"ന്യൂ നോർമൽ"അഥവാ ഒരു നവയുഗം ഈ കൊറോണ കാലം ലോകത്തിനു നൽകിയ പുതിയ പ്രയോഗമാണ്. കൊവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല തദനന്തര ലോകം എന്ന് സൂചിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. മഹാമാരികളും യുദ്ധങ്ങളും ഭീകരാക്രമണങ്ങളും ഒക്കെ പുതിയ പദപ്രയോഗങ്ങൾ കൊണ്ട് വരും. ഉദാഹരണത്തിന് 2001 സെപ്തംബർ 11 -ന് ന്യൂയോർക്കിൽ നടന്ന ഭീകരാക്രമണത്തിന് ശേഷമാണ് weapons of mass destruction, എംബെഡ്ഡ്ഡ് ജേർണലിസം എന്നിവ കൂടുതലായി പ്രയോഗത്തിൽ വന്നത്. 9/11 ഭീകരാക്രമണത്തിനു ശേഷം സ്റ്റേറ്റ് ഓഫ് ദ യൂണിയനിലെ പ്രസംഗത്തിൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷ് ‘തിന്മയുടെ അച്ചുതണ്ട്’ എന്നു വിശേഷിപ്പിച്ചത് മൂന്നു രാജ്യങ്ങളെയാണ്– ഇറാൻ, ഇറാഖ്, ഉത്തര കൊറിയ. അതോടെ ആക്സിസ് ഓഫ് ഈവിൾ പ്രയോഗവും സർവസാധാരണമായി.

ട്രംപ് അധികാരത്തിലെത്തിയതിനെ തുടർന്ന് പ്രചരിച്ച വാക്കാണ് പോസ്റ്റ് ട്രൂത് അഥവാ സത്യാനന്തര ലോകം. കൊവിഡിനു മുമ്പുള്ള ലോകമായിരിക്കില്ല അതിനുശേഷമുള്ള  ലോകം. ശാക്തിക ചേരികളിൽ കാര്യമായ മാറ്റം ലോകക്രമത്തിൽ ഉണ്ടാവും. സാങ്കേതികവിദ്യ പാടെ മാറും. ബിസിനസ് മേഖലയിലെ പല വമ്പന്മാരും തകർന്നടിയും. എന്നാൽ, ഏറെ കുഞ്ഞന്മാർ സമ്പന്നരാകുകയും പുതുവിപണികൾ കണ്ടെത്തുകയും ചെയ്യും. ചെറിയ ഉദാഹരണമാണ് സാനിറ്റൈസർ. ഇനിയത് ഒരു ശീലവും ഇതിനു വലിയൊരു കമ്പോളം ഉണ്ടാകുകയും ചെയ്യും. സാമ്പത്തികം എന്നതിന്റെ പര്യായമായ ബാങ്കിങ് രംഗം ഏതാണ്ട് പൂർണമായും ഓൺലൈൻ മേഖലയിലേക്ക് മാറും. ആരോഗ്യസംരക്ഷണത്തിനും ആരോഗ്യരക്ഷ സംബന്ധമായ ഉപകരണങ്ങൾ നിർമിക്കുന്ന രംഗം ഏറെ പുഷ്ടിപ്പെടുമെന്നും ഉറപ്പാണ് -വെന്റിലേറ്റർ വ്യവസായ മേഖലയുടെ കുതിച്ചുചാട്ടം നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.

പരിസ്ഥിതി രംഗത്ത് ലോക് ഡൌൺ കാലം സുവർണഘട്ടമായിരുന്നു -ലോകമെമ്പാടും. അന്തരീക്ഷ മലിനീകരണം ഏറെ കുറഞ്ഞു. ചൈനയുടെയും ഇറ്റലിയുടെയും ഭാഗങ്ങളിൽ നൈട്രജൻ ഓക്സൈഡ് എന്ന വിഷവാതകത്തിന്റെ അളവ് നന്നേ കുറഞ്ഞത് ശുഭകരമായ വാർത്തയാണ്.

വിദ്യാഭ്യാസ രംഗത്ത് വിപ്ലവം തന്നെയാണ് നടക്കാൻ പോവുന്നത്. ഓൺലൈൻ ക്ലാസ് റൂമുകൾ വളരെ പ്രചാരത്തിൽ ആയി കഴിഞ്ഞിരിക്കുന്നു. അച്ചടിച്ച പാഠപുസ്തകത്തിന്റെ സ്ഥാനത്ത് പാഠഭാഗങ്ങൾ ഡൌൺ ലോഡ് ചെയ്തെടുക്കുന്നതു ന്യൂ നോർമൽ ആയി കഴിഞ്ഞിരിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ സെമിനാറുകൾ, കോൺഫറസുകൾ, വർക്ഷോപ്പുകൾ എല്ലാം തന്നെ സൂമിലേക്കു മാറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ചെലവ് കുറവ്, സുതാര്യത, സാർവ്വജനികം എന്നീ മെച്ചങ്ങളും ഇതുമൂലമുണ്ട്.
 
