രണ്ട് ധ്രുവങ്ങളിലെ ഹിമപാളികൾ ഉരുകി ഉരുകി കര മുഴുവൻ വിഴുങ്ങാൻ പോന്ന സംഹാരശേഷി സമുദ്രങ്ങൾക്കുണ്ടാവുമോ, ഓസോൺ പാളിയിലെ സുഷിരം വലുതായി വലുതായി സൂര്യകിരണങ്ങളുടെ ക്രോധാഗ്നി നമ്മെ പൊള്ളിക്കുമോ തുടങ്ങി തൊട്ടുമുന്നിൽ ശാന്തയായി ഒഴുകുന്ന നദിയിലെ വെള്ളം എപ്പോൾ കയറിവരുമെന്നതു വരെയുള്ള ആശങ്കകൾ മാറ്റിവെക്കാം. നമ്മൾ ഒന്ന് കരുതിയാൽ മതി. 

ജൂൺ അഞ്ച് ലോകപരിസ്ഥിതിദിനമായി ആചരിക്കാൻ UN തീരുമാനിച്ചത് 1972 -ലാണ്. 1974 മുതൽ ദിനാചരണം തുടങ്ങി. ഇക്കുറി ലോകപരിസ്ഥിതി ദിനാചരണത്തിന് ആതിഥ്യം വഹിക്കുന്ന രാജ്യം സ്വീഡനാണ്. 'ഒരൊറ്റ ഭൂമി' എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.

ലോകത്ത് പരിസ്ഥിതിദിനാചരണം നടക്കട്ടെ, നമുക്കെന്ത് കാര്യം എന്ന വിചാരം മാറ്റുന്നിടത്താണ് നമ്മൾ ഓരോരുത്തരും ഉത്തരവാദിത്തബോധമുള്ളവരാവുക. ഭരണ, വികസനകാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട ഭരണാധികാരികളും ഉദ്യോഗസ്ഥരും ഭാവി കൂടി മുന്നിൽ കണ്ടുള്ള നടപടികളെടുക്കുമ്പോഴാണ് കാര്യങ്ങൾ നേരെയാവുക. മണ്ണിന്റെ സ്വഭാവം പരിഗണിക്കാത്ത, വായുവും ജലവും മലിനമാക്കുന്ന, ഭാവിയെ പറ്റി ഓർക്കാത്ത വികസനനിർമാണപദ്ധതികൾ നമുക്ക് ശേഷം ഭൂമിയിൽ ജീവിച്ചുതീർക്കേണ്ട തലമുറകൾക്ക് ഉണ്ടാക്കാവുന്ന തലവേദനകൾ ആലോചിക്കണം. പ്രശ്നങ്ങൾ ഓ‌ർക്കണം.

നമുക്ക് ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. അത്യാഗ്രഹത്താൽ ദുരമൂത്ത് ഓരോന്ന് കീഴടക്കാൻ മെനക്കെടാഞ്ഞാൽ മതി. സമാധാനത്തോടെ ജീവിക്കാം. രണ്ട് ധ്രുവങ്ങളിലെ ഹിമപാളികൾ ഉരുകി ഉരുകി കര മുഴുവൻ വിഴുങ്ങാൻ പോന്ന സംഹാരശേഷി സമുദ്രങ്ങൾക്കുണ്ടാവുമോ, ഓസോൺ പാളിയിലെ സുഷിരം വലുതായി വലുതായി സൂര്യകിരണങ്ങളുടെ ക്രോധാഗ്നി നമ്മെ പൊള്ളിക്കുമോ തുടങ്ങി തൊട്ടുമുന്നിൽ ശാന്തയായി ഒഴുകുന്ന നദിയിലെ വെള്ളം എപ്പോൾ കയറിവരുമെന്നതു വരെയുള്ള ആശങ്കകൾ മാറ്റിവെക്കാം. നമ്മൾ ഒന്ന് കരുതിയാൽ മതി. അതിന് പ്രേരിപ്പിക്കുന്ന, കണ്ണ് തുറപ്പിക്കുന്ന ചില വിവരങ്ങളാണ് ചുവടെ. 

