്ച് ആ പെണ്‍കുട്ടിയെ. 

വിവാഹമെന്നാല്‍ കച്ചവടമാണോ?
ഇത് ചില പെണ്‍കുട്ടികള്‍ പങ്കുവെച്ച അനുഭവമാണ്. വേറെയും ഒരുപാട് പേര്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോഴും വിവാഹം ഒരുതരത്തിലുള്ള കച്ചവടമാണോ എന്ന ചോദ്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. പെണ്‍കുട്ടി ജോലിക്ക് പോകുന്നതിനോട് എതിര്‍പ്പ്, യാത്ര ചെയ്യുന്നതിനോട് എതിര്‍പ്പ്, അഥവാ ജോലിക്ക് പോകുന്നുണ്ടെങ്കില്‍ തന്നെ സാലറി ഭര്‍ത്താവിനെയോ വീട്ടുകാരെയോ ഏല്‍പ്പിക്കണം, പാചകം ചെയ്യണം... അങ്ങനെ പല പല ഡിമാന്‍ഡുകള്‍. കൂടാതെ, കേരളത്തിലടക്കം പലയിടങ്ങളിലും സ്ത്രീധനത്തുകയെ ചൊല്ലിയുള്ള മര്‍ദ്ദനങ്ങളും കൊലപാതകങ്ങളും നടക്കുന്നുണ്ട്. സ്ത്രീധനം നിയമം മൂലം നിരോധിച്ചതാണെങ്കിലും എന്തെങ്കിലും കൊടുക്കുമല്ലോ എന്നതില്‍ കുടുങ്ങിപ്പോകുന്ന എത്രയെത്ര പേര്‍...

തീര്‍ന്നില്ല, പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി ഒരു തീരുമാനവും എടുക്കാന്‍ പറ്റാത്ത രീതിയിലുള്ള അടിമത്തത്തിലേക്കും ചില വിവാഹങ്ങള്‍ മാറുന്നുണ്ട്. രണ്ടുപേര്‍, ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുക്കുന്നത് പരസ്പരം താങ്ങാവാനും തണലാവാനും മാത്രമല്ല, ഒരുമിച്ച് ആകാശത്തോളം പറക്കാനുമാണ്. അവിടെ എന്തിനാണ് ഇത്തരം ഡിമാന്‍ഡുകള്‍? വിവാഹത്തിന്‍റെ പേരില്‍ ഒരു പെണ്‍കുട്ടിയോട് സ്വന്തം സ്വപ്നങ്ങളും ചിന്തകളുമെല്ലാം അടക്കിവയ്ക്കാന്‍ പറയാന്‍ ആര്‍ക്കാണ് അവകാശം എന്നതും ചോദ്യമാണ്. എത്ര പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇപ്പോഴും എത്രയെത്രയോ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള ചോദ്യങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് കടന്നുപോവുന്നത് എന്നും QUORA -യില്‍ കുറിക്കപ്പെട്ട അനുഭവങ്ങള്‍ പറയുന്നു.