ഇന്ധനോപയോഗം കൊവിഡ് കുറക്കും. ഉൽപ്പാദനത്തിൽ ഇടിവ് സംഭവിക്കാത്തതും സംഭരണം പരിധിവിട്ടതുമാണ് അസംസ്‌കൃത ഓയിൽ വില പൂജ്യം ഡോളറിനും താഴേക്ക് പോവാൻ കാരണം. 2008 -ൽ റെക്കോർഡ് തുകയായ 148 ഡോളറിലേക്ക് ക്രൂഡ് വില ബാരലിന് എത്തിയതാണെന്നു ഓർക്കണം.

‘കരുത്തുറ്റ നേതൃത്വ’ത്തെപ്പറ്റി മേനിനടിക്കാതിരുന്ന കുറെ രാഷ്ട്രനായികമാർ (ജർമനി, ന്യൂസിലൻഡ്, തായ്വാൻ, ഐസ്ലൻഡ്, ഫിൻലൻഡ്, ഡെന്മാർക് എന്നിവയുടെ വനിതാ നേതൃത്വങ്ങൾ) വലിയ ബഹളമില്ലാതെ, എന്നാൽ നല്ല കാര്യക്ഷമത പുലർത്തി പ്രവർത്തിക്കുന്നതും കൊവിഡ് കാലം കണ്ടു. എന്നാൽ, കരുത്തർ എന്ന് സ്വയം മേനി നടിച്ചിരുന്ന ചൈന, യു.എസ്, ബ്രസീൽ നേതാക്കന്മാർ ചെറുതോ വലുതോ ആയ അളവിൽ അന്തിച്ചുനിന്നതും ലോകം കണ്ടു.

കൊവിഡ് മരണ നിരക്കിൽ അമേരിക്കയല്ല ചൈനയാണ് ഒന്നാമതെന്ന് ട്രംപ് തർക്കിക്കുന്നുണ്ട്. എന്നാൽ, ഇതിന്റെ പ്രഭവസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന ചൈന സാധാരണനിലയിലേക്കു മടങ്ങുമ്പോഴും അമേരിക്ക പകച്ചു നിൽക്കുകയാണ്. ബ്രിട്ടനും സ്പെയിനും ഇറ്റലിയും ഫ്രാൻസും ആശ്വാസത്തിൻറ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിട്ടില്ല. ഇറാന്റെയും സൗദിയുടയും സ്ഥിതിയും തഥൈവ.

ഏതായാലും ട്രംപ് പറഞ്ഞ വുഹാൻ വൈറസ് താണ്ഡവം തുടരുക തന്നെയാണ്. ഇറ്റാലിയൻ ചിന്തകനായ  ജിയോർജിയോ അഗംബൻ State of Exception– അനിതര സാധാരണമായ സാഹചര്യം- എന്നാണ് ഈ പുതുക്രമത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പുതിയ സാഹചര്യത്തിൽ ഭരണകൂടത്തിനോ ഭരണകര്‍ത്താവിനോ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രതിസന്ധിയുടെ പേരില്‍ അമിതാധികാരങ്ങള്‍ കൈക്കൊള്ളാൻ അനിതര സാധാരണമായ സാഹചര്യം അവസരമൊരുക്കുന്നു -ലോകത്തും ഇന്ത്യയിലും കേരളത്തിലുമെല്ലാം.