എല്ലാവർഷവും സ്രാവുകളുടെ ആക്രമണത്തിൽ മരിക്കുന്നത് പത്തിൽതാഴെ പേർ; അതേസമയം മനുഷ്യരുടെ ആക്രമണത്തിൽ പ്രതിവർഷം ഒരു കോടി സ്രാവുകൾ കൊല്ലപ്പെടുന്നു. 
എട്ടുകാലിവലയുടെ ഒരിഴ ഒരു തലമുടിനാരിനേക്കാൾ കനംകുറഞ്ഞതാണ്. പക്ഷേ, അതേ വീതിയുള്ള ഉരുക്കിഴയേക്കാൾ അഞ്ചിരട്ടി ശക്തിയുണ്ട്.
ഒരു ജോഡി ഷൂ ഉണ്ടാക്കാൻ ഒരു ചീങ്കണ്ണിയെ കൊല്ലണം, ബൂട്ടാണ് വേണ്ടതെങ്കിൽ മൂന്നെണ്ണത്തിനെ.
ലോകത്തിനുവേണ്ട ഓക്സിജന്റെ പകുതിക്കും കടപ്പെട്ടിരിക്കുന്നത് ആമസോൺ മഴക്കാടുകൾക്കാണ്. 
മൃഗങ്ങളുടെ കൂട്ടത്തിൽ ഏറ്റവും രക്തസമ്മർദ്ദമുള്ളത് ജിറാഫിനാണ്. 
ഹിപ്പോകൾക്ക് മനുഷ്യനേക്കാൾ വേഗത്തിൽ ഓടാനാകും. 100 മീറ്റർ ഓടാൻ ഉസൈൻ ബോൾട്ടിന് വേണ്ടത് 9.58 സെക്കൻറ്; ചീറ്റക്ക് വേണ്ടത് 6.13 സെക്കന്‍റ്.
നീലഗിരി കടുവ എന്നാൽ വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ചിത്രശലഭമാണ്. 
വംശനാശഭീഷണി നേരിടുന്ന നാലിനം വേഴാമ്പലുകളും കാണപ്പെടുന്ന സ്ഥലമാണ് അതിരപ്പള്ളി വാഴച്ചാൽ വനമേഖല. 
ഭൂമിയിലെ സസ്യസമ്പത്തിന്റെ 85% കടലിന്നടിയിലാണ്.
സജീവമായ അഗ്നിപർവ്വതങ്ങളില്ലാത്ത ഏക ഭൂഖണ്ഡം ഓസ്ട്രേലിയയാണ്.
പാമ്പ് ഉൾപടെ ഒരു ഉരഗജീവിയുമില്ലാത്ത ഏക ഭൂഖണ്ഡം അന്റാർട്ടിക്കയാണ്.
ജെല്ലിഫിഷിന് തലച്ചോറില്ല.
മരുഭൂമിയില്ലാത്ത ഏക ഭൂഖണ്ഡം യൂറോപ്പാണ്.
ഓന്തുകളുടെ നാക്കിന് ശരീരത്തിന്റെ ഇരട്ടി നീളമുണ്ട്.
പോളാ‍ർ കരടിക്കുള്ളത് വെള്ളരോമക്കുപ്പായമാണ്, പക്ഷേ തൊലിയുടെ നിറം കറുപ്പാണ്.
പൂമ്പാറ്റകൾ രുചി അറിയുന്നത് കാലുകൊണ്ടാണ്.
ഡോൾഫിനുകളുടെ ലോകത്ത് എല്ലാവ‍ർക്കും പേരുണ്ട്.
കടൽക്കുതിരകൾക്ക് ഒറ്റ പങ്കാളിയേ ഉണ്ടാകൂ, അവർ പരസ്പരം വാലുകൾ കോ‍ർത്തേ യാത്ര ചെയ്യൂ.
ബെൽജിയത്തിൽ സ്ട്രോബറികൾക്ക് മാത്രമായി മ്യൂസിയമുണ്ട്.
കടുവക്ക് ടൈഗർ എന്ന് പേരിട്ടത് റോമാക്കാരാണ്. പേരുണ്ടായത് വേഗം എന്നർത്ഥമുള്ള ടൈഗ്രാ എന്ന പേർഷ്യൻപദത്തിൽ നിന്ന്.
ഒരു സീബ്രയുടെ വരയും മറ്റൊരു സീബ്രയുടേതു പോലെയല്ല. നായയുടെ മൂക്കടയാളവും വ്യത്യസ്തമാണ്. ഓരോ ചിലന്തി കെട്ടുന്ന വലയും ഒന്നിനൊന്ന് വ്യത്യസ്തമാണ്.
നീരാളികൾക്ക് മൂന്നു ഹൃദയങ്ങളുണ്ട്.
ലോകത്ത് ഒരുമിനിറ്റിൽ നൂറ് ഏക്കർ എന്ന കണക്കിൽ മഴക്കാടുകൾ ഇല്ലാതാക്കപ്പെടുന്നു.
പ്രതിദിനം അമേരിക്കൻ വാണിജ്യലോകത്ത് ഉത്പാദിക്കപ്പെടുന്ന കടലാസുകൊണ്ട് ഭൂമിയെ 20 തവണ ചുറ്റാം.
ഹമ്മിങ് പക്ഷികൾക്ക് മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും പറക്കാൻ കഴിയും. 
ആയിരം പേര്‍ക്ക് ശ്വസിക്കാനുള്ള ശുദ്ധവായുവിന് ചുരുങ്ങിയത് രണ്ട് ഹെക്ടർ വനമെങ്കിലും വേണം.
25 മരങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ഒരു ടൺ കാര്‍ബണ്‍ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നു.