Asianet News MalayalamAsianet News Malayalam

മാധ്യമ സ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ ഇന്ത്യ വീണ്ടും താഴേക്ക്; കഴിഞ്ഞവര്‍ഷം ഇവിടെ കൊല്ലപ്പെട്ടത് അഞ്ച് മാധ്യമപ്രവര്‍ത്തകര്‍

ഇന്ത്യയില്‍ കഴിഞ്ഞ കാലങ്ങളില്‍ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയ നിരവധി പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അസഹിഷ്ണുതയുടെ ഇരകളായിരുന്നു. ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള തുറന്നെഴുത്തുകളാണ് അവരുടെ ജീവന്‍ അപകടത്തിലാക്കിയത്. 

world press freedom day
Author
Thiruvananthapuram, First Published May 3, 2019, 1:01 PM IST

ഇന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനമാണ്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശപ്രകാരം 1993  മുതല്‍ എല്ലാ വര്‍ഷവും മെയ് 3 -നാണ് ഈ ദിനം ആഘോഷിക്കപ്പെടുന്നത്. വാര്‍ത്തകള്‍ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്ത ജനങ്ങളിലേക്ക് എത്തിക്കുക എന്ന പ്രവൃത്തിക്കിടെ കൊല ചെയ്യപ്പെടുന്ന റിപ്പോര്‍ട്ടര്‍മാരുടെയും, സത്യം ജനങ്ങളിലേക്കെത്തിച്ചു എന്നതിന്റെ പേരില്‍ ജയില്‍വാസം അനുഷ്ഠിക്കേണ്ടി വന്ന മറ്റു പത്രപ്രവര്‍ത്തകരോടുമുള്ള  ആദരസൂചകമായിട്ടാണ് ഈ ദിനം ആചരിക്കുന്നത്. 'മാധ്യമങ്ങള്‍ ജനാധിപത്യത്തിന് വേണ്ടി - അസത്യപ്രചാരണങ്ങളുടെ കാലത്തെ തെരഞ്ഞെടുപ്പുകളില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ധര്‍മ്മം' എന്നതാണ് ഇത്തവണത്തെ മുഖ്യ വിഷയം. എത്യോപ്യയിലെ ആഡിസ് അബാബയിലാണ് ഇത്തവണത്തെ പ്രധാന ആഘോഷം നടക്കുക. 

ലോകത്തിന്റെ പലഭാഗത്തുമായി റിപ്പോര്‍ട്ടിങ് വേളയില്‍ അവിചാരിതമായും, ബോധപൂര്‍വമായും ആക്രമണങ്ങള്‍ക്കിരയായി നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ പൊലിയാറുണ്ട്.  2019 -ല്‍ ഇതുവരെ കൊല്ലപ്പെട്ടത് അഞ്ച്  മാധ്യമപ്രവര്‍ത്തകരാണെന്ന് 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേര്‍ണലിസ്റ്റ്‌സ്' എന്ന അന്താരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതില്‍ അയര്‍ലണ്ടില്‍ ന്യൂ ഐആര്‍എ പ്രകടനങ്ങള്‍ക്കിടെ അലക്ഷ്യമായി പാഞ്ഞുവന്ന ഒരു വെടിയുണ്ടയ്ക്കിരയായി മരിച്ച യുവ ലേഖക ലൈറാ മക്കിയും ഉള്‍പ്പെടും. 2018 -ല്‍ ആകെ 54  ജേര്‍ണലിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നതില്‍ അഞ്ചുപേര്‍ ഇന്ത്യയില്‍ നിന്നായിരുന്നു. 

ലോക പ്രസ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥാനം ഓരോ വര്‍ഷവും താഴേക്ക്  പോവുകയാണ്. ഈ വര്‍ഷവും അത് രണ്ടു പടി താഴേക്കിറങ്ങി, 140 -ല്‍ എത്തി. പാരീസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്സ് സാന്‍സ് ഫ്രോന്റിയേഴ്സ് ആണ്  വര്‍ഷാവര്‍ഷം ഈ ഇന്‍ഡക്‌സ് പ്രഖ്യാപിക്കുന്നത്. നോര്‍വേയാണ് ഈ ഇന്‍ഡക്‌സ് പ്രകാരം മാധ്യമസ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ള രാജ്യം. 

world press freedom day

ഇന്ത്യയില്‍ കഴിഞ്ഞ കാലങ്ങളില്‍ നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, ഗൗരി ലങ്കേഷ് തുടങ്ങിയ നിരവധി പത്രപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും അസഹിഷ്ണുതയുടെ ഇരകളായിരുന്നു. ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരെയുള്ള തുറന്നെഴുത്തുകളാണ് അവരുടെ ജീവന്‍ അപകടത്തിലാക്കിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പലയിടത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അക്രമണങ്ങളുണ്ടായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയ്ക്കെതിരെ റിപ്പോര്‍ട്ട് ചെയ്യുന്നവരെ പലരെയും രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തുന്ന പ്രവണതയും വര്‍ധിച്ചു വരികയാണ്. റഫാല്‍ വിഷയത്തില്‍ 'ദി ഹിന്ദു' പത്രത്തിനെതിരെ നടന്ന രാജ്യദ്രോഹ- രഹസ്യവിവരമോഷണ ആരോപണങ്ങള്‍ ഉദാഹരണമാണ്. 

ഹര്‍ത്താലുകളും മറ്റും റിപ്പോര്‍ട്ട് ചെയ്യാന്‍ ഫീല്‍ഡില്‍ പോവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം കേരളത്തിലും ആക്രമണങ്ങളുണ്ടായി. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടു നടന്ന ഹര്‍ത്താലുകളില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. 

മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടാവുന്ന ഇത്തരം ആക്രമണങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന്റെ ബലക്കുറവിനെയാണ് കാണിക്കുന്നത്. ഒരു രാജ്യത്തിന്റെ, അല്ലെങ്കില്‍ സംസ്ഥാനത്തിന്റെ പൊതുവെയുള്ള ക്രമസമാധാനത്തകര്‍ച്ച കൂടി ഇത് സൂചിപ്പിക്കുന്നു.  ഇത്തരത്തില്‍ ആക്രമണം നടത്തുന്നവരെ പിടികൂടി, വിചാരണ ചെയ്ത് അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കുന്നതില്‍ ഭരണകൂടങ്ങള്‍ കാണിക്കുന്ന കുറ്റകരമായ അനാസ്ഥ അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനമായി മാറുന്നു 

സത്യം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ നിര്‍ഭയമായി നിരന്തരം പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പരിരക്ഷിക്കേണ്ട ചുമതല നമ്മുടെ ജനാധിപത്യ ഭരണകൂടങ്ങള്‍ക്കുണ്ട്. അത് സാധ്യമായെങ്കില്‍ മാത്രമേ നിഷ്പക്ഷവും നിര്‍ഭയവുമായ റിപ്പോര്‍ട്ടിങ്ങിന് നിലനില്‍പ്പുണ്ടാകൂ. 

അക്രമികളിലൊരാള്‍ പിറകിലൂടെ വന്ന് അടക്കം പിടിച്ചു, പക്ഷെ, ഞാനിവിടെത്തന്നെ കാണും; വൈറല്‍ ചിത്രത്തിലെ ആ ക്യാമറാ വുമണ്‍ പറയുന്നു

Follow Us:
Download App:
  • android
  • ios