ജാതി-മത ഭേദമില്ലാതെ, പണക്കാരനും പാവപ്പെട്ടവനുമെന്ന ഭേദമില്ലാതെ കൊറോണ വൈറസ്‌ എല്ലാവരെയും ബാധിക്കുന്ന കാലത്ത്‌ ഏവരും ഉറ്റുനോക്കുന്നത്‌ ഡോക്ടർമാരും നേഴ്‌സുമാരും ആംബുലൻസ്‌‌ ഡ്രൈവർമാരും ലാബ്‌ടെക്‌നീഷ്യന്മാരും ശുചീകരണത്തൊഴിലാളികളും അടങ്ങുന്ന ആരോഗ്യപ്രവർത്തകരിലേക്കാണ്‌. ലോകത്തിനു മനുഷ്യവിഭവം ഏറ്റവും കയറ്റി അയക്കുന്ന ഇന്ത്യക്ക് ഈ മേഖലയിൽ ഏറെ നേട്ടം കൊയ്യാൻ സാധിക്കും. രാഷ്ട്രങ്ങളുടെ വാർഷിക ബജറ്റ്‌ പരിശോധിച്ചാൽ ഏറ്റവും കൂടുതൽ തുക വകയിരുത്തുന്നതും പ്രതിരോധ ആവശ്യങ്ങൾക്കാണെന്നു കാണാം. എന്നാൽ, ഇനിയത് ആരോഗ്യ മേഖലയിലേക്ക് മാറുമെന്നതിൽ സംശയം ഇല്ല. ഇന്ത്യയുടെ കാര്യം തന്നെയെടുത്താൽ, നടപ്പുസാമ്പത്തികവർഷത്തെ കണക്കെടുത്ത്‌ പരിശോധിച്ചാൽ തന്നെ 3.37 ലക്ഷം കോടി രൂപയാണ്‌ പ്രതിരോധമേഖലയ്‌ക്ക്‌ നീക്കിവച്ച തുക. എന്നാൽ, ആരോഗ്യമേഖലയ്‌ക്ക്‌ അതിന്റെ അഞ്ചിലൊന്ന്‌ തുക മാത്രമാണ്‌ നീക്കിവച്ചിട്ടുള്ളത്. ഇതിൽ സാരമായ മാറ്റം ഉണ്ടായേ തീരു. നടപ്പുസാമ്പത്തികവർഷം 67,484 കോടി രൂപ മാത്രമാണ്‌ ആരോഗ്യമേഖലയ്‌ക്കുള്ള നീക്കിയിരിപ്പ്‌. അതിന്റെ അഞ്ചിരട്ടിയാണ്‌ പ്രതിരോധ ബജറ്റ്‌. ഇത് തിരിച്ചാണ് വരേണ്ടത്. പട്ടാളം കൊണ്ടും ആണവായുധം ഉൾപ്പെടെയുള്ള ആയുധക്കൂമ്പാരംകൊണ്ടും രാജ്യത്തെയും അവിടത്തെയും ജനങ്ങളെ രക്ഷിക്കാനാകില്ലെന്ന്‌ കൊവിഡ്‌ –-19 മനുഷ്യരാശിയെ പഠിപ്പിച്ചു. 

ആയുധംകൊണ്ട്‌ ജയിക്കാമായിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ സൈനികശക്തിയായ അമേരിക്കയിൽ ഒരു ലക്ഷത്തിനടുത്തു ആൾക്കാർ മരിക്കില്ലായിരുന്നു. ഒരു മിസൈൽവേധ ടാങ്കിനേക്കാളും മനുഷ്യരാശിയെ രക്ഷിക്കാനുള്ള കഴിവ്‌ ഒരു പ്രാഥമികാരോഗ്യകേന്ദ്രത്തിന്‌ ഉണ്ടെന്ന്‌ വൈറസ്‌ ബാധ തെളിയിച്ചു. അതുകൊണ്ടുതന്നെ രാജ്യസുരക്ഷ ആയുധം വാങ്ങിക്കൂട്ടുന്നതിൽ മാത്രമല്ല ആരോഗ്യസംവിധാനം മെച്ചപ്പെടുത്തുന്നതിൽക്കൂടിയാണെന്ന്‌ എല്ലാ ഭരണാധികാരികളും തിരിച്ചറിയേണ്ട കാലംകൂടിയാണിത്‌. ക്യൂബയും, കേരളവും ലോകത്തിനു നൽകുന്ന സന്ദേശവും അതുതന്നെയാണ്‌. 

