Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പൂച്ച ഇനി ഫ്ലോസി, വയസ് 26

 നിലവില്‍ പ്രായാധിക്യം കാരണം ഫ്ലോസിയ്ക്ക് കാഴ്ച കുറവാണ്. ചെവിയും പതുക്കെയാണ്. 

 

worlds oldest cat is Flossie get Guinness World Records
Author
First Published Nov 25, 2022, 12:20 PM IST


ലോകത്തിലെ ഏറ്റവും പ്രായമേറിയ പൂച്ച എന്ന പദവി ഇനി ബ്രിട്ടനിലെ ഫ്ലോസി എന്ന പൂച്ചയ്ക്ക്. തെക്ക്-കിഴക്കൻ ലണ്ടന്‍ നഗരമായ ഓർപിംഗ്ടണിലെ താമസക്കാരിയാണ് 26 കാരിയായ ഫ്ലോസി. ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന പദവി ഫ്ലോസിക്ക് നല്‍കിയത് ഗിന്നസ് വേൾഡ് റെക്കോർഡ്സാണ് അവൾക്ക് മനുഷ്യന്‍റെ 120 വയസ്സിന് തുല്യമായ പ്രായമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.

പൂച്ചകളുടെ പുനരധിവാസ പദ്ധതി പ്രകാരം ഫ്ലോസിയെ പുനരധിവസിപ്പിച്ചതിന് ശേഷം അവളെ അതിശയകരമായ പൂച്ചയെന്നാണ് ഉടമ വിക്കി ഗ്രീന്‍ വിശേഷിപ്പിച്ചത്. നിലവില്‍ പ്രായാധിക്യം കാരണം ഫ്ലോസിയ്ക്ക് കാഴ്ച കുറവാണ്. ചെവിയും പതുക്കെയാണ്. എന്നാല്‍ അവള്‍ എപ്പോഴും വത്സല്യത്തോടെ കളിയും ചിരിയുമായി ഇരിക്കുന്നെന്നും വിക്കി കൂട്ടിച്ചേര്‍ക്കുന്നു. 

“ഫ്ലോസി ഒരു പ്രത്യേക പൂച്ചയാണെന്ന് എനിക്ക് ആദ്യം മുതൽ അറിയാമായിരുന്നു,” ഗ്രീൻ തന്‍റെ വളര്‍ത്ത് പൂച്ചയോടുള്ള ഇഷ്ടം മറച്ച് വയ്ക്കാതെ പറയുന്നു. എന്നാൽ, ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി അവള്‍ എന്‍റെ വീട് പങ്കിടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗ്രീന്‍ കൂട്ടിചേര്‍ത്തു. അവള്‍ക്ക് ഇത്രയേറെ പ്രായമുണ്ടെന്ന് ഒര്‍ക്കുമ്പോള്‍ അവളോട് പ്രത്യേക ഇഷ്ടം തോന്നുമെന്നും ഏറെ വാത്സ്യലും കളിയും അവളുടെ പ്രത്യേകതയാണെന്നും ഗ്രീന്‍ പറയുന്നു. 

 

മെർസിസൈഡ് ആശുപത്രിക്ക് സമീപമുള്ള പൂച്ചകളെ സംരക്ഷിക്കുന്ന സ്ഥലത്ത് ഫ്ലോസി താമസിച്ചിരുന്നതായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറഞ്ഞു. അവിടെ വച്ച് രണ്ട് തൊഴിലാളികൾക്ക് അവളോട് സ്നേഹം തോന്നുകയും അവര്‍ ഇരുവരും ഓരോ പൂച്ചകളെ വളര്‍ത്തുകയും ചെയ്തിരുന്നു. ഫ്ലോസിയുടെ ഉടമയായ തൊഴിലാളി സ്ത്രീ മരിക്കുന്നത് വരെ അവരൊരുമിച്ചായിരുന്നു. തുടര്‍ന്ന് അവരുടെ സഹോദരി ഫ്ലോസിയെ ഏറ്റെടുത്തു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അവരും മരിച്ചു. തുടര്‍ന്നാണ് വിക്കി ഗ്രീന്‍ , ഫ്ലോസിയെ ഏറ്റെടുക്കുന്നതെന്നും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അവകാശപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios