പോസ്റ്റിൽ മാനേജർ ജീവനക്കാരോട് വാരാന്ത്യങ്ങളിലും 8 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ വരുന്ന ആഴ്ചയിൽ അധികം മണിക്കൂറുകൾ ജോലി ചെയ്യണം എന്ന് മാനേജർ ആവശ്യപ്പെട്ടതായും പോസ്റ്റിൽ ആരോപിക്കുന്നു.
ഇന്ത്യയിലെ പല കമ്പനികളെ കുറിച്ചും ജോലി സാഹചര്യങ്ങളെ കുറിച്ചും പരാതികൾ ഉയരാറുണ്ട്. അതിൽ പ്രധാനം ജോലിസ്ഥലത്തെ ചൂഷണങ്ങൾ തന്നെയാണ്. കൂടുതൽ ജോലി ചെയ്യിച്ചും കുറച്ച് ശമ്പളം നൽകിയും ഓവർടൈമിനുള്ള കാശ് നൽകാതെയും ഒക്കെ തൊഴിലാളികളെ ചൂഷണം ചെയ്യുന്ന കമ്പനികളുണ്ട്. അത്തരത്തിലുള്ള അനുഭവങ്ങൾ പലരും സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഷെയർ ചെയ്യാറുണ്ട്. പ്രത്യേകിച്ചും റെഡ്ഡിറ്റിൽ. അങ്ങനെ ഒരു അനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
പോസ്റ്റിൽ മാനേജർ ജീവനക്കാരോട് വാരാന്ത്യങ്ങളിലും 8 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യാനാണ് ആവശ്യപ്പെടുന്നത്. അങ്ങനെ ചെയ്തില്ലെങ്കിൽ വരുന്ന ആഴ്ചയിൽ അധികം മണിക്കൂറുകൾ ജോലി ചെയ്യണം എന്ന് മാനേജർ ആവശ്യപ്പെട്ടതായും പോസ്റ്റിൽ ആരോപിക്കുന്നു. വാട്ട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ടും ഇതോടൊപ്പം നൽകിയിട്ടുണ്ട്. തന്റെ സുഹൃത്തിന്റെ ഗ്രൂപ്പിൽ വന്നതാണ് എന്ന് പറഞ്ഞാണ് സ്ക്രീൻഷോട്ട് ഷെയർ ചെയ്തിരിക്കുന്നത്.
'ഈ സ്ക്രീൻഷോട്ട് തന്റെ സുഹൃത്തിന്റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നുള്ളതാണ്. അവസാന സന്ദേശത്തിൽ അവളുടെ മാനേജർ വാരാന്ത്യങ്ങളിലും ജോലി ചെയ്യുന്നത് ഒരു സാധാരണ കാര്യമാക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്' എന്നാണ് പോസ്റ്റിൽ പറയുന്നത്.
'തനിക്ക് ഒരുപാട് പ്ലാനുകളും മറ്റു പ്രതിബദ്ധതകളും ഉണ്ട്. അതിനാൽ ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്യാൻ സാധിക്കില്ല. സാധ്യമെങ്കിൽ താനത് പൂർത്തിയാക്കാൻ ശ്രമിക്കാം' എന്നാണ് ചാറ്റിൽ പറയുന്നത്.
എന്നാൽ, അതിന് മറുപടിയായി മാനേജർ പറയുന്നത് വരുന്ന ആഴ്ച അതേക്കുറിച്ച് ചില കാര്യങ്ങളൊക്കെ തീരുമാനിക്കാനുണ്ട് എന്നാണ്. ശനി, ഞായർ ദിവസങ്ങളിൽ സാധാരണ പോലെ ജോലി ചെയ്യാൻ തയ്യാറാവണം. അല്ലെങ്കിൽ വരുന്ന ആഴ്ചകളിൽ അധികം മണിക്കൂറുകൾ ഇരുന്ന് ജോലി ചെയ്യണം. അത് താൻ എല്ലാവരോടും പറയാൻ പോവുകയാണ് എന്നും അതിന് തയ്യാറായി വന്നോളൂ എന്നുമാണ് മാനേജർ പറയുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യൻ കമ്പനികളിൽ നിലനിൽക്കുന്ന ചൂഷണത്തെ കുറിച്ചാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.