ലോകാരോഗ്യസംഘടന 2000 -ൽ പ്രസിദ്ധീകരിച്ച ആരോഗ്യ റിപ്പോർട്ട്‌ അനുസരിച്ച്‌ മെച്ചപ്പെട്ട ആരോഗ്യസംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കുള്ള സ്ഥാനം 112 -ാമതാണ്‌. ലോകബാങ്കിന്റെ കണക്കനുസരിച്ച്‌ 1000 പേർക്ക്‌ ഇന്ത്യയിൽ 0.8 ഡോക്ടർ മാത്രമാണുള്ളത്‌. ക്യൂബയിൽ ഇത്‌ 8.2 ആണെന്ന്‌ ഓർക്കണം. ആശുപത്രി ബെഡുകളുടെ കാര്യത്തിലും ഇന്ത്യ വളരെ പിറകിലാണ്‌. ആരോഗ്യമേഖലയ്‌ക്ക്‌ കേന്ദ്രസർക്കാർ തന്നെ പ്രഖ്യാപിച്ച ജിഡിപിയുടെ 2.5 ശതമാനമെങ്കിലും അനുവദിക്കാനും പ്രാഥമികാരോഗ്യമേഖല ശക്തിപ്പെടുത്താനും നടപടികളുണ്ടാകണം. പ്രതിരോധ ബജറ്റിനൊപ്പമോ അതിലേറെയോ പ്രാധാന്യം ജനങ്ങളുടെ ആരോഗ്യസുരക്ഷയ്‌ക്ക്‌ നൽകാൻ ഇനിയെങ്കിലും കേന്ദ്രസർക്കാർ തയ്യാറാകണം. ആരോഗ്യമുള്ള ജനതയാണ്‌ രാജ്യസുരക്ഷയുടെ അടിത്തറയെന്ന്‌ ഇനിയെങ്കിലും മനസ്സിലാക്കാൻ ഭരണാധികാരികൾ തയ്യാറാകണം. അതാണ് കൊറോണ നമുക്ക് നൽകുന്ന പാഠം. കൊവിഡ്‌ തുറന്നിടുന്ന പുതിയ അവസരങ്ങളെ പ്രയോജനപ്പെടുത്തുന്നതിലും നമുക്ക് മുന്നിലെത്തേണ്ടതുണ്ട്. മെഡിക്കൽ ഉപകരണ നിർമാണവും പിപിഇ കിറ്റ്‌ നിർമാണവും മുഖാവരണ നിർമാണവും വെന്റിലേറ്റർ നിർമാണവുമൊക്കെ ഏറെ സാധ്യതകൾ മുൻപോട്ടു വയ്ക്കുന്നുണ്ട്. മനുഷ്യത്വത്തിലൂന്നിയ ഈ സാർവ ദേശീയതയാണ് ഇനിയുള്ള കാലം നമ്മെ നയിക്കേണ്ടത്.

കൊറോണ എന്ന മഹാമാരി ഓരോരോ രാജ്യങ്ങളുടെ കഴിവും കഴിവുകേടും തുറന്നു കാണിച്ചു. പുതിയ തൊഴിലുകൾ സൃഷ്ടിയ്ക്കപ്പെടേണ്ടത് ഒരു ജനതയുടെ മുഴുവനും ആവശ്യമായി മാറിയിരിക്കുന്നു. അഭ്യസ്തവിദ്യരും അല്ലാത്തവരുമായി ഒരു വലിയ സമൂഹം തിരികെ വരികയാണ്. വന്നവർക്കു ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവുമോ എന്നുറപ്പില്ല. പഴയ ജീവിത നിലവാരം കാത്തുസൂക്ഷിയ്ക്കുവാൻ കഴിയുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്തേണ്ടിയിരിയ്ക്കുന്നു. പുതിയ നയങ്ങൾ രൂപപ്പെടേണ്ടിയിരിയ്ക്കുന്നു. UAE ഒഴികെ ഉള്ള ജിസിസി രാജ്യങ്ങൾക്കൊന്നും എണ്ണ ഇതര എക്കണോമിയിലേക്കു മാറാൻ കാര്യമായി സാധിച്ചിട്ടില്ല. UAE ഭാവിയിൽ വലിയ തോതിൽ ആശ്രയിക്കാൻ പറ്റുന്ന ഒരു തൊഴിൽ വിപണി ആയിരിക്കും എന്ന് തോന്നുന്നില്ല. ഗൾഫിന്റെ പ്രതാപം ഏതാണ്ട് അവസാനിച്ചു എന്നാണ് തോന്നുന്നത്. അതിനർത്ഥം ഗൾഫ് ദരിദ്രമാകും എന്നല്ല പക്ഷെ പണ്ടത്തെ പോലെ ഒരു ജോബ് മാർക്കറ്റ് ആയിരിക്കില്ല. തൊഴിൽ നഷ്ടമായ അന്യരാജ്യ തൊഴിലാളികൾ പോയാലേ ഗൾഫിനും പിടിച്ചു നിൽക്കാൻ പറ്റൂ. അത് ഏറ്റവും ബാധിക്കുന്നതു മലയാളികളെയും.

കൊറോണാനന്തര ലോകം (Post Corona Era) ഭൗമ രാഷ്ട്രീയത്തെ സമഗ്രമായി മാറ്റി പണിയും. ഒന്നുറപ്പാണ്, 6378 -ലധികം കിലോമീറ്റർ വിസ്തൃതിയുള്ള  ഭൂമിയുടെ കരയും കടലും കീഴടക്കിയ മനുഷ്യൻ ഏതാനും നാനോമീറ്റർ മാത്രം വലിപ്പമുള്ള കീടത്തിനുമുന്നിൽ ചൂളിനിൽക്കുകയാണ്.